ജൂത, ക്രിസ്ത്യൻ, മുസ്‌ലിം പുരോഹിതർ ഒരുമിച്ച് ആവശ്യപ്പെടുന്നു, 'ഫലസ്തീനെ മോചിപ്പിക്കുക'
World News
ജൂത, ക്രിസ്ത്യൻ, മുസ്‌ലിം പുരോഹിതർ ഒരുമിച്ച് ആവശ്യപ്പെടുന്നു, 'ഫലസ്തീനെ മോചിപ്പിക്കുക'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th December 2023, 4:06 pm

ഇസ്താൻബുൾ: സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് തുർക്കിയിലെ ഇസ്താൻബുളിൽ ഒത്തുചേർന്ന് ജൂത, മുസ്‌ലിം, ക്രിസ്ത്യൻ മത നേതാക്കൾ.

ഗസയിലെ ഇസ്രഈലി ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സംഘമത്തിൽ ഒരു റബ്ബിയും ആർച്ച്ബിഷപ്പും മുഫ്തിയും പങ്കെടുത്തിരുന്നു.

പരമ്പരാഗത ജൂത വേഷത്തിനൊപ്പം റബ്ബി യിസ്‌റോയേൽ ഡോവിഡ് വെയ്‌സ് ഫലസ്തീനി കഫിയയും ധരിച്ചിരുന്നു. ഫലസ്തീനിൽ ഇസ്രഈൽ നടത്തുന്ന കൂട്ടക്കൊലയെ അപലപിച്ച അദ്ദേഹം ഫലസ്തീനികളെ പൈശാചികവത്കരിക്കാനാണ് ശ്രമിക്കുന്നതെന്നും പറഞ്ഞു.

യൂറോപ്യൻ മുസ്‌ലിം ഫോറം സംഘടിപ്പിച്ച ഫലസ്തീന് വേണ്ടിയുള്ള യൂറോപ്പ്യൻ ഉച്ചകോടിയിൽ പങ്കെടുക്കാനാണ് ന്യൂയോർക്കിൽ നിന്ന് റബ്ബി വെയ്‌സ് ഇസ്താൻബുളിൽ എത്തിയത്. ഗസയിൽ ഇസ്രയിൽ നടത്തുന്ന ആക്രമണങ്ങൾക്ക് ജൂത മതമായോ ഇസ്‌ലാം മതമായോ യാതൊരു ബന്ധവുമില്ല എന്ന് അദ്ദേഹം പറഞ്ഞു.

‘ഞങ്ങൾ ജൂതരായും മുസ്‌ലിങ്ങളായും ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയിട്ട് ആയിരക്കണക്കിന് വർഷങ്ങളായി,’ യൂറോപ്പിൽ ജൂതർ പീഡനം നേരിട്ടുകൊണ്ടിരുന്ന കാലഘട്ടത്തിൽ മുസ്‌ലിങ്ങളിൽ നിന്ന് ലഭിച്ച പിന്തുണ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.

ഫലസ്തീനിലെ ജനങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിക്കാനും അവരെ ആന്റി സെമിറ്റിക് എന്നും ജൂതവിരുദ്ധരെന്നും പ്രഖ്യാപിക്കാനും അപകീർത്തിപ്പെടുത്താനും ഇസ്രഈൽ ജൂതമതത്തിന്റെ പേര് ഉപയോഗിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സ്വന്തം നാടിന് വേണ്ടി ക്രിസ്ത്യാനികളും മുസ്‌ലിങ്ങളും ഒരുമിച്ച് നിന്ന് പ്രതിരോധിക്കുന്നതിനെ കുറിച്ച് ഫലസ്തീനിലെ രാമല്ലയിൽ നിന്നുള്ള ഗ്രീക്ക് ഓർത്തോഡോക്സ് പാസ്റ്റർ ഫാദർ എലിയാസ് അവാദ് പറഞ്ഞു.

ക്രിസ്ത്യാനികളും മുസ്‌ലിങ്ങളും ഉൾപ്പെടുന്ന ഫലസ്തീനി ജനങ്ങൾ ഒന്നാണെന്നും ഗസയിലും വെസ്റ്റ് ബാങ്കിലും അവർ ഒരുപോലെ കൊല്ലപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഈ വർഷം ക്രിസ്മസ് ആഘോഷങ്ങളെല്ലാം റദ്ദാക്കുകയാണെന്നും മതപരമായ ആചാരങ്ങൾ മാത്രമേ ഉണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു.

കൗൺസിൽ ഓഫ് മുഫ്‌തീസ്‌ ഓഫ് റഷ്യയുടെ കോ ചെയർമാൻ നാഫിഗുല്ല അശിറോവും ഇസ്രഈലി ആക്രമണങ്ങളെ അപലപിച്ചു.

Content Highlight: Muslim, Jewish, Christian faith leaders chant in unison: ‘Free Palestine’