കോഴിക്കോട്: കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുക്കാന്‍ നിര്‍ദേശം നല്‍കിയത് സര്‍ക്കാര്‍ അഭിഭാഷകനും മുസ്‌ലീം ലീഗ് നോമിനുമായ ആലിക്കോയയാണെന്ന വാര്‍ത്തക്ക് പിന്നാലെ ആലിക്കോയ എടുത്ത നിലപാടിനെ തള്ളിപ്പറഞ്ഞ് മുസ്‌ലീം ലീഗ് രംഗത്തെത്തി.
ആലിക്കോയയുടേത് വ്യക്തിപരമായ നിലപാടാണെന്ന് മുസ്ലീം ലീഗ് നേതാവ് മായിന്‍ഹാജി വ്യക്തമാക്കി. അദ്ദേഹം അഭിഭാഷകന്‍ എന്ന നിലയിലായിരിക്കും അത്തരം ഒരു നിലപാട് എടുത്തത്. കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞ സംഭവത്തില്‍ മുസ്ലീം ലീഗ് മാധ്യമങ്ങള്‍ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവര്‍ത്തര്‍ക്കെതിരായ പൊലീസ് നടപടി സര്‍ക്കാര്‍ അഭിഭാഷകന്റെ നിര്‍ദ്ദേശപ്രകാരമാണെന്നതിനുള്ള തെളിവുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ പുറത്തുവിട്ടിരുന്നു. മാധ്യമപ്രവര്‍ത്തകരെ തടയാന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പൊലീസിന് നല്‍കിയ നിര്‍ദ്ദേശത്തിന്റെ പകര്‍പ്പാണ് ചാനല്‍ പുറത്തുവിട്ടിരുന്നു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച മുസ്ലിം ലീഗ് നോമിനിയായ കെ ആലിക്കോയയാണ് മാധ്യമപ്രവര്‍ത്തകരെ തടയാന്‍ പൊലീസിനോട് ആവശ്യപ്പെട്ടത്.
ഐസ്‌ക്രീം കേസില്‍ വിഎസിന്റെ ഹര്‍ജി പരിഗണിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെയാണ് ഇന്നലെ പൊലീസ് കസ്റ്റഡിയില്‍ തടഞ്ഞുവെച്ചത്.
മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കാന്‍ താന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നില്ലെന്ന് ജില്ലാ ജഡ്ജി ഹൈക്കോടതി രജിസ്ട്രാറിനെ അറിയിച്ചിരുന്നു. എന്നാല്‍ അതിനു ശേഷം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഗവ പ്ലീഡര്‍ കെ ആലിക്കോയ ഒപ്പിട്ട നിര്‍ദ്ദേശം നല്‍കി.
രൂപേഷിനെ ഹാജരാക്കുമ്പോള്‍ കോടതിയില്‍ പ്രശ്‌നമുണ്ടാകുമോ എന്ന് ജഡ്ജി തന്നോട് ചോദിച്ചുവെന്നും താന്‍ ഇത് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റിനോട് അന്വേഷിച്ചുവെന്നുമാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്.