| Friday, 28th May 2021, 9:16 am

ബാലുശ്ശേരിയില്‍ ലീഗ് കേന്ദ്രങ്ങളില്‍ വോട്ട് കുറഞ്ഞെന്ന് ധര്‍മജന്‍; പാര്‍ട്ടിയെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന് മുസ്‌ലിം ലീഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബാലുശ്ശേരി: മണ്ഡലത്തിലെ മുസ്‌ലിം ലീഗ് കേന്ദ്രങ്ങളില്‍ നിന്നും വോട്ട് കുറഞ്ഞെന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ധര്‍മജന്റെ ബോള്‍ഗാട്ടിയുടെ ആരോപണത്തിനെതിരെ മുസ്‌ലിം ലീഗ്.

തെരഞ്ഞെടുപ്പില്‍ തോറ്റതുമായി ബന്ധപ്പെട്ട് ലീഗിനെ വലിച്ചിഴക്കുന്നത് ദുരുദ്ദേശ്യപരമാണെന്നും തല്‍പരകക്ഷികള്‍ ഇതില്‍ നിന്നും പിന്മാറണമെന്നും ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് നേതൃയോഗം പറഞ്ഞു.

മണ്ഡലത്തില്‍ വോട്ട് കുറഞ്ഞതുമായി ബന്ധപ്പെട്ട് കെ.പി.സി.സിക്ക് നല്‍കിയ പരാതിയിലാണ് ധര്‍മജന്‍ മുസ്‌ലിം ലീഗിനെതിരെ ആരോപണങ്ങളുയര്‍ത്തിയത്. ബാലുശ്ശേരിയില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച ലീഗ് പ്രവര്‍ത്തകരോടും നേതാക്കന്മാരോടും കാണിക്കുന്ന നന്ദികേടാണ് ധര്‍മജന്റെ ആരോപണങ്ങളെന്ന് മുസ്‌ലിം ലീഗ് പ്രതികരിച്ചു.

കേരളത്തിലുടനീളം ഉണ്ടായ ഇടതുതരംഗമാണ് ബാലുശ്ശേരിയിലും സംഭവിച്ചത്. മുന്നണി നിശ്ചയിക്കുന്ന ഏത് സ്ഥാനാര്‍ത്ഥികളുടെയും വിജയത്തിനായി മുന്നിട്ടിറങ്ങുന്ന പാരമ്പര്യമാണ് മുസ്‌ലിം ലീഗിനുള്ളതെന്നും നേതൃയോഗത്തില്‍ പ്രതികരണങ്ങളുയര്‍ന്നു.

ധര്‍മജന്റെ ആരോപണങ്ങള്‍ക്കെതിരെ യു.ഡി.എഫ് ജില്ലാ – സംസ്ഥാന നേതൃത്വങ്ങള്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ബാലുശ്ശേരിയിലെ ലീഗ് നേതാക്കള്‍ അറിയിച്ചു.

നേരത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ കൃത്യമായി പ്രവര്‍ത്തിച്ചില്ലെന്നും ലക്ഷങ്ങള്‍ പണം പിരിച്ചെന്നുമുള്ള ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ പരാതി അടിസ്ഥാനരഹിതമാണെന്ന് നടുവണ്ണൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റും യു.ഡി.എഫ് നിയോജക മണ്ഡലം വൈസ് ചെയര്‍മാനുമായ എം. ഷികേശന്‍ പ്രതികരിച്ചിരുന്നു.

പരാതിയിലെ കാര്യങ്ങള്‍ വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവുമാണ്. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ പൊതുവായി ഉണ്ടായ രാഷ്ട്രീയ സാഹചര്യത്തിന് ഉപരിയായി മറ്റ് വിപരീത സാഹചര്യമൊന്നും ബാലുശ്ശേരിയില്‍ ഉണ്ടായിട്ടില്ലെന്നും ഷികേശന്‍ പറഞ്ഞു.
കലാകാരന്‍ എന്ന നിലയില്‍ ധര്‍മജന്‍ ബാലുശ്ശേരിയില്‍ നേട്ടം ഉണ്ടാക്കുമെന്ന പ്രതീക്ഷ അസ്ഥാനത്താണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ബാലുശ്ശേരിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സച്ചിന്‍ദേവിനോടാണ് ധര്‍മജന്‍ പരാജയപ്പെട്ടത്. 20223 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സച്ചിന്‍ മണ്ഡലം നിലനിര്‍ത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


Content Highlight: Muslim League against Dharmajan Bolgatty

We use cookies to give you the best possible experience. Learn more