ഹഫീഫയും ക്ഷേത്രവും തമ്മില്‍ എന്താണ് ബന്ധം; സെക്കുലര്‍ ഇന്ത്യക്ക് കേരളത്തിന്റെ ബാലപാഠം
സൗമ്യ ആര്‍. കൃഷ്ണ

കോഴിക്കോട്: കോഴിക്കോടിനടുത്ത് തിരുവണ്ണൂര്‍ കോവിലകത്തിന്റെ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ശൂരസംഹാരോത്സവം നടക്കുകയാണ്. ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്ര പരിസരങ്ങള്‍ വെള്ള പൂശുന്നത് എല്ലാ വര്‍ഷത്തേയും പതിവാണ്. എന്നാല്‍ ഇത്തവണ ഇതിനൊരു പ്രത്യകതയുണ്ട്.

പരിസരവാസിയും ക്ഷേത്രത്തിനടുത്തായി നടത്തുന്ന അബു സ്റ്റോര്‍സിന്റെ ഉടമയുമായ ഹനീഫയുടെ മകള്‍ ഹഫീഫ വെള്ള പൂശിയ ചുവരുകളില്‍ ചിത്രങ്ങള്‍ വരച്ചു.

താമരശ്ശേരി ലിസ്സ കോളജില്‍ അവസാന വര്‍ഷ സൈക്കോളജി വിദ്യാര്‍ത്ഥിനിയാണ് ഹഫീഫ. ബി. സോണ്‍ ഇന്റര്‍സോണ്‍ മത്സരങ്ങളില്‍ ചിത്രരചനക്ക് സ്മ്മാനങ്ങള്‍ നേടിയിട്ടുണ്ട ഹഫീഫ.

സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ ഭാഗമായത് കൊണ്ട് തന്നെ ഹഫീഫ വരച്ചത് വേലും, മയിലും മറ്റ് ക്ഷേത്രവുമായി ബന്ധപ്പെട്ട ചിത്രങ്ങളും. ഹഫീഫയിലെ ചിത്ര പ്രതിഭയെ പ്രോത്സാഹിക്കുക മാത്രമല്ല സെക്കുലറിസത്തിന്റെ അടിസ്ഥാന പാഠങ്ങള്‍് ഇവര്‍ പങ്കുവെക്കുക കൂടിയാണ് ഇവര്‍ ചെയ്യുന്നത്.

ചായം പൂശിയ ചുവരുകള്‍ കണ്ടപ്പോള്‍ വരക്കാന്‍ ആഗ്രഹം തോന്നിയപ്പോള്‍ വാപ്പയോട് പറഞ്ഞു. വാപ്പ അത് അമ്പല കമ്മിറ്റിയോട് പറയുകയും അവര്‍ അനുവദിക്കുകയും ചെയ്തു. – ഹഫീഫ പറയുന്നു.

ഹഫീഫ വരക്കുമ്പോള്‍ ക്ഷേത്രപരിസരത്തെ വിശ്വാസികള്‍, നാട്ടുകാര്‍ – പായസം വിതരണം ചെയ്ത് അവളുടെ വര ആഘോഷമാക്കി. തങ്ങളുടെ നാടിന്റെ അഭിമാനമായാണ് ഹഫീഫയുടെ പ്രവൃത്തിയെ കാണുന്നതെന്ന് നാട്ടുകാര്‍ ഒന്നടങ്കം പറയുന്നു.

സൗമ്യ ആര്‍. കൃഷ്ണ
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേര്‍സിറ്റിയില്‍ നിന്ന് ബിരുദവും കേരള മീഡിയ അക്കാദമിയില്‍ നിന്ന് ജേണലിസത്തില്‍ പി.ജി.ഡിപ്ലോമയും പൂര്‍ത്തിയാക്കി. 2018 സെപ്തംബര്‍ മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.