| Tuesday, 15th June 2021, 1:12 pm

മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും സഹോദരങ്ങള്‍; നമ്മള്‍ ഒന്നിച്ചു നില്‍ക്കേണ്ടവരാണെന്ന് മാര്‍ ആലഞ്ചേരി പറഞ്ഞു; കൂടിക്കാഴ്ചക്ക് ശേഷം ഹകീം അസ്ഹരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുസ്‌ലിം – ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ സഹോദരങ്ങളാണെന്നും ഒരുമിച്ച് നില്‍ക്കേണ്ടവരാണെന്നും ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞതായി എസ്.വൈ.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എ.പി. അബ്ദുല്‍ ഹകീം അസ്ഹരി. ക്രിസ്ത്യന്‍ – മുസ്‌ലിം സൗഹാര്‍ദത്തിന് വിള്ളലുണ്ടാക്കാനുള്ള ചില ശ്രമങ്ങള്‍ നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഇരു മതവിഭാങ്ങളിലെയും പ്രധാന നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് അസ്ഹരിയുടെ പ്രതികരണം.

മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തിയ മുസ് ലിം പ്രതിനിധി സംഘത്തെ നയിച്ചത് അസ്ഹരിയായിരുന്നു. കൂടിക്കാഴ്ചയെ കുറിച്ച് സിറാജ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ക്രിസ്ത്യന്‍ – മുസ്‌ലിം സൗഹാര്‍ദം നിലനിര്‍ത്തേണ്ട ആവശ്യകതയില്‍ ഇരു മതനേതാക്കളും സമാനമായ അഭിപ്രായം പ്രകടിപ്പിച്ചതായി അസ്ഹരി പറഞ്ഞത്.

‘ബിഷപ്പ് ആലഞ്ചേരിയുമായുള്ള കൂടിക്കാഴ്ച വളരെ നല്ല അനുഭവമായിരുന്നു. സ്നേഹനിര്‍ഭരമായ വരവേല്‍പ്പാണ് ഞങ്ങള്‍ക്ക് അവിടെ ലഭിച്ചത്. നല്ലൊരു സത്കാരവും ഉണ്ടായി. മുസ്‌ലിം-ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ സഹോദരങ്ങളാണെന്നും നമ്മള്‍ ഒരുമിച്ച് നില്‍ക്കേണ്ടവര്‍ തന്നെയാണെന്നുമാണ് ബിഷപ്പ് മാര്‍ ആലഞ്ചേരി അഭിപ്രായപ്പെട്ടത്,’ അസ്ഹരി പറഞ്ഞു.

ലവ് ജിഹാദ് കേരളത്തില്‍ ഇല്ലെന്ന് സര്‍ക്കാരും പൊലീസും കോടതിയും വ്യക്തമാക്കിയിട്ടും ഇപ്പോള്‍ അത്തരം പ്രചാരണങ്ങള്‍ തുടരുന്നതിനെ കുറിച്ചും അസ്ഹരി സംസാരിച്ചു. ജിഹാദിന് അങ്ങനെ ഒരു വകഭേദം ഇല്ല. ജിഹാദ് എന്നാല്‍ സ്ത്രീ-പുരുഷ ഇടപാടുകളൊന്നുമല്ല. മനുഷ്യന്റെ ആത്മാവ്, തന്റെ ശരീരത്തിനുമേല്‍ നിയന്ത്രണം സ്ഥാപിക്കാന്‍ നടത്തുന്ന നിരന്തര പരിശ്രമമാണ് വലിയ ജിഹാദ്. സ്ത്രീ-പുരുഷ സ്നേഹത്തിന്റെ ഒരറ്റത്ത് മുസ്‌ലിം പേര് കാണുമ്പോള്‍ മാത്രം കോയിന്‍ ചെയ്യുന്ന സംജ്ഞയായി ലവ് ജിഹാദ് കൊണ്ടുവരികയാണെന്ന് അസ്ഹരി പറഞ്ഞു.

സത്യം അറിഞ്ഞുകൊണ്ട് തെറ്റുകള്‍ പ്രചരിപ്പിക്കുകയാണ് ക്രിസ്ത്യന്‍ സഭകളെന്ന വാദത്തെ അംഗീകരിക്കുന്നില്ലെന്നും പ്രചാരണങ്ങളെ നമ്മള്‍ അങ്ങനെ വ്യാഖ്യാനിക്കുന്നത് നല്ലതല്ലെന്നും അസ്ഹരി പറഞ്ഞു. ഇതില്‍ മിക്കവയും സഭകള്‍ പ്രചരിപ്പിച്ചവയോ സഭകളുടെ അറിവോടെ പ്രചരിച്ചവയോ അല്ലായെന്ന് ഈ സന്ദര്‍ശനത്തില്‍ നിന്ന് മനസ്സിലായെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഹാഗിയ സോഫിയ വിഷയത്തില്‍ മുസ്ലിം ലീഗ് നേതൃത്വം ചന്ദ്രികയില്‍ പ്രസിദ്ധപ്പെടുത്തിയ ലേഖനം ക്രിസ്ത്യന്‍ സഭകളെ വല്ലാതെ അസ്വസ്ഥമാക്കിയിട്ടുണ്ട്. അതിലുള്ള വേദന അവര്‍ പ്രകടിപ്പിക്കുകയും ചെയ്തു. രാഷ്ട്രീയ പാര്‍ട്ടികള്‍ നിക്ഷിപ്ത ലക്ഷ്യത്തോടെ നടത്തുന്ന പ്രവര്‍ത്തനങ്ങളെ അങ്ങനെയേ കാണാവൂ എന്നും അതിന് മതത്തെ ഉത്തരവാദിയാക്കരുതെന്നുമാണ് നമ്മുടെ അഭിപ്രായം. കേരള കോണ്‍ഗ്രസ് പറയുന്ന കാര്യങ്ങളിലെ പിഴവിന് ക്രിസ്ത്യന്‍ സമുദായത്തോട് ശത്രുത പുലര്‍ത്തുന്നത് ശരിയല്ലല്ലോയെന്നും അസ്ഹരി ചോദിച്ചു.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട പുതിയ കോടതി വിധി ചര്‍ച്ചയുടെ അജണ്ടയല്ലായിരുന്നെന്നും സൗഹാര്‍ദ സംഭാഷണത്തിന്റെ ഭാഗമായി ഇതു കടന്നുവന്നുവെന്നും അസ്ഹരി അഭിമുഖത്തില്‍ പറഞ്ഞു. ഇപ്പോള്‍ കേസിനു പോയത് സഭയല്ല. സമുദായ നേതാക്കളുമല്ല. ഒരു വ്യക്തിയാണ്. എങ്കിലും ആ കാര്യത്തില്‍ സഭക്ക് അഭിപ്രായവും നിലപാടും ഉണ്ട്.

മുസ്‌ലിം സമുദായത്തിനായി നടപ്പാക്കുന്ന ആനുകൂല്യങ്ങളൊന്നും വേണ്ടെന്നും ന്യൂനപക്ഷങ്ങള്‍ക്ക് എന്ന പേരിലുള്ള പദ്ധതികളിലെല്ലാം അര്‍ഹമായ വിഹിതം ലഭിക്കണം എന്നുമാണത്. അക്കാര്യത്തില്‍ സഭയോട് യോജിക്കുകയാണ് വേണ്ടത്. ഇവിടെ മുസ്ലിങ്ങള്‍ക്കായുള്ള പദ്ധതിക്ക് ന്യൂനപക്ഷമെന്ന് പേര് നല്‍കിയിടത്താണ് തെറ്റിയത്. അതിന് മറ്റാരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും അസ്ഹരി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Muslim leader Hakkim Azhari about Bishop George Alenchery saying Christians and Muslims are brothers and should stand together

We use cookies to give you the best possible experience. Learn more