കോഴിക്കോട്: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ രാമക്ഷേത്ര നിര്‍മാണത്തെ അനുകൂലിച്ചുള്ള നിലപാടില്‍ എതിര്‍പ്പ് രണ്ട് വരിയില്‍ ഒതുക്കി മുസ്‌ലിം ലീഗ് ദേശീയ നിര്‍വാഹക സമിതിയോഗം. നിലപാടില്‍ എതിര്‍പ്പ് അറിയിച്ച് പ്രമേയം പാസ്സാക്കി.
യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം നേതാക്കള്‍ അറിയിച്ചത്. പ്രിയങ്കയുടെ നിലപാട് അനവസരത്തിലുള്ളതാണ് എന്ന് മാത്രമാണ് ലീഗ് പ്രമേയത്തില്‍ പറയുന്നത്.
പരാമര്‍ശത്തില്‍ എതിര്‍പ്പ് എന്നതല്ലാതെ പ്രതിഷേധമോ മറ്റ് കാര്യങ്ങളോ ഒന്നുംതന്നെ പ്രമേയത്തില്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്. പ്രിയങ്കയോട് പ്രസ്താവന പിന്‍വലിക്കണം എന്ന് ആവശ്യപ്പെടുമോ എന്ന ചോദ്യത്തില്‍ നിന്നും ലീഗ് നേതാക്കള്‍ ഒഴിഞ്ഞുമാറി.
അയോധ്യ വിഷയത്തില്‍ ലീഗ് കോടതി വിധിയെ സ്വഗതം ചെയ്തില്ലെന്നും, സാമുദായിക ഐക്യം തകരാതെ നോക്കുകയാണ് ഉണ്ടായതെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ഇ.ടി മുഹമ്മദ് ബഷീര്‍, കെ.പി.എ മജീദ്, എം.കെ മുനീര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
അയോധ്യയില്‍ രാമക്ഷേത്രത്തിന് തറക്കല്ലിടുന്നതിനെ പിന്തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളടക്കം രംഗത്തെത്തിയത് വലിയ വിവാദങ്ങള്‍ക്ക് വഴിതുറന്നിരുന്നു.
പ്രിയങ്കാ ഗാന്ധി ‘ഭൂമി പൂജ’യ്ക്ക് ആശംസയുമായി എത്തിയിരുന്നു. ഭൂമി പൂജയ്ക്ക് ശേഷം രാമനെക്കുറിച്ച് പറഞ്ഞ് രാഹുലും ട്വീറ്റ് ചെയ്തിരുന്നു.
ദേശീയ ഐക്യം ഊട്ടിയുറപ്പിക്കുന്ന ചടങ്ങായി ഭൂമിപൂജ മാറട്ടെയെന്ന് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചിരുന്നു.
‘ലാളിത്യം, ധൈര്യം, സംയമനം, ത്യാഗം, പ്രതിബദ്ധത എന്നിവയാണ് രാമന്‍ എന്ന പേരിന്റെ സാരം. രാം എല്ലാവര്‍ക്കൊപ്പവും ഉണ്ട്, എല്ലാവരിലുമുണ്ട്’, പ്രിയങ്ക പറഞ്ഞു.
രാമന്‍ അനുകമ്പയാണെന്നും ഒരിക്കലും ക്രൂരത കാണിക്കാന്‍ പറ്റില്ലെന്നും പറയുന്ന രാഹുല്‍ രാമന്‍ നീതിയാണെന്നും ഒരിക്കലും അനീതിയില്‍ പ്രത്യക്ഷപ്പെടാന്‍ സാധിക്കില്ലെന്നും പറയുന്നു.
അതേസമയം, അയോധ്യയിലെ രാമക്ഷേത്രത്തിനുള്ള പോരാട്ടം സ്വാതന്ത്ര്യസമരം പോലെയെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ