തിരുവനന്തപുരം: സി.പി.ഐഎമ്മിന്റെ നേതൃത്വത്തില്‍ സഹകരണ മേഖലയില്‍ ആരംഭിക്കുന്ന ഇസ്ലാമിക് ബാങ്കിംഗ് സംവിധാനം പ്രായോഗികമല്ലെന്ന് മുസ്ലീം ലീഗ്. വിഷയത്തില്‍ മുഖ്യമന്ത്രി തന്നെ ആശങ്ക പ്രകടിപ്പിച്ചത് ഇതിന്റെ ഭാഗമാണെന്നും ലീഗ് നേതാക്കളായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും കെ.പി.എ മജീദും പറഞ്ഞു.
ഹലാല്‍ ഫാഇദ എന്ന് പേരിട്ട പലിശ രഹിത ബാങ്കിങ് സ്ഥാപനത്തിനെതിരെയാണ് ലീഗ് നേതാക്കള്‍ രംഗത്തെത്തിയത്. സഹകരണ മേഖലയില്‍ ആരംഭിച്ച ബാങ്കിന്റെ ഉദ്ഘാടനം ഇന്നലെ വൈകിട്ട് കണ്ണൂര്‍ മുനിസിപ്പല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍വഹിച്ചത്.
ഇസ്ലാമിക് ബാങ്കിന് റിസര്‍വ് ബാങ്ക് അംഗീകാരം നല്‍കാത്ത സാഹചര്യത്തിലാണ് സഹകരണമേഖലയില്‍ ഇതേ തരത്തില്‍ പ്രവര്‍ത്തിക്കുന്ന കോ ഓപറേറ്റീവ് സൊസൈറ്റി സ്ഥാപിക്കപ്പെടുന്നത്. പലിശ ഉപയോഗിക്കുന്ന സാമ്പത്തിക സ്ഥാപനങ്ങളില്‍ ഇടപാടുകള്‍ നടത്താത്ത വിഭാഗത്തിന് സാമ്പാദ്യം നിക്ഷേപിക്കാന്‍ പറ്റുന്ന തരത്തിലായിരിക്കും സൊസൈറ്റിയുടെ പ്രവര്‍ത്തനം. മെമ്പര്‍മാരില്‍ നിന്ന് ഷെയര്‍ ആയും ഡിപ്പോസിറ്റായും പലിശരഹിതമായി നിക്ഷേപം സ്വീകരിച്ച് വ്യവസായ,വ്യാപാര, നിര്‍മ്മാണമേഖലകളില്‍ നിക്ഷേപം നടത്തിയാകും സൊസൈറ്റിയുടെ പ്രവര്‍ത്തനം.
നേരത്തെ ലോകത്ത് പലിശരഹിത ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരത്തല്‍ ഒന്ന് ഇവിടെ നടക്കാതെപോയത് ചില ആളുകളുടെ നിലപാടാണെന്ന് ഇസ്ലാമിക് ബാങ്കിനെ പരോക്ഷമായി പരാമര്‍ശിച്ച് മുഖ്യമന്ത്രി പറഞ്ഞിരുന്നു. വ്യവസായ വ്യാപാര മേഖലകളിലും മറ്റും നിക്ഷേപം നടത്തി പലിശ രഹിത സംഘം വിപുലമായ ഇടമാണ് നേടുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.