| Saturday, 15th July 2017, 9:29 am

യു.പിയില്‍ മുസ്‌ലീം കുടുംബത്തെ ട്രെയിനില്‍ തല്ലിച്ചതച്ചു; സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചു; ഭിന്നശേഷിക്കാരനായ മകനും ക്രൂരമര്‍ദ്ദനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: യു.പിയിലെ മെയിന്‍പുരിയില്‍ ഓടിക്കൊണ്ടിരു ട്രെയിനില്‍ മുസ്‌ലീം കുടുംബത്തിന് നേരെ അതിക്രമം. ഷിക്കോഹാബാദ്-കസ്ഗഞ്ച് പാസഞ്ചര്‍ ട്രെയിനിലായിരുന്നു സംഭവം. അക്രമികളായ പത്ത് പേരാണ് സ്ത്രീകളേയും കുട്ടികളേയും ലൈംഗികമായി പീഡിപ്പിക്കുകയും തല്ലിച്ചതയ്ക്കുകയും ചെയ്തു.

ഗുരുതരമായി പരിക്കേറ്റ ഇവരെ ഫറൂഖാബാദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബത്തിലെ എട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.


Dont Miss ‘നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സുനി പ്രതീഷ് ചാക്കോ വഴി ദിലീപിന് കൈമാറി’; പുറത്തിറങ്ങിയാല്‍ നടിയെ അപമാനിക്കുമെന്നും പൊലീസ്


വിവാഹസത്ക്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുംബത്തിന് നേരെയാണ് ആക്രമണം നടന്നത്. ഭിന്നശേഷിക്കാരായ മകന്റെ കയ്യിലിരുന്ന ഫോണ്‍ അക്രമി സംഘത്തില്‍പ്പെട്ട ആള്‍ പിടിച്ചുവാങ്ങുകയും ഫോണ്‍ തിരികെ ചോദിച്ചപ്പോള്‍ അവര്‍ കുടുംബത്തെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ട്രെയിന്‍ നിബ്കറോറി സ്റ്റേഷന്‍ അടുക്കാറായപ്പോള്‍ അക്രമികള്‍ അപായചങ്ങല വലിച്ചുനിര്‍ത്തുകയായിരുന്നു. ഇതിന് പിന്നാലെ അവര്‍ മൊബൈല്‍ഫോണില്‍ കൂടുതല്‍ ആളുകളെ വിളിച്ചുവരുത്തി.

ഞങ്ങള്‍ വാതില്‍ അകത്തുനിന്ന് അടയ്ക്കാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെടാനായില്ല. എമര്‍ജന്‍സി ജനാലയുടെ ഗ്‌ളാസ് തകര്‍ത്ത് അക്രമികള്‍ വീണ്ടും ഉള്ളില്‍ കടക്കുകയായിരുന്നു. ഇതിന് പിന്നാലെയായിരുന്നു അതിക്രമമെന്നും കുടുംബം പറയുന്നു.

“അവര്‍ ഞങ്ങളെ ബോധംകെടുന്നതുവരെ തല്ലിച്ചതച്ചു. ഞങ്ങളുടെ കയ്യിലുണ്ടായിരുന്ന പണവും സ്വര്‍ണവുമെല്ലാം അവര്‍ അപഹരിച്ചെന്ന് “അക്രമത്തിനിരയായി സ്ത്രീ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഭിന്നശേഷിക്കാരനായ ഞങ്ങളുടെ മകനെ പോലും അവര്‍ വെറുതെ വിട്ടില്ല. അവനേയും അവര്‍ തല്ലിച്ചതച്ചു. അവര്‍ ഞങ്ങളെ മര്‍ദിച്ച് വസ്ത്രങ്ങള്‍ വലിച്ചുകീറി.

രക്ഷിക്കാന്‍ ശ്രമിച്ച സഹയാത്രികരെയും മര്‍ദിച്ചു. ഇതേതുടര്‍ന്ന് മറ്റ് യാത്രക്കാരെല്ലാം ബോഗി വിട്ടുപോവുകയായിരുന്നെന്നും ഹെല്‍പ് ലൈന്‍ നമ്പറായ 100 ല്‍ വിളിച്ചെങ്കിലും കിട്ടിയില്ലെന്നും ഇവര്‍ പറയുന്നു.

ഇരുമ്പുദണ്ഡുകളും മുളവടിയും ഉപയോഗിച്ചായിരുന്നു മര്‍ദ്ദനത്തില്‍ മര്‍ദ്ദനത്തില്‍ നാലുപേരുടെ എല്ലുകള്‍ ഒടിഞ്ഞിട്ടുണ്ട്. പലരുടെയും തല പൊട്ടുകയും ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.

അതേസമയം സ്ത്രീകള്‍ ബലാത്സംഗശ്രമത്തിന് ഇരകളായായെന്ന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ആഗ്ര ഡിവിഷന്‍ പൊലീസ് മേധാവി ഒ പി സിങ് പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more