കോഴിക്കോട്: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയെഴുതുന്നവര്‍ ശിരോവസ്ത്രം ധരിക്കാന്‍ പാടില്ലെന്ന സി.ബി.എസ്.ഇ നിബന്ധന ശരിവെച്ചുകൊണ്ടുള്ള കോടതി ഉത്തരവിനെതിരെ മുസ്‌ലീം ലീഗ്. “കോടതി വിധി രാജ്യത്ത് നിയമമാണ്. എന്നാല്‍ എല്ലാ കോടതിവിധിയും ശരിയായിക്കൊള്ളണമെന്നില്ല. ശിരോവസ്ത്രത്തിന്റെ കാര്യത്തിലുള്ള വിധി തെറ്റാണ്. വിശ്വാസത്തിന്റെ കാര്യത്തില്‍ കോടതിയ്ക്ക് അഭിപ്രായം പറയാന്‍ കഴിയില്ല.” ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു.
ശിരോവസ്ത്രം ധരിച്ചുകൊണ്ട് പരീക്ഷയെഴുതാന്‍ അനുവദിക്കില്ലെന്ന സി.ബി.എസ്.ഇയുടെ ഉത്തരവ് നേരത്തെ തന്നെ പുറത്തിറങ്ങിയിരുന്നു. ഇത് ചോദ്യം ചെയ്ത് മുസ്‌ലീം സംഘടനയായ എസ്.ഐ.ഒ രംഗത്തെത്തുകയും ചെയ്തിരുന്നു. കോടതിയില്‍ ഇതു സംബന്ധിച്ച് എസ്.ഐ.ഒ നല്‍കിയ പരാതി വെള്ളിയാഴ്ചയാണ് കോടതി പരിശോധിച്ചത്. ശിരോവസ്ത്രം നിരോധിച്ചത് ഗൗരവമാക്കേണ്ട വിഷയമല്ലെന്നു പറഞ്ഞ് കോടതി ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിക്കുകയാണ് ചെയ്തത്.
അതേസമയം നിലവിളക്ക് വിവാദം അനാവശ്യമാണെന്നും ഇ.ടി.മുഹമ്മദ് ബഷീര്‍ അഭിപ്രായപ്പെട്ടു. “മുസ്‌ലീം ലീഗ് വിളക്ക് കൊളുത്താറില്ല. അതിതുടരുക തന്നെ ചെയ്യും. ജനങ്ങള്‍ക്ക് വേണ്ടി നിരവധി നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരേണ്ടതില്ല.” അദ്ദേഹം വ്യക്തമാക്കി.