| Thursday, 23rd May 2019, 3:02 pm

തമിഴ്‌നാട്ടില്‍ 60,000 വോട്ടിന്റെ ലീഡ് നേടി മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി നവാസ് കനിയുടെ മുന്നേറ്റം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ തമിഴ്‌നാട്ടില്‍ അപ്രതീക്ഷിത ലീഡുമായി മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി. രാമനാഥപുരം ലോക്‌സഭ മണ്ഡലത്തില്‍ ഡി.എം.കെ-കോണ്‍ഗ്രസ് സഖ്യ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മുസ്‌ലിം ലീഗ് നേതാവ് കെ നവാസ് കനിയാണ് മുന്നേറുന്നത്.

60,000 വോട്ടിന്റെ ലീഡാണ് നവാസ് കനിയ്ക്കുള്ളത്. എ.ഐ.എ.ഡി.എം.കെ-എന്‍.ഡി.എ സഖ്യ സ്ഥാനാര്‍ത്ഥിയും എ.ഡി.എം.കെ സിറ്റിങ് എം.പിയുമായ അന്‍വര്‍ രാജയാണ് രാമനാഥപുരം മണ്ഡലത്തില്‍ നവാസിന്റെ പ്രധാന എതിരാളി.

വി.ടി.എന്‍ ആനന്ദ് (എ.എം.എം.കെ), വിജയ ഭാസ്‌ക്കര്‍ (എം.എല്‍.എം), കെ പഞ്ചാത്ചരം (ബി.എസ്.പി), ടി ഭുവനേശ്വരി ( എന്‍.ടി.കെ) എന്നിവരാണ് മണ്ഡലത്തിലെ മറ്റ് സ്ഥാനാര്‍ത്ഥികള്‍. ഏപ്രില്‍ 12നായിരുന്നു രാമനാഥപുരം ലോക്‌സഭ മണ്ഡലത്തില്‍ വോട്ടെടുപ്പ് നടന്നത്.

ബി.ജെ.പിയും മുസ്ലിം ലീഗും നേര്‍ക്കുനേര്‍ മത്സരിക്കുന്ന മണ്ഡലമാണ് രാമനാഥപുരം. ന്യൂനപക്ഷ വോട്ടുകള്‍ അധികമുള്ള രാമനാഥപുരം ഡി.എം.കെയ്ക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലമാണ്.

അതേസമയം, എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചതുപോലെ തമിഴ്‌നാട്ടില്‍ വന്‍ മുന്നേറ്റമാണ് ഡി.എം.കെ നടത്തുന്നത്. 38 മണ്ഡലങ്ങളില്‍ 37 സീറ്റില്‍ ലീഡ് നേടിയാണ് ഡി.എം.കെ സഖ്യം മുന്നേറുന്നത്.

We use cookies to give you the best possible experience. Learn more