അന്യമത വിവാഹം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് മുസ്‌ലിം പെണ്‍കുട്ടികളെ; നിയമം കൊണ്ടുവന്നാല്‍ പിന്തുണയ്ക്കുമെന്നും അബ്ദുള്‍ ഹകീം അസ്ഹരി
കോഴിക്കോട്: അന്യമത വിവാഹം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് മുസ്‌ലിം പെണ്‍കുട്ടികളെയാണെന്നും നിയമം കൊണ്ടുവന്നാല്‍ പിന്തുണയ്ക്കുമെന്നും എസ്.വൈ.എസ് ജനറല്‍ സെക്രട്ടറി എ.പി. അബ്ദുള്‍ ഹകീം അസ്ഹരി.
ലവ് ജിഹാദ്, നാര്‍കോട്ടിക് ജിഹാദ് പ്രചാരണങ്ങള്‍ അര്‍ത്ഥ ശൂന്യമാണെന്നും എന്നാല്‍ പ്രകോപനപരമായ പ്രതികരണങ്ങള്‍ സാമുദായിക സൗഹാര്‍ദം തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. മീഡിയ വണ്‍ ചാനലിനോടായിരുന്നു ഹകീം അസ്ഹരിയുടെ പ്രതികരണം.
പ്രധാനമായി ഉന്നയിച്ച ഒരു കാര്യം ലവ് ജിഹാദാണ്. പ്രണയിച്ച് കൊണ്ട് അന്യമതത്തിലേക്ക് അവരുടെ പെണ്‍കുട്ടികളെ കൊണ്ടു പോവുന്നു. ഇതൊരു വലിയ പ്രശ്‌നമാണ്. മുസ്‌ലിങ്ങളെ അതിനേക്കാളേറെയാണ് ഇത് ബാധിക്കുന്നത്. പെണ്‍കുട്ടികള്‍ വിശുദ്ധി കാത്തു സൂക്ഷിക്കണം, മറ്റു മതക്കാരെ കല്യാണം കഴിക്കരുത് എന്നൊക്കെയുള്ള തീരുമാനമുള്ളത് മുസ്‌ലിം മതത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
മതം വിട്ട് കല്യാണം കഴിക്കരുത്, മാതാപിതാക്കളുടെ സമ്മതമില്ലാതെ കല്യാണം കഴിക്കരുത് തുടങ്ങിയ നിയമ നിര്‍മാണം കൊണ്ടു വന്നാല്‍ അതിനെ ഏറ്റവും ആദ്യം സ്വാഗതം ചെയ്യുന്നത് നമ്മളായിരിക്കും. അത് എല്ലാവര്‍ക്കും ഉപകാരപ്രദമായിരിക്കുമെന്നും അബ്ദുള്‍ ഹകീം പറഞ്ഞു.
ഒപ്പം ഇത്തരം വിവാദങ്ങള്‍ ദൈവിക നിശ്ചയ പ്രകാരം നടക്കുന്നതാണെന്നും ഇത്തരം സംസാരങ്ങള്‍ ഉണ്ടാവുമ്പോഴാണ് മയക്കു മരുന്നിനെക്കുറിച്ചും മദ്യത്തെക്കുറിച്ചും ഇസ്‌ലാമിന്റെ നിലപാടെന്താണെന്ന് ലോകം മനസ്സിലാക്കുന്നതെന്നും ഹകീം അസ്ഹരി പറഞ്ഞു.
ബാബറി മസ്ജിദ് പൊളിച്ച വര്‍ഷത്തിലാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനം നടന്നത്. ഡെന്‍മാര്‍ക്കില്‍ പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തി കാര്‍ട്ടൂണ്‍ ഉണ്ടാക്കിയപ്പോഴാണ് അവിടെ ധാരാളമാളുകള്‍ ഇസ്‌ലാമിലേക്ക് വന്നതെന്നും അദ്ദേഹം പറഞ്ഞു.
അതിനാല്‍ ഇപ്പോഴുള്ള വിവാദങ്ങള്‍ മൂലം നിരവധി പേര്‍ ഇസ്‌ലാമിനെക്കുറിച്ച് അറിയാനും പഠിക്കാനും മതത്തിലേക്ക് വരാനുമുള്ള വലിയ സാധ്യത കാണുന്നുണ്ടെന്നും അബ്ദുള്‍ ഹകീം അസ്ഹരി പറഞ്ഞു.
അതേസമയം കേരളത്തിലെ മതസൗഹാര്‍ദ്ദം തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന ആസൂത്രിത നീക്കങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.
പാല ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക്‌സ് ജിഹാദ് പ്രയോഗത്തോടെയാണ് കേരളത്തില്‍ പുതിയ വിവാദം ഉടലെടുത്തത്.
കേരളത്തില്‍ ക്രിസ്ത്യന്‍ യുവാക്കള്‍ക്കെതിരെ ലവ് ജിഹാദിനൊപ്പം നാര്‍ക്കോട്ടിക്‌സ് ജിഹാദും നടക്കുന്നുവെന്നായിരുന്നു കഴിഞ്ഞ ദിവസം പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞത്.
ചെറിയ പ്രായത്തില്‍ തന്നെ മറ്റു മതത്തിലെ കുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് നാര്‍കോട്ടിക്‌സ് ജിഹാദ് നടക്കുന്നതെന്നും ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തിലുണ്ടെന്നുമായിരുന്നു ജോസഫ് കല്ലറങ്ങാട്ടിന്റെ പരാമര്‍ശം.
മുസ്‌ലിങ്ങളല്ലാത്തവരെ നശിപ്പിക്കണമെന്നും മതവ്യാപനം നടത്തണമെന്നുമുള്ള ലക്ഷ്യത്തോടെയുള്ള ജിഹാദിന് കേരളത്തില്‍ നിലവില്‍ ഉപയോഗിക്കുന്ന പ്രധാന മാര്‍ഗങ്ങളാണ് ലവ് ജിഹാദും നാര്‍ക്കോട്ടിക്‌സ് ജിഹാദുമെന്നാണ് ജോസഫ് കല്ലറങ്ങോട്ട് പറയുന്നത്.
കേരളത്തില്‍ ആയുധങ്ങള്‍ ഉപയോഗിച്ച് കാര്യങ്ങള്‍ നടക്കില്ലെന്ന് മനസിലായപ്പോഴാണ് ഇത്തരം മാര്‍ഗങ്ങള്‍ നടപ്പിലാക്കാന്‍ തുടങ്ങിയതെന്നും ബിഷപ്പ് പറഞ്ഞു. എട്ട് നോമ്പിനടുബന്ധിച്ച് കുറുവിലങ്ങാട് പള്ളിയില്‍ വെച്ചു നടത്തിയ പ്രസംഗത്തിനിടയിലാണ് ബിഷപ്പിന്റെ വിവാദ പ്രസ്താവന.