| Thursday, 16th April 2020, 11:41 pm

ലോക്ഡൗണിന്റെ മറവില്‍ ഡല്‍ഹിയില്‍ നടക്കുന്നത് മുസ്ലിം വേട്ടയോ?

അഷ്ഫാഖ്‌

ഈ ലോക്ക്ഡൗണ്‍ വേളയില്‍ ജനങ്ങളെ മുഴുവന്‍ ലക്ഷ്മണ രേഖക്കുള്ളിലാക്കി തലസ്ഥാന നഗരിയില്‍ പൗരത്വവിരുദ്ധ സമരക്കാരെ വേട്ടയാടുകയാണ് മോദി സര്‍ക്കാരും അവരുടെ പോലിസും. മാര്‍ച്ച് 25ന് ഷാഹീന്‍ബാഗിലെയും ഹൗസ് റാണിയിലെയും തുര്‍ക്മാന്‍ ഗേറ്റിലെയും എന്‍ആര്‍സി വിരുദ്ധ സമര പന്തലുകള്‍ പൊളിച്ചും ജാമിഅയിലെ മതിലുകളിലെ ഗ്രാഫിറ്റികള്‍ മായ്ച്ചു കളഞ്ഞുമാണ് നഗരത്തിലെ ‘സോഷ്യല്‍ ഡിസ്റ്റന്‍സിങ്’ ഡല്‍ഹി പോലിസ് ഉറപ്പുവരുത്തിയത്.

കൃത്യനിര്‍വഹണത്തില്‍ പോലിസുകാര്‍ കാര്യക്ഷമരാണോ എന്നറിയാന്‍ ട്രാക്ടറില്‍ നിരീക്ഷണത്തിലേര്‍പ്പെട്ടിരുന്നു ചില സംഘപുത്രന്മാര്‍. മൂന്നു ദിവസം നീണ്ടു നിന്ന മുസ്‌ലിം വിരുദ്ധ നരനായാട്ടില്‍ സര്‍വവും നഷ്ടപ്പെട്ടു മുസ്തഫാബാദിലെ റിലീഫ് ക്യാംപില്‍ അഭയം തേടിയ ജനങ്ങളെ തെരുവിലിറക്കി വിട്ട് ക്യാംപ് അടച്ചുപൂട്ടി ഡല്‍ഹി സര്‍ക്കാരും വഖഫ് ബോര്‍ഡും കോവിഡ് കാലത്തെ മുസ്‌ലിം വിരുദ്ധ രാഷ്ട്രീയത്തിന് സജീവ പിന്തുണ നല്‍കി.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ പൗരത്വ വിരുദ്ധ സമരത്തില്‍ പ്രധാന പങ്ക് വഹിച്ച മുസ്‌ലിം വിദ്യാര്‍ഥി നേതാക്കളെയും ആക്ടിവിസ്റ്റുകളെയും ഡല്‍ഹി കലാപത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാരോപിച്ചു അറസ്റ്റ് ചെയ്യുകയായിരുന്നു പോലിസ്. ജാമിയ മില്ലിയ ഇസ്ലാമിയയിലെ പിഎച്ച്ഡി വിദ്യാര്‍ഥിയും ആര്‍ജെഡിയുടെ യുവജന വിഭാഗം ഡല്‍ഹി യൂനിറ്റ് പ്രസിഡന്റുമായ മീരാന്‍ ഹൈദറിനെയും ജാമിയ കോ ഓഡിനേഷന്‍ കമ്മിറ്റിയുടെ (ജെസിസി) മീഡിയ കോ ഓഡിനേറ്ററും ജാമിഅയില്‍ പിഎച്ച്ഡി വിദ്യാര്‍ഥിയുമായ സഫൂറ സര്‍ഗാറിനെയും ലോക്ഡോണ്‍ കാലത്താണ് പോലിസ് അറസ്റ്റ് ചെയ്തത്. അണിയറയില്‍ ഇനിയുമൊരുപാട് അറസ്റ്റുകള്‍ നടത്താനുള്ള തിരക്കഥകള്‍ മെനഞ്ഞു കഴിഞ്ഞു ഡല്‍ഹി പോലിസിന്റെ സ്‌പെഷ്യല്‍ സെല്‍.

മീരാന്‍ ഹൈദര്‍, സഫൂറ സര്‍ഗാര്‍

ഏകദേശം അമ്പതിലേറെ വിദ്യാര്‍ഥികള്‍ക്കാണ് എന്‍ആര്‍സി വിരുദ്ധ കലാപത്തില്‍ പങ്കുണ്ടെന്നാരോപിച്ചു ഡല്‍ഹി പോലിസിന്റെ സ്‌പെഷ്യല്‍ സെല്‍ നോട്ടിസ് അയച്ചത്. നോട്ടിസ് കൈപറ്റിയ എല്ലാവരോടും ഏപ്രില്‍ 20നു സ്‌പെഷ്യല്‍ സെല്ലിന്റെ ലോധി റോഡ് ഓഫിസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നോട്ടിസ് കൈപ്പറ്റിയവരില്‍ ജെസിസി അംഗങ്ങളും ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരും ഫെമിനിസ്റ്റ് സംഘടനയായ പിഞ്ചറ തോഡ് (pinjratod) അംഗങ്ങളും ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളും ഉള്‍പ്പെട്ടിട്ടുണ്ട്. മാര്‍ച്ച് 6നു രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ പ്രകാരം ആരോപിതര്‍ക്കെതിരെ വധശ്രമത്തിനും നരഹത്യക്കുമാണ് പോലിസ് കേസ് എടുത്തത്.

ഏപ്രില്‍ ഒന്നാം തിയതിയാണ് മീരാന്‍ ഹൈദറിനെ പോലിസ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 31നു മുന്‍ ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനും വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ ഭജനപുര സ്വദേശിയായ ദാനിഷിനുമെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ നമ്പര്‍: 59/2020 യുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യാനായി വിളിപ്പിച്ച ഹൈദറിനെ അതിനു ശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു പോലിസ്. ഐപിസി 124 എ (രാജ്യദ്രോഹം), 302 (കൊലപാതകം), 307(വധശ്രമം), 153 എ (മത സ്പര്‍ധ വളര്‍ത്തല്‍), 120ബി(ഗൂഢാലോചന ) എന്നിവയുള്‍പ്പെടെ നിരവധി വകുപ്പുകള്‍ ചേര്‍ത്താണ് മീരാനെ അറസ്റ്റു ചെയ്തത്.

പോലിസിന്റെ എഫ്‌ഐആര്‍ പ്രകാരം ഉമര്‍ ഖാലിദും സുഹൃത്തുക്കളും ചേര്‍ന്നാണ് ഡല്‍ഹി കലാപം ആസൂത്രണം ചെയ്തു നടപ്പാക്കിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണാല്‍ഡ് ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശനം അലങ്കോലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഉമര്‍ കലാപം ആസൂത്രണം ചെയ്തത് എന്നാണ് ഡല്‍ഹി ക്രൈം ബ്രാഞ്ചിലെ അരവിന്ദ് കുമാറിന്റെ വാദം. തെളിവായി അദ്ദേഹം നിരത്തിയത് ഉമര്‍ രണ്ട് എന്‍ആര്‍സി വിരുദ്ധ സമര വേദികളില്‍ നടത്തിയ പ്രസംഗങ്ങളാണ്. ഫെബ്രുവരി 17നു മഹാരാഷ്ട്രയിലെ അമരാവതിയില്‍ ഉമര്‍ നടത്തിയ പ്രസംഗത്തില്‍ നിന്നും എഡിറ്റ് ചെയ്ത ചില ഭാഗങ്ങള്‍ ബിജെപി ഐടി സെല്ലും നേതാക്കന്മാരും കുറേ കാലങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു.

ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയില്‍ വരുന്ന ദിവസം ജനങ്ങളോട് തെരുവിലിറങ്ങി റോഡ് ഉപരോധിക്കണം എന്ന് ഉമര്‍ പറഞ്ഞു എന്നവകാശപ്പെടുന്ന 40 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ് ബിജെപി നേതാക്കളായ മീനാക്ഷി ലേഖി, തെജസ്വി സൂര്യ, ആഭ്യന്തര മന്ത്രി അമിത്ഷാ തുടങ്ങിയവര്‍ പാര്‍ലമെന്റിലും അവതരിപ്പിച്ചിരുന്നു. ഉമര്‍ അംഗമായ യുണൈറ്റഡ് എഗൈന്‍സ്റ്റ് ഹേറ്റ് എന്ന സംഘടനയെ അപകീര്‍ത്തിപ്പെടുത്താന്‍ ആണ് ബിജെപി നേതാക്കള്‍ ഈ അവസരം വിനിയോഗിച്ചത്. ഇതേ തുടര്‍ന്ന് പ്രമുഖ വെബ് പോര്‍ട്ടലായ ‘ദി വയര്‍’ നടത്തിയ അന്വേഷണത്തില്‍ 20 മിനുട്ടോളം നീണ്ടുനില്‍ക്കുന്ന പ്രസംഗത്തില്‍ നിന്നും സമര്‍ത്ഥമായി അടര്‍ത്തിയെടുത്തതാണ് ഈ വീഡിയോ എന്ന് ബോധ്യപ്പെട്ടു.

‘ഫെബ്രുവരി 24ന് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയില്‍ എത്തുമ്പോള്‍, പ്രധാനമന്ത്രിയും സര്‍ക്കാരും ചേര്‍ന്ന് ഈ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുകയാണ് എന്ന് നമ്മള്‍ ഉറക്കെ വിളിച്ചുപറയും. മഹാത്മാ ഗാന്ധിയുടെ മൂല്യങ്ങളെയാണ് നശിപ്പിക്കുന്ന അവര്‍ക്കെതിരെ ഇന്ത്യന്‍ ജനത പോരാടുകയാണ്. ഭരണാധികാരികാരികള്‍ രാജ്യത്തെ വെട്ടിമുറിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ ഇന്ത്യന്‍ ജനത രാജ്യത്തെ ഒന്നിപ്പിക്കാനുള്ള ശ്രമം തുടര്‍ന്ന് കൊണ്ടേയിരിക്കും. ഞങ്ങള്‍ തെരുവിലേക്കിറങ്ങും’ ഇതായിരുന്നു ആ പ്രസംഗത്തില്‍ ഉമര്‍ പറഞ്ഞത്. മഹാത്മാ ഗാന്ധി നമുക്ക് നല്‍കിയ അഹിംസ, സത്യഗ്രഹം എന്നീ രണ്ട് ആയുധങ്ങള്‍ ഉപയോഗിച്ച് കൊണ്ടാണ് നമ്മള്‍ വെറുപ്പിന്റെ രാഷ്ട്രീയത്തെ സ്‌നേഹം കൊണ്ട് നേരിടുക എന്നും പ്രസ്തുത പ്രസംഗത്തില്‍ ഉമര്‍ വ്യക്തമാക്കുന്നുണ്ട്. ഈ പ്രസംഗത്തെയാണ് ഡല്‍ഹി കലാപത്തിനുള്ള ഉത്തേജനമായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണക്കാക്കുന്നത്. ബിജെപി ഐടി സെല്ലുകള്‍ നിര്‍മിക്കുന്ന കൃതിമവാര്‍ത്തകളെ അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രധാന തെളിവുകളായി പരിഗണിക്കുന്ന അവസ്ഥയിലേക്കാണ് രാജ്യത്തിന്റെ പോക്ക്.

ഏപ്രില്‍ 11നാണ് ജെസിസി മീഡിയ കോ ഓഡിനേറ്ററായ സഫൂറ സര്‍ഗാറിനെ ലോക്കല്‍ പോലിസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയ സഫൂറയെ ജാഫറാബാദ് മെട്രോ സ്റ്റേഷനില്‍ പൗരത്വ വിരുദ്ധ സമരം സംഘടിപ്പിക്കുകയും അത് വഴി കലാപത്തിന് കാരണക്കാരിയാവുകയും ചെയ്തു എന്നാരോപിച്ചു വടക്കു കിഴക്കന്‍ ഡല്‍ഹി പോലിസ് വീണ്ടും അറസ്റ്റ് ചെയ്തു. മൂന്നു മാസം ഗര്‍ഭിണിയായ സഫൂറ എന്‍ആര്‍സി വിരുദ്ധ പോരാട്ടത്തില്‍ സജീവ സാന്നിധ്യമായിരുന്നു.

പൗരത്വ വിരുദ്ധ പോരാട്ടത്തില്‍ പ്രധാന പങ്കുവഹിച്ച മീരാന്‍ ലോക്ഡോണ്‍ കാലത്തെ റിലീഫ് പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. മാര്‍ച്ച് 27നു മീരാന്റെ നേതൃത്വത്തില്‍ ഡല്‍ഹി കരം പുരയില്‍ താമസിക്കുന്ന ബീഹാറില്‍ നിന്നുള്ള 100 അതിഥി തൊഴിലാളികള്‍ക്ക് 250 കിലോ അരിയും, 100 കിലോ ആട്ടയും 50 കിലോ ദാലും 10 ലിറ്റര്‍ എണ്ണയും വിതരണം ചെയ്തിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലും ഡല്‍ഹി സര്‍ക്കാരുമായും വിവിധ സംഘടനകളുമായും സഹകരിച്ചു കൊണ്ട് റിലീഫ് പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരുന്നു മീരാന്‍. വിയോജിപ്പികളെ ഇല്ലാതാക്കാനുള്ള ഭരണകൂടശ്രമത്തിന്റെ ഭാഗമായാണ് മീരാന്‍ ഹൈദറിനെ അറസ്റ്റ് ചെയ്തത് എന്നും അറസ്റ്റിനു പ്രധാന കാരണം അവന്റെ മുസ്‌ലിം നാമമാണ് എന്നാണ് ആര്‍ജെഡി രാജ്യസഭാ എംപിയായ മനോജ് ഝാ അഭിപ്രായപ്പെട്ടത്.

സീലംപൂര്‍, ജാമിയ നഗര്‍, ഷഹീന്‍ ഭാഗ് എന്നിവിടങ്ങളിലെ ചെറുപ്പക്കാരെയും പോലിസ് വേട്ടയാടുന്നുണ്ട്. സീലംപുര്‍ സമരത്തില്‍ പ്രധാന പങ്കു വഹിച്ച ഒരുപാട് വനിതകള്‍ പോലിസ് നിരീക്ഷണത്തിലാണ്. ചിലരെ പോലിസ് കസ്റ്റഡിയിലെടുത്തതായും റിപോര്‍ട്ടുകള്‍ ഉണ്ട്. ഷാഹീന്‍ബാഗ് സമരത്തില്‍ പ്രധാന പങ്കുവഹിച്ച മുന്‍ ഐഐടി വിദ്യാര്‍ഥിയായ ആസിഫ് മുജ്തബയെ ഏപ്രില്‍ 14 നു വൈകുന്നേരം സ്‌പെഷ്യല്‍ സെല്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. കാരവന്‍ മാഗസിന്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത പ്രകാരം ജാമിയ നഗറിലെ മൂന്ന് പേരെ ഡിസംബര്‍ 16നു നടന്ന പൗരത്വ പ്രക്ഷോഭത്തിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്തു.

ജാമിയ നഗര്‍ സ്വദേശിയായ ആശു ഖാനെ ഏപ്രില്‍ 4 നാണു ശഹീന്‍ സ്റ്റേഷനില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ജാമിയ നഗര്‍, ന്യൂ ഫ്രണ്ട്‌സ് കോളനി, ശഹീന്‍ബാഗ് എന്നീ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട മൂന്ന് വ്യത്യസ്ത എഫ്‌ഐആര്‍ പ്രകാരമാണ് അറസ്റ്റ്. ശഹീന്‍ഭാഗ് പോലിസ് സ്റ്റേഷനില്‍ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരമാണ് ആശു ഖാനും സ്ത്രീകളുള്‍പ്പടെയുള്ള സംഘത്തിനെതിരെ ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചു ശഹീന്‍ഭാഗ് സമരപ്പന്തലില്‍ ഒത്തുകൂടിയതിനു കേസെടുത്തത്. അല്‍ ശിഫ ഹോസ്പിറ്റലില്‍ ലാബ് ടെക്നീഷ്യനായ അബ്ദുല്‍ സത്താറിന് ചാണക്യപുരിയിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ ഹാജരാകുവാനായി ആവശ്യപ്പെട്ടുകൊണ്ട് നോട്ടിസ് ലഭിക്കുന്നത് ഏപ്രില്‍ 5നാണ്. ഡിസംബര്‍ 16നു രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ നമ്പര്‍: 242/ 19മായി ബന്ധപ്പെട്ടാണ് സത്താറിനെ പോലിസ് വിളിപ്പിച്ചത്.

ഏപ്രില്‍ 8 ക്രൈം ബ്രാഞ്ച് ഓഫിസില്‍ ഹാജരായ സത്താറിനോട് അവര്‍ ഡിസംബര്‍ 15നു നടന്ന സംഭവത്തെകുറിച്ച ചോദിച്ചു. ഡിസംബര്‍ 15ആം തിയതി ജാമിയ വിദ്യാര്‍ഥികളും പ്രദേശവാസികളും നടത്തിയ പൗരത്വ വിരുദ്ധ പ്രക്ഷോഭം പോലിസിന്റെ ഇടപെടലിന് ശേഷം അക്രമാസക്തമായിരുന്നു. അക്രമപരമ്പരയില്‍ പങ്കില്ല എന്നും ജനാധിപത്യ രീതിയില്‍ പ്രധിഷേധിക്കുക മാത്രമാണ് താന്‍ ചെയ്തത് എന്ന സത്താറിന്റെ വാദത്തെ പോലിസ് അംഗീകരിച്ചില്ല. അന്വേഷണം പൂര്‍ത്തീകരിച്ച ശേഷം അറസ്റ്റ് ചെയ്യും എന്ന് ഭീഷണിപ്പെടുത്തിയാണ് ക്രൈം ബ്രാഞ്ച് ഓഫിസര്‍മാര്‍ സത്താറിനെ തിരിച്ചയച്ചത്. ജാമിയ നഗറിലെയും ശഹീന്‍ബാഗിലെയും മുസ്ലിം ചെറുപ്പക്കാര്‍ക്ക് പോലിസ് ഇടപെടല്‍ കാരണം ലോക്ഡോണ്‍ കാലത്തെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ ദുഷ്‌കരമാവുകയാണ്. പൗരത്വ വിരുദ്ധ സമരത്തില്‍ പങ്കെടുത്തവരുടെ പ്രൊഫൈലിങ് പോലിസ് നടത്തിയത് കാരണം ഏതു നിമിഷവും അറസ്റ്റ് ചെയ്യപ്പെടാം എന്ന അവസ്ഥയില്‍ കഴിയുകയാണ് ഇവിടെയുള്ള ഭൂരിഭാഗം ആളുകളും.

കൊറോണ പടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ ജയിലുകളിലെ തിരക്ക് കുറക്കാന്‍ വിചാരണത്തടവുകാര്‍ക്കും ഏഴു വര്‍ഷം വരെ ശിക്ഷ ലഭിച്ചവര്‍ക്കും പരോളോ ഇടക്കാല ജാമ്യമോ അനുവദിക്കണം എന്ന് സുപ്രിം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഈ നിര്‍ദേശങ്ങളെയൊക്കെ കാറ്റില്‍ പറത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ കൊറോണക്കാലത്തെ മുസ് ലിം വേട്ടയുമായി മുന്നേറുന്നത്. കോവിഡ് -19 എന്ന വൈറസിനെ നിസാമുദ്ദീനില്‍ നിന്നും ഉദ്ഭവിച്ച മാപ്പിളയായി കാണുന്ന വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തിന് നീതിയും മനുഷ്യാവകാശങ്ങളുമെല്ലാം വെറും തമാശകളാണ്.

ഫെബ്രുവരി 26ാം തിയതി വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ എന്‍ആര്‍സി വിരുദ്ധ സമരപ്പന്തലില്‍ വച്ചാണ് യുനൈറ്റഡ് എഗൈന്‍സ്റ്റ് ഹേറ്റ് സ്ഥാപക നേതാവായ ഖാലിദ് സൈഫിയെയും മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലറും ഖുറേജിയിലെ പ്രധാന വോളന്റിയറുമായ ഇശ്രത് ജഹാനെയും പോലിസ് അറസ്റ്റ് ചെയ്തത്.

ഫെബ്രുവരി 24നു സംഘര്‍ഷ സാധ്യത കണക്കിലെടുത്തു ഖുറേജിയിലെ സമരപ്പന്തലില്‍ നിന്ന് സ്ത്രീകളെ ഒഴിപ്പിച്ചു റോഡ് കാലിയാക്കാന്‍ മുന്‍കൈയെടുത്ത ആളാണ് ഖാലിദ്. ഫെബ്രുവരി 26ാം തിയതി ആളൊഴിഞ്ഞ സമരപ്പന്തല്‍ തകര്‍ക്കാന്‍ ഡല്‍ഹി പോലിസ് ഖുറേജിയിലെത്തി എന്നറിഞ്ഞ ഖാലിദ് അവിടെയെത്തി പോലിസിനോട് രമ്യമായി സംസാരിച്ചു പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കൃത്യനിര്‍വഹണത്തിനെത്തിയ ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചു ഖാലിദിനെയും ഇശ്‌റത്തിനെയും പോലിസ് അറസ്റ്റ് ചെയ്തു.

പോലിസ് കസ്റ്റഡിയില്‍ വച്ച് ക്രൂരമായി മര്‍ദ്ദിക്കപ്പെട്ട ഖാലിദ് രണ്ടു കാലിനും പരിക്കേറ്റ നിലയില്‍ വീല്‍ ചെയറിലാണ് കോടതിയില്‍ ഹിയറിങ്ങിനെത്തിയത്. കസ്റ്റഡിക്കിടയില്‍ രചിക്കപ്പെട്ട ഡല്‍ഹി പോലിസിന്റെ തിരക്കഥ പ്രകാരം ഖാലിദും ഇശ്റത്തും ഡല്‍ഹി കലാപത്തിന്റെ പ്രധാന കാരണക്കാരായി മാറി. ആള്‍ക്കൂട്ട കൊലപാതങ്ങള്‍ക്കെതിരെയും, അസം എന്‍ആര്‍സി വിഷയത്തിലും പൗരത്വ ഭേദഗതി വിഷയവുമായി ബന്ധപ്പെട്ടും യുണൈറ്റഡ് എഗൈന്‍സ്റ്റ് ഹേറ്റ് സംഘടിപ്പിച്ച പ്രക്ഷോഭങ്ങളുടെയെല്ലാം മുന്‍ നിരയിലുണ്ടായിരുന്നു ഖാലിദ് സൈഫി. വര്‍ഗീയ വിഷം ചീറ്റുന്ന വിദ്വേഷപ്രസംഗങ്ങളുമായി കപില്‍ മിശ്രമാരും പര്‍വേശ് വര്‍മമാരും അനുരാഗ് താക്കൂര്‍മാരും സൈ്വര്യവിഹാരം നടത്തുമ്പോള്‍ നിരപരാധികളായ സൈഫികളെയും ഖാന്മാരെയും കൊണ്ട് നിറയുകയാണ് ഇന്ത്യന്‍ ജയിലകങ്ങള്‍.

അഷ്ഫാഖ്‌

ഡല്‍ഹിയില്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more