| Sunday, 25th October 2020, 2:14 pm

'പിന്നാക്ക സംവരണത്തിന്റെ കടക്കല്‍ കത്തിവെച്ചു'; മുന്നാക്ക സംവരണത്തിനെതിരെ എസ്.എന്‍.ഡി.പിയടക്കമുള്ള സംഘടനകളുമായി ചേര്‍ന്ന് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് മുസ്‌ലിം ലീഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: മുന്നോക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം കൊണ്ടുവന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എസ്.എന്‍.ഡി.പിയടക്കമുള്ള സംഘടനകളുമായി ചേര്‍ന്നുകൊണ്ട് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് മുസ്‌ലിം സംഘടനകള്‍. മുന്നാക്ക സംവരണം പിന്നാക്ക സംവരണത്തിന്റെ കടക്കല്‍ കത്തിവെച്ചുവെന്ന് മുസ്‌ലിം സംഘടനകളുടെ സംയുക്ത യോഗത്തിന് ശേഷം മുസ്‌ലിം ലീഗ് പറഞ്ഞു.

പിന്നാക്ക വിഭാഗങ്ങളെ കൂടുതല്‍ പിന്നാക്കമാക്കുകയാണ് മുന്നാക്ക സംവരണമെന്ന് മുസ്‌ലിം ലീഗ് നേതാവും എം.പിയുമായ ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. മുന്നാക്ക വിഭാഗകാര്‍ക്കുള്ള സാമ്പത്തിക സംവരണം ഭരണഘടനാ വിരുദ്ധമാണെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.

നിലവിലെ എല്ലാ സംവരണ സമുദായങ്ങള്‍ക്കും ഒരുപാട് നഷ്ടങ്ങളുണ്ടാക്കുന്ന രീതിയിലാണ് മുന്നാക്ക സംവരണം നടപ്പിലാക്കിയിരിക്കുന്നത്. ജോലിയിലും പഠനത്തെയുമെല്ലാം ഗൗരവതരമായി ബാധിക്കുന്ന വിഷയമാണിത്. ആ തീരുമാനം പുനപരിശോധിക്കണം. മറ്റു പിന്നാക്ക സമുദായങ്ങളോടും സംഘടനകളോടും ചര്‍ച്ച ചെയ്ത ശേഷമേ ഈ വിഷയത്തില്‍ നടപടികള്‍ പ്രഖ്യാപിക്കാവൂവെന്നും മുസ്‌ലിം ലീഗ് നേതാവും എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

മുന്നാക്കവിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്കുള്ള സാമ്പത്തിക സംവരണത്തിനെതിരെ മുസ്‌ലിം സംഘടനകള്‍ ചേര്‍ന്ന സംയുക്ത യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു നേതാക്കള്‍.

എല്‍.ഡി.എഫിനോട് ചേര്‍ന്നുനില്‍ക്കുന്ന എ.പി സുന്നി വിഭാഗങ്ങള്‍ കൂടി ഈ സംയുക്ത യോഗത്തില്‍ പങ്കെടുത്തിരുന്നു. സുന്നി, മുജാഹിദ്ദീന്‍, ജമാഅത്തെ ഇസ്‌ലാമി തുടങ്ങി നിരവധി സംഘടനകള്‍ യോഗത്തില്‍ പങ്കെടുത്തു. നിവേദനം നല്‍കുക, നിയമനടപടികള്‍ സ്വീകരിക്കുക തുടങ്ങിയ വിവിധ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്തുവെന്ന് കുഞ്ഞാലിക്കുട്ടി അറിയിച്ചു. എസ്.എന്‍.ഡി.പിയെ കൂടി ചേര്‍ത്തുകൊണ്ട് ഒക്ടോബര്‍ 28ന് യോഗം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും സംയുക്ത യോഗം അറിയിച്ചു.

പുതിയ സംവരണനയത്തിനെതിരെ മുന്‍ സംവരണ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി പ്രക്ഷോഭം സംഘടിപ്പിക്കാനാണ് യോഗത്തിന്റെ തീരുമാനം. സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താനും ഇവര്‍ ആലോചിക്കുന്നുണ്ട്.

സംവരണത്തില്‍ ആശങ്കയുള്ളത് മുസ്‌ലിം സംഘടനകള്‍ക്ക് മാത്രമല്ലെന്നും അതുകൊണ്ടാണ് എല്ലാ പിന്നാക്ക സംഘടനകളുമായി ആലോചിച്ച് തുടര്‍ നടപടികള്‍ കൈക്കൊള്ളാന്‍ തീരുമാനിച്ചതെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.

മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഗസറ്റ് വിജ്ഞാപനം കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്കകാര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 10 ശതമാനം സംവരണമേര്‍പ്പെടുത്തിയാണ് വിജ്ഞാപനം.

ഇതോടെ ഇനിമുതലുള്ള എല്ലാ പി.എസ്.സി നിയമനങ്ങള്‍ക്കും സംവരണം ബാധകമായി. മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം കേന്ദ്രം നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ചട്ടങ്ങള്‍ ഭേദഗതി ചെയ്യാത്തത് മൂലം സംസ്ഥാനത്ത് നടപ്പായിരുന്നില്ല. ജസ്റ്റിസ് ശശിധരന്‍ നായര്‍ അധ്യക്ഷനായ കമ്മിറ്റിയുടെയും പി.എസ്.സിയുടെയും ശുപാര്‍ശകള്‍ പരിഗണിച്ചു കൊണ്ടാണ് കെ.എസ്.എസ്.ആറില്‍ ഭേദഗതി വരുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്.

നിലവില്‍ പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കും പിന്നാക്ക സമുദായങ്ങള്‍ക്കുമായി 50 ശതമാനം സംവരണമാണ് നല്‍കുന്നത്. പുതുതായി നടപ്പാക്കുന്ന 10 ശതമാനം സംവരണം, നിലവിലുള്ള സംവരണ വിഭാഗങ്ങളെ ബാധിക്കില്ല. പൊതുവിഭാഗത്തില്‍ നിന്നാണ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്നത്. നാല് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആനുകൂല്യം ലഭിക്കും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Muslim League against economic reservation for forward caste

We use cookies to give you the best possible experience. Learn more