| Wednesday, 28th February 2024, 11:44 am

മുസ്‌ലിം ലീഗിന് മലപ്പുറവും പൊന്നാനിയും രാജ്യസഭാ സീറ്റും; സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി ലീഗ് നേതൃത്വം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി മുസ്‌ലിം ലീഗ്.  രണ്ട് സീറ്റുകളിലേക്കാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം മണ്ഡലത്തില്‍ ഇ.ടി. മുഹമ്മദ് ബഷീറും പൊന്നാനിയില്‍ അബ്ദുസമദ് സമദാനിയും മത്സരിക്കും. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ പിന്നീട് തീരുമാനിക്കുമെന്നും നേതൃത്വം അറിയിച്ചു. പൊന്നാനിയില്‍ യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാബു അടക്കമുള്ളവരെ പരിഗണിച്ചിരുന്നെങ്കിലും പിന്നീട് ലീഗിന്റെ നറുക്ക് അബ്ദുസമദ് സമദാനിക്ക് ലഭിക്കുകയായിരുന്നു. തമിഴ്നാട്ടിലെ രാമനാഥ പുരത്തുനിന്ന് നവാസ് ഗനി മത്സരിക്കുമെന്നും ലീഗ് നേതൃത്വം അറിയിച്ചു.

സമദാനിയും താനും പ്രവൃത്തി പരിചയമുള്ളവരാണെന്നും പാര്‍ലമെറ്റിലെ ഉത്തരവാദിത്തങ്ങള്‍ വിവിധ സമയങ്ങളിലായി നിര്‍വഹിച്ചവരാണ് തങ്ങളെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു. നിലവിലെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ വലിയ ഉത്തരവാദിത്തമാണ് നിറവേറ്റാന്‍ പോവുന്നതെന്നും മതേതര ജനാധിപത്യ സംഘടനകളോടൊപ്പം നിന്നുകൊണ്ട് അതിന്റെ വക്താക്കള്‍ എന്ന നിലയില്‍ ഏറ്റവും സജീവമായി പ്രവര്‍ത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും ഇ.ടി. പറഞ്ഞു.

വളരെ വലിയ ഉത്തരവാദിത്തമാണ് ഏറ്റെടുക്കാന്‍ പോവുന്നതെന്നും പൊന്നാനി രാഷ്ട്രീയപരമായി ശക്തമായ മണ്ഡലമാണെന്നും സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ അബ്ദുസമദ് സമദാനി മാധ്യമങ്ങളോട് പ്രതികരിച്ചു. ചരിത്രപരമായി പൊന്നാനി യു.ഡി.എഫ് മുന്നണിയോടൊപ്പം നിന്നിട്ടുണ്ടെന്നും വരുന്ന തെരഞ്ഞെടുപ്പില്‍ കൂടുതല്‍ തിളക്കത്തോടെ വിജയം ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മുസ്‌ലിം ലീഗിന് മൂന്നാം സീറ്റ് നല്‍കാന്‍ നിലവിലെ സാഹചര്യത്തില്‍ പ്രായോഗിക പ്രയാസങ്ങള്‍ ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രതികരിച്ചിരുന്നു. രാജ്യസഭ സീറ്റ് റൊട്ടേഷന്‍ രീതിയില്‍ കോണ്‍ഗ്രസും ലീഗും പങ്കിടുമെന്നും ഫോര്‍മുല ലീഗ് അംഗീകരിച്ചുവെന്നും വി.ഡി. പറഞ്ഞു. കോണ്‍ഗ്രസ് സീറ്റ് ചര്‍ച്ചകള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്നും വ്യാഴാഴ്ച സ്‌ക്രീനിങ് കമ്മിറ്റി ചേരുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. നിലവില്‍ കോട്ടയത്ത് കേരള കോണ്‍ഗ്രസും കൊല്ലത്ത് ആര്‍.എസ്.പിയും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlight: Muslim League announced candidates for the Lok Sabha elections

We use cookies to give you the best possible experience. Learn more