| Friday, 28th June 2013, 3:17 pm

പെണ്‍കുട്ടികള്‍ വഴിപിഴക്കാതിരിക്കാന്‍ 16 ാം വയസില്‍ കെട്ടിക്കണം: കാന്തപുരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]മലപ്പുറം: മുസ്‌ലീം പെണ്‍കുട്ടികളുടെ വിവാഹ പ്രായം 16 ആക്കി നിലനിര്‍ത്തണമെന്ന് അഖിലേന്ത്യ ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി ##കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍. []

പെണ്‍കുട്ടികള്‍ വഴി പിഴച്ചുപോകാ തിരിക്കാന്‍ അതാണ് നല്ലതെന്നും പെണ്‍കുട്ടികളെ പതിനാറ് വയസില്‍ വിവാഹം കഴിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പതിനാറ് വയസിലേത് ##ശൈശവ വിവാഹമല്ല. ആ പ്രായത്തില്‍ തന്നെയാണ് പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കേണ്ടത്. മറ്റു മതങ്ങളും ഈ രീതി തന്നെ സ്വീകരിക്കണമെന്നും കാന്തപുരം പറഞ്ഞു.
മുസ്‌ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ആക്കി പുതിയ സര്‍ക്കുലര്‍ സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കിയിരുന്നു. ഇന്നലെ വരെ നടന്ന 18 വയസ്സില്‍ താഴെയുള്ള വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കിയിരുന്നു.

മുസ്‌ലീം കുട്ടികളുടെ വിവാഹ പ്രായം 16 ആക്കുന്ന സര്‍ക്കുലര്‍ നേരത്തെ വിവാദത്തിലായിരുന്നു.  2006 ലെ ശൈശവ വിവാഹ നിരോധന നിയമം  മറിടക്കുന്ന സര്‍ക്കുലര്‍ തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിംസ് വര്‍ഗീസാണ് പുറത്തിറക്കിയത്.

നിലവില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18  ഉം ആണ്‍കുട്ടികളുടേത് 21 ഉം വയസ്സാക്കിയുളള നിയമം നിലനില്‍ക്കെയാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ സര്‍ക്കുലര്‍ ഇറങ്ങിയത്. പതിനെട്ട് തികയാത്ത കാരണത്താല്‍ തദ്ദേശ സ്ഥാപനങ്ങള്‍ വിവാഹത്തിന് രജിസ്‌ട്രേഷന്‍ നല്‍കുന്നില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്.

2013 ജൂണ്‍ നാലിന് തദ്ദേശ വകുപ്പ് നല്‍കിയ ഉത്തരവ് രാജ്യത്തെ നിയമങ്ങളെ പരസ്യമായി ലംഘിച്ചുകൊണ്ടുള്ളതാണ്. 2006ലെ ശൈശവ വിവാഹ നിരോധന നിയമപ്രകാരം 21 വയസ്സ് തികയാത്ത പുരുഷനും 16 വയസ്സ് തികയാത്ത സ്ത്രീയും വിവാഹം ചെയ്യുന്നത് നിയമവിരുദ്ധമാണ്.

16 വയസുള്ള പെണ്‍കുട്ടികളുടെ വിവാഹത്തിന് നിയമസാധുത നല്‍കുന്ന സര്‍ക്കുലറിനെതിരേ വിവിധ സംഘടകനളില്‍നിന്ന് കടുത്ത എതിര്‍പ്പാണ് ഉയര്‍ന്നത്. മുസ്ലിം വനിതാ സംഘടനകളും പ്രതിപക്ഷ വനിതാ സംഘടനകളും അടക്കമുള്ളവര്‍ ഇതിനെതിരേ വന്നിരുന്നു.

ഇതേത്തുടര്‍ന്ന് മുസ്‌ലീം വിവാഹപ്രായം സംബന്ധിച്ച വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ ഇന്നലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സര്‍ക്കുലറിനെ ചോദ്യം ചെയ്ത് പുനര്‍ജനി ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കിയ ഹരജിയിലാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്.

രണ്ടാഴ്ച്ചക്കുള്ളില്‍ സര്‍ക്കുലര്‍ പിന്‍വലിച്ച് വിശദീകരണം നല്‍കണമെന്ന് കോടതി സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ശൈശവ വിവാഹങ്ങള്‍ ക്രിമിനല്‍ കുറ്റമാണെന്നും ഇത് രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കാതെ നിയമ നടപടിയെടുക്കണമെന്നും ഹരജിയില്‍ പുനര്‍ജനി ആവശ്യപ്പെട്ടിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more