ജമ്മു: സൈനിക ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട തീവ്രവാദികള്‍ക്ക് ഇസ്‌ലാമിക ആചാരപ്രകാരമുള്ള മരണാനന്തര ചടങ്ങുകള്‍ നിഷേധിച്ച് മുസ്‌ലിം പള്ളി ശ്മശാനങ്ങള്‍. തീവ്രവാദികളുടെ ആശയങ്ങള്‍ ഇസ്‌ലാമിക തത്വങ്ങളുമായി ചേര്‍ന്നു പോകുന്നതല്ല എന്ന കാരണം കാണിച്ച് പള്ളികള്‍ സംസ്‌കാരച്ചടങ്ങുകള്‍ നടത്താന്‍ വിസമ്മതിക്കുകയായിരുന്നു.
ജയ്ഷ് ഇ മുഹമ്മദ് തീവ്രവാദ സംഘടനയിലുള്‍പ്പെട്ട മൂന്നു പാകിസ്താന്‍ സ്വദേശികള്‍ കഴിഞ്ഞ സെപ്തംബര്‍ 13ന് ദിര്‍ത്തി ഗ്രാമത്തില്‍ നടന്ന സൈനിക ഏറ്റുമുട്ടലില്‍ വെടിയേറ്റു മരിച്ചിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ രണ്ടു ദിവസത്തോളം ഏറ്റെടുക്കാനാളില്ലാതെ മോര്‍ച്ചറിയില്‍ കിടന്നിരുന്നതായി ജമ്മു കാശ്മീര്‍ പൊലീസ് പറയുന്നു.
Also Read: ഇന്ത്യയുടെ കാവല്‍ക്കാരന്‍ കള്ളനാണ്: രാഹുല്‍ഗാന്ധി
ഇതിനു ശേഷം അധികൃതര്‍ ഇടപെട്ട് ഇവരെ ഇസ്‌ലാമികാചാരപ്രകാരം സംസ്‌കരിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ഒരു മുസ്‌ലിം ശ്മശാനവും ഇതിനു തയ്യാറായിരുന്നില്ല. ഇസ്‌ലാമിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ മുസ്‌ലിം ശ്മശാനങ്ങളില്‍ അടക്കാനാവില്ലെന്ന് അറിയിക്കുകയായിരുന്നു.
ഒടുവില്‍, അധികൃതര്‍ ഇടപെട്ട് മുസ്‌ലിം പുരോഹിതനെ കൊണ്ടുവന്ന് അന്ത്യകര്‍മങ്ങള്‍ നടത്തി മറ്റൊരിടത്ത് മൃതദേഹം മറവു ചെയ്യുകയായിരുന്നു. നേരത്തേയും ഇത്തരത്തില്‍ മുസ്‌ലിം ശ്മശാനങ്ങളില്‍ ഇടം നല്‍കാത്തതിനാല്‍ കൊല്ലപ്പെട്ട തീവ്രവാദികളെ മറ്റു രഹസ്യ സ്ഥലങ്ങളില്‍ മറവു ചെയ്തിരുന്നു.