| Saturday, 21st April 2012, 2:50 pm

ഉമ്മന്‍ചാണ്ടിക്ക് വഴിയൊരുക്കിയത് ലീഗെന്ന് മജീദ്; മജീദ് ബഷീര്‍ കഥാപാത്രമെന്ന് ആര്യാടന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: എല്ലാ അവഹേളനവും സഹിച്ച് എക്കാലവും മുസ്‌ലിം ലീഗ് മുന്നണിയില്‍ തുടരുമെന്ന് ആരും കരുതേണ്ടെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ഉമ്മന്‍ചാണ്ടിക്ക് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വഴിയൊരുക്കിയത് ലീഗാണ്. ലീഗിന്റെ വിട്ടുവീഴ്ചയാണ് ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിയാക്കിയത്. യു.ഡി.എഫിനെ ശക്തിപ്പെടുത്താന്‍ ഏറെ ത്യാഗം സഹിച്ച പാര്‍ട്ടിയാണ് ലീഗ്.

സര്‍ക്കാര്‍ രൂപീകരണ സമയത്ത് മറ്റുള്ളവര്‍ സ്പീക്കര്‍, ചീഫ് വിപ്പ്, ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനങ്ങളെച്ചൊല്ലി തര്‍ക്കിച്ചപ്പോള്‍ സര്‍ക്കാര്‍ രൂപീകരിക്കുകയാണ് ആദ്യം വേണ്ടതെന്ന് പറഞ്ഞ് അതിന് മുന്‍കയ്യെടുത്തത് ലീഗ് ആണ്. എല്ലാ അവഗണനയും സഹിച്ച് എക്കാലവും മുന്നണിയില്‍ തുടരുമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് പാര്‍ട്ടി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മജീദ്.

അതേസമയം മുസ് ലിം ലീഗിന് ശക്തമായ മറുപടിയുമായി ആര്യാടന്‍ മുഹമ്മദ് രംഗത്തെത്തി. ” കേരളം ഉണ്ടാക്കിയത് ഞങ്ങളാണെന്നൊന്നും പറഞ്ഞില്ലല്ലോ?. അതു തന്നെ വലിയ കാര്യം. ബഷീര്‍ ജീവിച്ചിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ ഒരു കഥാപാത്രത്തിന്റെ പേര് മജീദിന് യോജിക്കുമായിരുന്നു. അപമാനം സഹിച്ച് മജീദ് ആരും മുന്നണിയില്‍ തുടരില്ല.

കേരളത്തിലെ ചില മാലിന്യങ്ങള്‍ നീക്കം ചെയ്യുകയാണ് അലിയുടെ ജോലിയെന്ന ഹൈദരലി തങ്ങളുടെ പ്രസ്താവന ചൂണ്ടിക്കാണിച്ചപ്പോള്‍ മറ്റാര്‍ക്കും അത് ചെയ്യാന്‍ കഴിയില്ലെങ്കില്‍ നമ്മള്‍ എന്തു ചെയ്യുമെന്ന് ആര്യാടന്‍ ചോദിച്ചു. മാലിന്യം നീക്കം ചെയ്യാന്‍ അലിയുടെ മുന്‍ഗാമികള്‍ക്കൊന്നും കഴിഞ്ഞില്ലെന്നാണല്ലോ പറയുന്നത്. അതിനൊന്നും ഞാന്‍ മറുപടി പറയുന്നില്ല”- ആര്യാടന്‍ വ്യക്തമാക്കി.

നേരത്തെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ ലീഗ് വിമര്‍ശകര്‍ക്കെതിരെ ശക്തമായി രംഗത്തുവന്നിരുന്നു. ലീഗിനെതിരെ ചിലര്‍ പകര്‍ച്ചവ്യാധി പിടിപെട്ട പോലെ പെരുമാറുകയാണെന്നാണ് അദ്ദേഹം വിമര്‍ശിച്ചത്. ഈ രോഗം ചികിത്സിക്കാനുള്ള നിയോഗമാണ് മുസ്‌ലിം ലീഗിനുള്ളതെന്നും മലപ്പുറം ലീഗ് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് തങ്ങള്‍ പറഞ്ഞു.

” ലീഗിനെതിരെ പകര്‍ച്ച വ്യാധി പിടിപെട്ട പോലെയാണ് ചിലര്‍ പെരുമാറുന്നത്. ഈ രോഗം മാറ്റുകയാണ് ലീഗിന്റെ നിയോഗം. അഞ്ചാം മന്ത്രി ലീഗിന്റെ ന്യായമായ ആവശ്യമാണ്. അതില്‍ ആരും വേവലാതിപ്പെട്ടിട്ട് കാര്യമില്ല. ചില മാലിന്യങ്ങള്‍ കേരളത്തിന്റെ പല ഭാഗങ്ങളിലും അടിഞ്ഞുകൂടിയിട്ടുണ്ട്. അത് മാറ്റുകയാണ് മന്ത്രി അലിയുടെ ജോലി”- ഇതായിരുന്നു തങ്ങളുടെ പ്രസ്താവന.

Malayalam News

Kerala News in English

We use cookies to give you the best possible experience. Learn more