പൗരത്വനിയമ പ്രക്ഷോഭത്തില്‍ സിഖ് വിഭാഗത്തിന്റെ പിന്തുണ തേടി മുസ്‌ലിം; അകേല്‍ തക്തിന് മെമ്മോറാണ്ടം സമര്‍പ്പിച്ചു
CAA Protest
പൗരത്വനിയമ പ്രക്ഷോഭത്തില്‍ സിഖ് വിഭാഗത്തിന്റെ പിന്തുണ തേടി മുസ്‌ലിം; അകേല്‍ തക്തിന് മെമ്മോറാണ്ടം സമര്‍പ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th February 2020, 1:52 pm

ന്യൂദല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ സിഖ് വിഭാഗത്തിന്റെ പിന്തുണ ആവശ്യപ്പെട്ട് ഒരു കൂട്ടം മുസ്‌ലിങ്ങള്‍ സിഖ് ഉന്നത സമിതിയായ അകാല്‍ തക്ത് സെക്രട്ടറിയേറ്റില്‍ മെമ്മോറാണ്ടം സമര്‍പ്പിച്ചു. സിഖ് നേതാവായ അകേല്‍ തക്ത് ജാദേധാര്‍ അമൃത്സറില്‍ ഇല്ലാത്തതില്‍ അദ്ദേഹത്തിന്റെ സ്റ്റാഫാണ് മെമ്മോറാണ്ടം കൈപ്പറ്റിയത്.

സംഘം സുവര്‍ണ്ണക്ഷേത്രത്തില്‍ പ്രണാമമര്‍പ്പിക്കുകയും സിഖ് ദേവാലയത്തിന്റെ പ്രധാന കവാടത്തിന് പുറത്ത് വെള്ളിയാഴ്ച പ്രാര്‍ത്ഥന നടത്തുകയും ചെയ്തു.

‘അകാല്‍ തക്ത് എന്താണോ പറയുന്നത് അത് ലോകത്തെ മുഴുവന്‍ സിഖുകാരും കേള്‍ക്കും. ഞങ്ങള്‍ ഇപ്പോള്‍ ഇവിടെയെത്തിയത് പൗരത്വഭേദഗതി നിയമത്തില്‍ അകാല്‍ തക്തിന്റെ നിലപാട് അറിയുന്നതിന് വേണ്ടിയാണ്. ഇത് രാജ്യത്തെ കാവിവല്‍ക്കരണത്തെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ്. എല്ലാവരും തുല്ല്യരായി ജീവിക്കുന്നതാണ് നമ്മള്‍ സ്വപ്‌നം കാണുന്നത്. നമ്മള്‍ക്ക് പട്ടിണിയില്‍ നിന്നും തൊഴിലില്ലായ്മയില്‍ നിന്നും നിരക്ഷരതയില്‍ നിന്നും മോചനം വേണം.’ മെമ്മോറാണ്ടം സമര്‍പ്പിച്ച പാനലിലെ അംഗം പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിന്റെ പരിധിയില്‍ മുസ്‌ലിങ്ങളെ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി നേരത്തെ അകാല്‍ തക്ത് രംഗത്തെത്തിയിരുന്നു.

നേരത്തെ ആര്‍.എസ്.എസിനെ നിരോധിക്കണമെന്ന ആവശ്യവും അകാല്‍ തക്ത് ഉയര്‍ത്തിയിരുന്നു. ആര്‍.എസ്.എസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചാല്‍ അത് രാജ്യത്തെ വിഭജിക്കുന്നതിലേക്ക് നയിക്കുമെന്നായിരുന്നു അകാല്‍ തക്ത് നേതാവ് ഗിയാനി ഹര്‍പ്രീത് സിങ് അഭിപ്രായപ്പെട്ടത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ