കോഴിക്കോട്: പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ എതിര്‍പ്പുമായി മുസ്‌ലിം ലീഗ്. പെണ്‍കുട്ടികളുടെ വിവാഹപ്രായമുയര്‍ത്തുന്നത് സാമൂഹ്യപ്രശ്‌നമാണെന്ന് മുസ്‌ലിം ലീഗ് നേതാവും എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടി. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുന്നാക്ക വിഭാഗകക്കാര്‍ക്കുള്ള സാമ്പത്തിക സംവരണത്തിനെതിരെ വിവിധ മുസ്‌ലിം സംഘടനകളുമായി ചേര്‍ന്ന യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് മുസ്‌ലിം ലീഗ് നേതാക്കളും മറ്റു സംഘടനാ നേതാക്കളും വിവാഹപ്രായം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കിയത്. കേരളത്തിലെ നിരവധി മുസ് ലിം സംഘടനകള്‍ പങ്കെടുത്ത യോഗത്തിലായിരുന്നു വിഷയത്തിലെ ഔദ്യോഗിക നിലപാട് അറിയിച്ചത്.
സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവരെ കുറിച്ച് ചിന്തിക്കാതെ എടുത്ത തീരുമാനമാണിതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ‘വിവാഹപ്രായം പതിനെട്ടില്‍ നിന്നും ഇരുപത്തൊന്ന് ആക്കുമ്പോള്‍ ഉണ്ടാകാവുന്ന സാമൂഹ്യപ്രശ്‌നങ്ങള്‍ അനവധിയാണ്. എങ്ങനെയെങ്കിലും ഒരു കല്യാണം നടന്നാല്‍ മതിയെന്ന് വിചാരിച്ച്, കല്യാണം ശരിയായി വരുമ്പോള്‍ മൂന്ന് കൊല്ലം കൂടി കാത്തിരിക്കേണ്ടി വരുന്ന പാവപ്പെട്ടവരെയാണ് ഇത് ഏറ്റവും ഗൗരവതരമായി ബാധിക്കുക.
സമൂഹത്തിന്റെ ഉയര്‍ന്ന തട്ടിലുള്ളവര്‍ക്ക് എന്തു ചെയ്യാം. പക്ഷെ വിവാഹമെന്നത് തന്നെ ഒരു സ്വപ്‌നമായി കരുതുന്ന ജനവിഭാഗങ്ങളെ സംബന്ധിച്ച പ്രശ്‌നങ്ങള്‍ എത്രത്തോളമാണെന്ന് ആലോചിക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നയം പ്രഖ്യാപിച്ചിരിക്കുന്നത്. ‘ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ മുസ്‌ലിം സംഘടനകള്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എതിര്‍പ്പുമായി എത്തിയ സംഘടനകള്‍ നിയമപരമായി നീങ്ങാന്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച പഠനങ്ങള്‍ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചതിന് പിന്നാലെയാണ് ഈ വിഷയത്തില്‍ വീണ്ടും ചര്‍ച്ചകള്‍ ആരംഭിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക