| Wednesday, 22nd May 2019, 9:06 pm

നിഖാബ് നിരോധിച്ചത് മതവിരുദ്ധം; എം.ഇ.എസിന്റെ സര്‍ക്കുലറിനെതിരെ ഹൈദരലി തങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: എം.ഇ.എസ് സ്ഥാപനങ്ങളില്‍ സ്ത്രീകളുടെ മുഖാവരണം നിരോധിച്ച് ഉത്തരവിറക്കിയ എം.ഇ.എസ് സര്‍ക്കുലറിനെ എതിര്‍ത്തും ഇ.കെ വിഭാഗം സമസ്തയ്ക്ക് പിന്തുണ പ്രഖ്യാപിച്ചും മുസ്‌ലിം ലീഗ്.

നിഖാബ് നിരോധിച്ചത് മതവിരുദ്ധമായതിനാല്‍ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നും എം.ഇ.എസിനെതിരെ സമസ്ത സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും ലീഗ് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അറിയിച്ചു.

മുഖവസ്ത്രം ഇസ്‌ലാമിക വേഷവിധാനത്തിന്റെ ഭാഗമാണെന്നും വിശ്വാസങ്ങളെ തടയാന്‍ ശ്രമിക്കുന്നത് അംഗീകരിക്കില്ലെന്നും ശിഹാബ് തങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു.

നേരത്തെ മുഖാവരണം നിരോധിച്ച് സര്‍ക്കുലര്‍ ഇറക്കിയ ഫസല്‍ഗഫൂര്‍ പൊതുസമൂഹത്തോടു മാപ്പുപറയണമെന്നും ന്യൂനപക്ഷ വിഭാഗത്തിന്റെ പേരില്‍ നേടിയെടുത്ത സ്ഥാപനങ്ങളില്‍ ഇസ്ലാമികമായ വേഷം ധരിക്കാന്‍ പാടില്ലെന്ന നിലപാടു ധിക്കാരപരമാണെന്നും സമസ്തയുടെ മതാധ്യാപക സംഘടനയായ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നിലപാടെടുത്തിരുന്നു.

നിലപാടു തിരുത്തിയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും സംഘടന മുന്നറിയിപ്പു നല്‍കിയിരുന്നു.

അടുത്ത അധ്യയന വര്‍ഷം മുതല്‍ മുഖം മറച്ചുള്ള വസ്ത്രധാരണം പാടില്ലെന്നാണ് എം.ഇ.എസ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. പൊതുസമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രധാരണം മതാചാരങ്ങളുടെ പേരിലായാലും ആധുനികതയുടെ പേരിലായാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കുലറില്‍ പറയുയുന്നുണ്ട്.

മുഖം മറച്ചുള്ള വസ്ത്രം ധരിച്ച് വിദ്യാര്‍ഥികള്‍ ക്ലാസുകളിലെത്തുന്നില്ലെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണമെന്നും വിവാദത്തിന് ഇടം നല്‍കരുതെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്.

We use cookies to give you the best possible experience. Learn more