World News
റമദാന്‍ മാസത്തില്‍ ജയിലില്‍ ഹലാല്‍ ഭക്ഷണം നല്‍കുന്നില്ല; പരാതിയുമായി യു.എസിലെ തടവുകാരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Apr 20, 06:52 am
Wednesday, 20th April 2022, 12:22 pm

ജോര്‍ജിയ: റമദാന്‍ മാസത്തില്‍ തനിക്ക് ഹലാല്‍ ഭക്ഷണം നല്‍കാന്‍ ജയില്‍ അധികൃതര്‍ വിസമ്മതിച്ചുവെന്ന പരാതിയുമായി തടവുകാരന്‍. യു.എസിലെ ജോര്‍ജിയയിലാണ് സംഭവം.

നോര്‍മാന്‍ സിമ്മന്‍സ് എന്ന തടവുകാരനുവേണ്ടി കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷനാണ് പരാതി നല്‍കിയത്.

ജോര്‍ജിയയിലെ ഡികാബ് കൗണ്ടി ജയിലിനെതിരെയാണ് പരാതി. റമദാന്‍ മാസം തുടങ്ങിയത് മുതല്‍ തനിക്ക് ഹലാല്‍ ഭക്ഷണം വേണമെന്ന് ജയിലധികൃതരോട് ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ അധികൃതര്‍ ഇതുവരെ ഇതിന് തയ്യാറായിട്ടില്ലെന്നുമാണ് പരാതിയില്‍ പറയുന്നത്. ജയിലില്‍ നോമ്പെടുക്കുന്ന തനിക്ക് പലപ്പോഴും പട്ടിണി കിടക്കേണ്ട സ്ഥിതിയാണെന്നും പരാതിയില്‍ പറയുന്നു.

റമദാനില്‍ മൂന്ന് ദിവസം ഭക്ഷണം പോലും ലഭിച്ചില്ലെന്നും പരാതിയിലുണ്ട്.
തന്റെ ശരീരഭാരം വല്ലാതെ കുറഞ്ഞുവെന്നും ആസ്ത്മ, ഹൈപ്പര്‍ടെന്‍ഷന്‍ എന്നിവയുള്‍പ്പെടെയുള്ള തനിക്ക് ഇത്തരം അവസ്ഥ അപകടകരമായി ബാധിക്കുമെന്നും പരാതിയില്‍ പറയുന്നു.

 

Content Highlights: Muslim inmate sues US jail for denying halal, timely meals during Ramadan