| Monday, 4th November 2019, 10:36 pm

പഞ്ചായത്ത് പ്രസിഡന്റിന് മര്‍ദ്ദനം; 15 മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: മലപ്പുറം പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റിനെ ആക്രമിച്ചെന്ന പരാതിയില്‍ 15 മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ തേഞ്ഞിപ്പലം പൊലീസ് കേസെടുത്തു. എടക്കണ്ടി ലത്തീഫ്, യുനൈസ്, യൂനുസ്, പവ്വാസ്, ഹമീദ് എന്നിവരുള്‍പ്പടെ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെയാണ് കേസ്.

മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിനാണ് അന്വേഷണ ചുമതല. ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കല്‍, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, സംഘംചേര്‍ന്ന് അക്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തി.

അച്ചടക്ക ലംഘനത്തിന്റെ പേരില്‍ ലീഗില്‍ നിന്ന് സസ്‌പെന്റ് ചെയ്ത മിഥുനയ്ക്കാണ് ഗ്രാമസഭയ്ക്കിടെ മര്‍ദ്ദനമേറ്റത്. മിഥുന തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

മിഥുന

ഞായറാഴ്ച രാവിലെ കോഴിപ്പുറം എ.എം.യു.പി. സ്‌കൂളില്‍ ചേര്‍ന്ന ഗ്രാമസഭയിലാണ് സംഭവം. മിഥുന പ്രതിനിധാനംചെയ്യുന്ന വാര്‍ഡാണിത്.

ക്വാറമില്ലെന്നും ഗ്രാമസഭ മാറ്റി വെക്കണമെന്നും പറഞ്ഞ് ലീഗ് പ്രവര്‍ത്തകര്‍ ബഹളം വച്ചു. ഗ്രാമ സഭ ചേരാന്‍ ആവാതെ വന്നതോടെ ഗ്രാമസഭ മാറ്റി വച്ചു. എന്നാല്‍ മുസ് ലിം ലീഗിനെ അറിയിക്കാത്തതുകൊണ്ടാണ് ഗ്രാമസഭ മാറ്റിവച്ചതെന്ന് മിനുട്‌സില്‍ രേഖപ്പെടുത്താന്‍ ലീഗ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

ഇത് സമ്മതിക്കാത്തതിന്റെ പേരില്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചെന്നും ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നും മിനുട്‌സ് കീറിക്കളഞ്ഞെന്നും മിഥുന പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് മിഥുനയുടെ പ്രതികരണം.

ജാതിപ്പേര് വിളിച്ച് മിഥുനയെ മേശയിലേക്ക് തള്ളിയിട്ട സംഘം ദേഹത്തുണ്ടായിരുന്ന ഷാള്‍ വലിച്ചുപറിച്ചു.  നിലത്ത് വലിച്ചിട്ട് ചവിട്ടുകയും വസ്ത്രങ്ങള്‍ വലിച്ചുകീറാന്‍ ശ്രമിക്കുകയുംചെയ്തു. യോഗ മിനുട്‌സടക്കമുള്ള പഞ്ചായത്ത് രേഖകള്‍ കീറിനശിപ്പിച്ചു.

തൊട്ടടുത്ത കേരളോത്സവ വേദിയില്‍നിന്ന് അളുകള്‍ എത്തിയാണ് മിഥുനയെ രക്ഷപ്പെടുത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗ് സ്ഥാനാര്‍ഥിയായ മിഥുന വിജയിച്ചിരുന്നു. പിന്നീട്. പാര്‍ട്ടിയുടെ നിര്‍ദ്ദേശത്തിന് വിരുദ്ധമായി മന്ത്രി കെ.ടി ജലീലുമായി വേദി പങ്കിട്ടതിന്റെ പേരില്‍ മിഥുനയെ മുസ്‌ലിം ലീഗില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു.

എന്നാല്‍ മിഥുനയെ മര്‍ദ്ദിച്ചിട്ടില്ലെന്നും അറിയിക്കാതെ ഗ്രാമസഭ നടത്താനുള്ള നീക്കം ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും മുസ്ലിം ലീഗ് പ്രാദേശിക നേതൃത്വത്തിന്റെ വിശദീകരണം.

ആരെയും അറിയിക്കാതെയാണ് ഗ്രാമസഭ ചേര്‍ന്നതെന്നും പ്രസിഡന്റിനെ ആക്രമിച്ചിട്ടില്ലെന്നും മുസ്ലിംലീഗ് പള്ളിക്കല്‍ പഞ്ചായത്ത് സെക്രട്ടറിയും വാര്‍ഡ് കണ്‍വീനറുമായ മുസ്തഫ തങ്ങള്‍ പറഞ്ഞു.

അതേസമയം മിഥുനയെ ആക്രമിച്ച ലീഗുകാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ആവശ്യപ്പെട്ടു.  ദളിത് യുവതി കൂടിയായ പഞ്ചായത്ത് പ്രസിഡന്റിനെ മര്‍ദിച്ചതോടെ ലീഗിന്റെ തനിനിറം പുറത്തായി. ഗ്രാമസഭ ചേരാനിരിക്കുന്നതിനിടെ പ്രകോപനമൊന്നുമില്ലാതെയായിരുന്നു അക്രമം. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തപക്ഷം പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ജനാധിപത്യ മഹിളാ അസോസിയേഷന്‍ അറിയിച്ചു.

സി.പി.ഐ.എമ്മും സംഭവത്തെ അപലപിച്ച് രംഗത്തെത്തി.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മിഥുനയെ സി.പി.ഐ.എം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ്, ജനാധിപത്യ മഹിളാ അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി അംഗം അഡ്വ. കെ പി സുമതി, ജില്ലാ ട്രഷറര്‍ കെ റംല, ജില്ലാ ജോ. സെക്രട്ടറി ടി പി പ്രമീള, ജില്ലാ വൈസ് പ്രസിഡന്റ് പുഷ്പ നെച്ചിക്കാട്ടില്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ. കൃപാലിനി, ഹൈമാവതി എന്നിവര്‍ സന്ദര്‍ശിച്ചു.

സംഭവത്തെത്തുടര്‍ന്ന് മുസ്ലിംലീഗ്, സി.പി.എം. പ്രവര്‍ത്തകര്‍ പള്ളിക്കല്‍ ബസാറില്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്തി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more