| Thursday, 9th December 2021, 11:37 pm

'ചെത്തുകാരന്‍ കോരന് സ്ത്രീധനം കിട്ടിയതല്ലീ കേരളം'; മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ മുദ്രാവാക്യവുമായി ലീഗ് പ്രവര്‍ത്തകര്‍; വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ മുദ്രാവാക്യവുമായി മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് ബീച്ചില്‍ നടത്തിയ വഖഫ് സംരക്ഷണ റാലിക്ക് മുന്നോടിയായുള്ള പ്രകടനത്തിലായിരുന്നു ലീഗ് പ്രവര്‍ത്തകര്‍ അധിക്ഷേപ മുദ്രാവാക്യമുയര്‍ത്തിയത്.

ചെത്തുകാരന്‍ കോരന് സ്ത്രീധനം കിട്ടിയതല്ലീ കേരളം, ഓര്‍ത്തു കളിച്ചോ.. സൂക്ഷച്ചോ, സമുദായത്തിന് നേരെ വന്നാല്‍ പച്ചക്ക് കത്തിക്കും തുടങ്ങിയവയാണ് ലീഗ് റാലിയിലുണ്ടായ മുദ്രാവാക്യങ്ങള്‍. മുന്‍ മന്ത്രി കെ.ടി. ജലീലിനെതിരെയും പ്രവര്‍ത്തകര്‍ മുദ്രാവാക്യമുയര്‍ത്തുന്നുണ്ട്.

അതേസമയം, വഖഫ് നിയമം പിന്‍വലിക്കും വരെ പ്രക്ഷോഭരംഗത്ത് നിന്ന് പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ് സംഘടപ്പിച്ച വഖഫ് സംരക്ഷണ റാലി ശ്രദ്ധേയമായി.

വിഷയത്തില്‍ സമുദായം ഒറ്റക്കെട്ടാണെന്നും ഐക്യത്തില്‍ വിള്ളല്‍ വിഴ്ത്താമെന്ന് ആരും കരുതേണ്ടെന്നും ലീഗ് ഉന്നതാധികാര സമിതി അംഗം സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ന്യൂനപക്ഷ അവകാശങ്ങളില്‍ തൊട്ടുകളിക്കേണ്ടെന്ന മുന്നറിയിപ്പാണ് വഖഫ് റാലിയെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

കഴിഞ്ഞ നവംബര്‍ 9 നാണ് സംസ്ഥാനത്തെ വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിയ്ക്ക് വിടാന്‍ തീരുമാനമായത്. ഇത് സംബന്ധിച്ചുള്ള
ബില്‍ നിയമസഭ ശബ്ദവോട്ടോടെയാണ് പാസാക്കിയത്.

നേരത്തെ വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ മതസംഘടനകള്‍ യോഗം ചേര്‍ന്നിരുന്നു.

എന്നാല്‍ യോഗത്തില്‍ നിന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്ന കേരള മുസ്‌ലിം ജമാഅത്തും എം.ഇ.എസും വിട്ടുനിന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Muslim League activists with abusive slogans against Chief Minister Pinarayi Vijayan

We use cookies to give you the best possible experience. Learn more