കോഴിക്കോട്: ഏക സിവില്‍ കോഡിനെതിരെ സി.പി.ഐ.എം നടത്തുന്ന സെമിനാറില്‍ പങ്കെടുക്കില്ലെന്ന് തീരുമാനിച്ച് മുസ്‌ലിം ലീഗ്. യു.ഡി.എഫില്‍ നിന്ന് ലീഗിനെ മാത്രമേ ക്ഷണിച്ചിട്ടുള്ളൂവെന്നും അതുകൊണ്ട് തന്നെ യു.ഡി.എഫിന്റെ ഏറ്റവും പ്രധാന ഘടക കക്ഷിയെന്ന നിലക്ക് ലീഗിന് സെമിനാറില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നും മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ മാധ്യങ്ങളോട് പറഞ്ഞു.
ഇന്ന് പാണക്കാട് വെച്ച് ചേര്‍ന്ന മുസ്‌ലിം ലീഗിന്റെ നേതൃയോഗത്തിലാണ് തീരുമാനമെടുത്തത്.
‘ഏക സിവില്‍ കോഡ് എല്ലാ സമുദായത്തെയും ബാധിക്കുന്ന ദേശീയ വിഷയമാണ്. ഇത് പാര്‍ലമെന്റില്‍ പാസാകാന്‍ പാടില്ലെന്നാണ് മുസ്‌ലിം ലീഗിന്റെ തീരുമാനം. രണ്ട് ദിവസം മുമ്പ് മുസ്‌ലിം സംഘടനകളുടെ യോഗം മുസ്‌ലിം ലീഗിന്റെ നേതൃത്വത്തില്‍ വിളിച്ച് ചേര്‍ത്തു.
ഇതൊരു മുസ്‌ലിം സമുദായത്തിന്റെ വിഷയമായി കാണരുതെന്നാണ് അന്ന് തീരുമാനിച്ചത്. അതിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും എല്ലാ സംഘടനയുടെയും പിന്തുണ വേണമെന്നാണ് തീരുമാനിച്ചത്.
സിവില്‍ കോഡില്‍ പലരും സെമിനാറുകളും മറ്റും നടത്തും. അതില്‍ മുസ്‌ലിം സംഘടനകള്‍ക്ക് പോകാം. പോകാതിരിക്കാമെന്നാണ് അന്ന് തീരുമാനിച്ചത്.
ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇക്കാര്യത്തില്‍ സെമിനാറുകള്‍ നടത്താന്‍ അവകാശമുണ്ട്. അതില്‍ പങ്കെടുക്കാനും പങ്കെടുക്കാതിരിക്കാനും അവകാശമുണ്ട്. ഇവിടെ മുസ്‌ലിം ലീഗ് യു.ഡി.എഫിന്റെ പ്രധാന ഘടക കക്ഷിയാണ്.
ഏക സിവില്‍ കോഡ് വിഷയത്തില്‍ രാജ്യത്ത് ശക്തമായി പ്രതികരിക്കാന്‍ സാധിക്കുക ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനാണെന്ന് നമുക്ക് അറിയാം. അവരുടെ നേതൃത്വത്തിനാണ് ഇതിന് ശക്തി നല്‍കാന്‍ സാധിക്കുകയുള്ളൂ.
അതുകൊണ്ട് തന്നെ ലീഗിന് എല്ലാവരുമായും കൂടിച്ചേര്‍ന്ന് മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കുകുള്ളൂ. പ്രത്യേകിച്ച് ഇപ്പോള്‍ സി.പി.ഐ.എം വിളിച്ചത് ലീഗിനെ മാത്രമാണ്. യു.ഡി.എഫിന്റെ മറ്റ് ഘടകകക്ഷികളെ ക്ഷണിച്ചിട്ടില്ല. ഇന്നത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ യു.ഡി.എഫിന്റെ ഏറ്റവും പ്രധാന ഘടക കക്ഷിയെന്ന നിലക്ക് മുസ്‌ലിം ലീഗിന് ഈ സെമിനാറില്‍ പങ്കെടുക്കാന്‍ സാധിക്കില്ല,’ സാദിഖലി തങ്ങള്‍ പറഞ്ഞു.
ഇന്ന് പാണക്കാട് വെച്ച് ചേര്‍ന്ന മുസ്‌ലിം ലീഗിന്റെ നേതൃയോഗത്തിലാണ് തീരുമാനം.
എന്നാല്‍ ഏക സിവില്‍ കോഡ് വിഷയത്തില്‍ സി.പി.ഐ.എമ്മുമായി സഹകരിക്കുമെന്ന് സമസ്ത കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പൗരത്വ വിഷയത്തിലേത് പോലെ തന്നെ സി.പി.ഐ.എമ്മിനൊപ്പം നില്‍ക്കുമെന്നാണ് കോഴിക്കോട് കൂടിയ സമസ്ത യോഗത്തിന് ശേഷം സമസ്ത ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രതികരിച്ചത്.
‘സിവില്‍ കോഡ് വിഷയത്തില്‍ സമസ്ത ആര് നടത്തുന്ന പരിപാടികളുമായും സഹകരിക്കും. സി.പി.ഐ.എം നടത്തുന്ന സെമിനാറില്‍ പങ്കെടുക്കും.കേരളത്തില്‍ ആര് നല്ല പ്രവര്‍ത്തനം നടത്തിയാലും അവര്‍ക്കൊപ്പമുണ്ടാകും. ഏത് പാര്‍ട്ടിക്ക് ഒപ്പവും നില്‍ക്കും,’ എന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഏക സിവില്‍ കോഡില്‍ സി.പി.ഐ.എം നടത്തുന്ന സെമിനാറില്‍ മുസ്ലിം ലീഗിന് ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് പി.എം.എ സലാമായിരുന്നു കഴിഞ്ഞ ദിവസം ലീഗിന്റെ ഭാഗത്ത് നിന്ന് വ്യക്തമാക്കിയത്.
അതേസമയം ലീഗിനെ ക്ഷണിച്ചത് രാഷ്ട്രീയപരമായല്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പറഞ്ഞിരുന്നു. ലീഗിന്റെ ശരിയായ നിലപാടിനെ എല്ലാകാലത്തും സി.പി.ഐ.എം പാര്‍ട്ടി പിന്തുണച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
content highlights: muslim league did not conduct in cpim seminar