ദിസ്പൂര്‍: അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ നിയമത്തിന്റെ പേരില്‍ ബംഗ്ലാദേശികളെന്ന് പ്രഖ്യാപിച്ച് ഒന്നരവര്‍ഷം തടങ്കല്‍ കേന്ദ്രത്തിലടച്ച മുസ് ലിം കുടുംബത്തിന് മോചനം. തടവിലിട്ട മുഹമ്മദ് നൂര്‍ ഹുസൈനെയും കുടുംബത്തിനെയുമാണ് കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ മോചിപ്പിച്ചത്.
പുനര്‍വിചാരണയിലാണ് മുഹമ്മദിന്റെ കുടുംബം ബംഗ്ലാദേശില്‍ നിന്നെത്തിയവരല്ലെന്ന് ഫോറിനേഴ്‌സ് ട്രിബ്യൂണല്‍ കണ്ടെത്തിയത്. ഇതേത്തുടര്‍ന്നാണ് കുടുംബത്തെ മോചിപ്പിക്കാനും പൗരത്വം നല്‍കാനും അസം സര്‍ക്കാര്‍ നിര്‍ബന്ധിതരായത്.
ഞങ്ങള്‍ ഇന്ത്യാക്കാരാണ്. അസമില്‍ തന്നെ ജനിച്ചുവളര്‍ന്നവരാണ്. ഞങ്ങളെ ബംഗ്ലാദേശികളെന്ന് മുദ്രകുത്തി. അന്യായമായി അതിര്‍ത്തി കടന്നെത്തിയവരാണെന്ന് പറഞ്ഞു. ഇതെങ്ങനെ സാധ്യമാകും? ഞാന്‍ ഈ മണ്ണില്‍ ജനിച്ചയാളാണ്, മുഹമ്മദ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
ഇന്ത്യന്‍ പൗരത്വം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കിയില്ലെന്നാരോപിച്ചാണ് മുഹമ്മദിനെയും കുടുംബത്തെയും തടങ്കലിലാക്കിയത്. പൗരത്വ നിയമവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങള്‍ക്കിടെയായിരുന്നു ഇത്.
മുഹമ്മദിന്റെ മുത്തശ്ശനും മുത്തശ്ശിയും 1951ലെ ദേശീയ പൗരത്വ പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. പിതാവിന്റെ പേര് 1965ലെ വോട്ടര്‍ പട്ടികയിലും ഉള്‍പ്പെട്ടിട്ടുണ്ട്.
മുഹമ്മദിന്റെ ഭാര്യ സെഹറാ ബീഗത്തിന്റെ പിതാവും 1951ലെ ദേശീയ പൗരത്വ പട്ടികയിലും 1965ലെ വോട്ടര്‍ പട്ടികയിലും പേരുള്ളവരാണ്. 1958-59 കാലത്തെ ഭൂമി രേഖകളും ഇവര്‍ക്കുണ്ടായിരുന്നു.
എന്നാല്‍ ആവശ്യമായ മുഴുവന്‍ രേഖകളും സമര്‍പ്പിച്ചിട്ടും അധികൃതര്‍ അവഗണിക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
1971 മാര്‍ച്ച് 24 ആയിരുന്നു അസമിലെ പൗരത്വ നിര്‍ണയത്തിലെ കട്ട് ഓഫ് ഡേറ്റ്. ഇതിനു മുമ്പുള്ള മുഴുവന്‍ രേഖകളും കൈവശമുണ്ടായിട്ടും 2017ല്‍ ഇവരുടെ പൗരത്വം അന്വേഷിച്ചെത്തിയ പൊലീസുകാര്‍ ഇതൊന്നും പരിഗണിച്ചില്ലെന്നും മുഹമ്മദ് പറഞ്ഞു.
2018 മെയ് 29ന് സെഹ്റാ ബീഗം ഇന്ത്യക്കാരിയല്ല എന്ന് ട്രിബ്യൂണല്‍ വിധിച്ചു. അടുത്ത വര്‍ഷം മാര്‍ച്ച് 30 ന് മുഹമ്മദിനും ട്രിബ്യൂണല്‍ സമാനവിധിയാണ് പ്രഖ്യാപിച്ചത്.
ഫോറിനേഴ്സ് ആക്ട് പ്രകാരം, ഒരാളുടെ പൗരത്വം തെളിയിക്കേണ്ട ബാധ്യത അയാള്‍ക്ക് മാത്രമാണ്. ഇതോടെ 2019 ജൂണ്‍ മാസം ഇരുവരും അറസ്റ്റിലായി. അവരെ ഗോല്‍പറ ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് മാറ്റുകയും ചെയ്തു.
അതേസമയം ബന്ധുക്കള്‍ ആരും തന്നെ കൂടെ ഇല്ലാത്തതിനാല്‍ പ്രായപൂര്‍ത്തിയാകാത്ത തങ്ങളുടെ കുട്ടികളെയും ഇവര്‍ തടങ്കല്‍ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.
പിന്നീട് വിവരമറിഞ്ഞ ബന്ധുക്കളില്‍ ചിലര്‍ ഗുവാഹത്തി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അതിനുശേഷം ട്രിബ്യൂണലിനെയും സമീപിച്ചതോടെയാണ് ഈ കുടുംബത്തിന്റെ മോചനം സാധ്യമായത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക