| Saturday, 6th May 2017, 1:15 pm

അണികളുടെ പ്രതിഷേധം: ഒടുക്കം ഖമറുന്നിസയ്‌ക്കെതിരെ നടപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ബി.ജെ.പിയുടെ ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്ത് ബി.ജെ.പിയെ പുകഴ്ത്തി സംസാരിച്ച വനിതാ ലീഗ് അധ്യക്ഷ ഖമറുന്നിസ അന്‍വറിനെതിരെ നടപടി. ഖമറുന്നിസയെ വനിതാ ലീഗ് അധ്യക്ഷ സ്ഥാനത്തു നിന്നു നീക്കി. ലീഗ് അണികളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് തീരുമാനം.

പാര്‍ട്ടി നടപടി അംഗീകരിക്കുന്നുവെന്ന് ഖമറുന്നിസ അന്‍വര്‍ മാധ്യമങ്ങളോടു പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ഖമറുന്നിസ കഴിഞ്ഞദിവസം മുസ്‌ലിം ലീഗ് മാപ്പെഴുതി നല്‍കിയിരുന്നു. മാപ്പപേക്ഷ സ്വീകരിച്ച മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സ്വീകരിച്ചതായും ഇതിന്റെ അടിസ്ഥാനത്തില്‍ ഖമറുന്നിസയ്‌ക്കെതിരെ നടപടിയെടുക്കുന്നില്ലെന്നും ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് അറിയിച്ചിരുന്നു.

ഖമറുന്നിസയുടെ പ്രസ്താവനയ്‌ക്കെതിരെ വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. നൂര്‍ബിന റഷീദ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നിരുന്നു. ഖമറുന്നിസയുടെ വാക്കുകള്‍ പ്രതിഷേധാര്‍ഹമാണെന്നും ന്യൂനപക്ഷ ദളിത് വിഭാഗങ്ങളെ സമൂഹത്തിന്റെ ഉന്നതിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്ന വനിതാ ലീഗിനേറ്റ പ്രഹരമാണ് ഖമറുന്നിസ അന്‍വറിന്റെ വാക്കുകളെന്നും നൂര്‍ബിന പറഞ്ഞിരുന്നു.

കേരളത്തിലും ഇന്ത്യയിലും ബി.ജെ.പി വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ബി.ജെ.പി ജനങ്ങള്‍ക്കുവേണ്ടി ഒട്ടേറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നുമായിരുന്നു ഖമറുന്നിസയുടെ വാക്കുകള്‍. ബി.ജെ.പിക്ക് അവര്‍ വിജയാശംസകള്‍ നേരുകയും ചെയ്തു.

ഇത് ലീഗില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more