കോഴിക്കോട്: കഴിഞ്ഞ വ്യാഴാഴ്ച മുസ്‌ലിം ലീഗ് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയ്‌ക്കെതിരെ കേസെടുത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ക്യാംപെയ്‌നുമായി ലീഗ് അണികള്‍. ‘പതിനായിരത്തില്‍ ഒന്നാമന്‍’ എന്ന കുറിപ്പോടെ റാലിയില്‍ പങ്കെടുത്ത ചിത്രങ്ങളും മൊബൈല്‍ നമ്പറും വിലാസവുമടക്കമാണ് ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധ ക്യാംപെയ്ന്‍.
മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാമും ക്യാംപെയ്‌നിന്റെ ഭാഗമായിട്ടുണ്ട്.
കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിനാണ് കണ്ടാലറിയാവുന്ന 10000 പാര്‍ട്ടി പ്രവര്‍ത്തകരേയും ലീഗ് നേതാക്കളേയും പ്രതി ചേര്‍ത്ത് പൊലീസ് കേസെടുത്തത്. കോഴിക്കോട് വെള്ളയില്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്.
അനുമതിയില്ലാതെ ജാഥ നടത്തി, ഗതാഗതം തടസപ്പെടുത്തി, തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
പരിപാടിയ്ക്കിടെ ലീഗ് നേതാക്കള്‍ മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിക്കുകയും മന്ത്രി മുഹമ്മദ് റിയാസിനെതിരെ വിദ്വേഷപരാമര്‍ശം നടത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ നവംബര്‍ 9 നാണ് സംസ്ഥാനത്തെ വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിയ്ക്ക് വിടാന്‍ തീരുമാനമായത്. ഇത് സംബന്ധിച്ചുള്ള ബില്‍ നിയമസഭ ശബ്ദവോട്ടോടെയാണ് പാസാക്കിയത്.
വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ലീഗിന്റെ നേതൃത്വത്തില്‍ മതസംഘടനകള്‍ യോഗം ചേര്‍ന്നിരുന്നു.
എന്നാല്‍ യോഗത്തില്‍ നിന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്ന കേരള മുസ്‌ലിം ജമാഅത്തും എം.ഇ.എസും വിട്ടുനിന്നു.
ഇതിന് ശേഷം പള്ളികളില്‍ സര്‍ക്കാരിനെതിരെ പ്രചരണം നടത്തണമെന്ന് ലീഗ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ നിര്‍ദേശം തള്ളിയ സമസ്ത, വിഷയത്തില്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാവുകയായിരുന്നു.