ന്യൂദല്‍ഹി: കേരളത്തിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ ഹിന്ദു, ക്രൈസ്തവ വിഭാഗത്തിലുള്ള നൂറിലധികം ജനപ്രതിനിധികള്‍ തങ്ങള്‍ക്കുണ്ടെന്നും പാര്‍ട്ടിയുടെ പ്രവര്‍ത്തനം മതേതരമാണെന്നും മുസ്‌ലിം ലീഗ് സുപ്രീംകോടതിയില്‍.
പേരിലും കൊടിയിലും മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹരജിക്കെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് മുസ്‌ലിം ലീഗ് ഇക്കാര്യം പറഞ്ഞത്.
മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് അഭിഭാഷകന്‍ ഹാരീസ് ബീരാന്‍ വഴി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
ഏഴ് പതിറ്റാണ്ടുകള്‍ക്കിടയില്‍ മുസ്‌ലിം ഇതര വിഭാഗങ്ങളില്‍ നിന്ന് നിരവധി പേരെ തെരഞ്ഞെടുപ്പുകളില്‍ മത്സരിപ്പിച്ചിട്ടുണ്ടെന്നും, കേരളത്തില്‍ സംസ്‌കൃത സര്‍വകലാശാല ആരംഭിച്ചത് മുസ്‌ലിം ലീഗിന്റെ മന്ത്രിയായിരുന്ന ഇ.ടി. മുഹമ്മദ് ബഷീര്‍ ആണെന്നും സുപ്രീംകോടതിയില്‍ ലീഗ് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുണ്ട്.
ലീഗിനെ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഹരജിക്കാരനായ സയ്യദ് വാസിം റിസ്‌വിയുടെ യഥാര്‍ത്ഥ പേര് ജിതേന്ദ്ര നാരായണ്‍ ത്യാഗി എന്നാണെന്നും മതഭ്രാന്തനായ ഇദ്ദേഹം രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിദ്വേഷം പടര്‍ത്തുന്ന വ്യക്തിയാണെന്നും ലീഗ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. ഇത് കണക്കിലെടുത്ത് ഹരജി തള്ളണമെന്നാണ് ലീഗിന്റ ആവശ്യം.
Content Highlight: Muslim league Affidavit in Supreme Court Against the petition for ban