കൊച്ചി: മത നിയമ പ്രകാരം കോടതിക്ക് പുറത്ത് നടക്കുന്ന മുസ്‌ലിം വിവാഹ മോചനം സംബന്ധിച്ച് കുടുംബ കോടതികളില്‍ വിശദ പരിശോധന നടത്തേണ്ടതില്ലെന്ന് കേരള ഹൈക്കോടതി.
ഇരു കക്ഷികളും മുന്നോട്ടുവെക്കുന്ന ഒരു നടപടിയില്‍ വിശദമായ അന്വേഷണം അനിവാര്യല്ലെന്നാണ് കോടതി നിരീക്ഷിച്ചത്. ത്വലാഖ് അല്ലെങ്കില്‍ ഖുല്‍അയുടെ സാധുവായ പ്രഖ്യാപനം നടത്തിയിട്ടുണ്ടോ എന്നും അതിന് മുമ്പായി ഒത്തുതീര്‍പ്പിനുള്ള ഫലപ്രദമായ ശ്രമം നടന്നിട്ടുണ്ടോ എന്നും കുടുംബ കോടതി പരിശോധിക്കേണ്ടതുണ്ട്.
ത്വലാഖ്, ഖുല്‍അ, ത്വലാഖ് ഇ തഫ്വീസ്, മുബാറത്ത് തുടങ്ങിയ വിവാഹ മോചനങ്ങള്‍ കുടുംബ കോടതികള്‍ അംഗീകരിക്കണമെന്നും പ്രഥമദൃഷ്ട്യ വിവാഹ മോചനത്തിന് സാധുതയുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ അനാവശ്യമായി കൂടുതല്‍ അന്വേഷണം നടത്താതെ തന്നെ കുടുംബ കോടതികള്‍ വിവാഹ മോചനം പ്രഖ്യാപിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പകത്ത് എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ചാണ് മുസ്‌ലിം വിവാഹ മോചനം സംബന്ധിച്ച വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
കുടുംബ കോടതി ഉത്തരവില്‍ എതിര്‍പ്പുള്ള കക്ഷിക്ക് ഉചിതമായ വേദിയെ സമീപിക്കാമെന്നും ഡിവിഷന്‍ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ കുടുംബ കോടതികള്‍ക്ക് ബാധകമാക്കി ചില മാര്‍ഗ നിര്‍ദേശങ്ങളും ഡിവിഷന്‍ബെഞ്ച് പുറപ്പെടുവിച്ചു.
മൂവാറ്റുപുഴ പേഴക്കാപ്പിള്ളി സ്വദേശിനിയായ യുവതി നല്‍കിയ ഹരജിയിലാണ് ഡിവിഷന്‍ ബെഞ്ച് വിധി. ത്വലാഖ് ചൊല്ലി വിവാഹ മോചനം നേടിയ ഭര്‍ത്താവിന്റെ നടപടി തന്റെ വാദം കേള്‍ക്കാതെ ശരിവെച്ച കുടുംബ കോടതി ഉത്തരവ് ചോദ്യം ചെയ്താണ് യുവതി ഹരജി നല്‍കിയത്.
മുസ്‌ലിം വ്യക്തി നിയമ പ്രകാരം 2019 ഡിസംബര്‍ 28നാണ് യുവതിയെ ഭര്‍ത്താവ് മൂന്നാമത്തെ ത്വലാഖ് ചൊല്ലിയത്. ഇക്കാര്യം രജിസ്റ്റേര്‍ഡ് തപാലില്‍ ഹരജിക്കാരിയെ അറിയിച്ചു. എന്നാല്‍, ത്വലാഖിന്റെ നിയമ സാധുത ചോദ്യം ചെയ്ത് യുവതി ആദ്യം മൂവാറ്റുപുഴ കുടുംബ കോടതിയെയും പിന്നീട് ഹൈക്കോടതിയേയും സമീപിക്കുകയായിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Muslim divorce: Only a short hearing needed for court’s nod, says Kerala HC