ലഖ്നൗ: തങ്ങളെ മനസിലാക്കുന്നതില്‍ മുസ്‌ലിം സമുദായം പരാജയപ്പെട്ടതായി ബി.എസ്.പി അധ്യക്ഷ മായാവതി. ലോക്‌സഭ തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വിക്ക് കാരണം മുസ്‌ലിം സമുദായം തങ്ങളെ വേണ്ട രീതിയില്‍ മനസിലാക്കാത്തതാണെന്ന് മായാവതി പറഞ്ഞു.
രാജ്യത്തുടനീളം 424 സീറ്റുകളിലും ഉത്തര്‍പ്രദേശില്‍ 79 സീറ്റുകളിലും മത്സരിച്ച ബഹുജന്‍ സമാജ് പാര്‍ട്ടിക്ക് ഒരു മണ്ഡലത്തില്‍ പോലും വിജയിക്കാനായില്ല. 35 മുസ്‌ലിം സ്ഥാനാര്‍ത്ഥികളെയാണ് പാര്‍ട്ടി മത്സരിപ്പിച്ചത്.
ഇത്രയധികം മുസ്‌ലിം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടും തങ്ങള്‍ക്കനുകൂലമായ ഒരു വിജയം ഉണ്ടായില്ലെന്ന് മായാവതി വ്യക്തമാക്കി. കൂടാതെ ഇനി സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് മുസ്‌ലിങ്ങളെ പരിഗണിക്കുന്നത് വലിയ ആലോചനകള്‍ക്ക് ശേഷമായിരിക്കുമെന്നും അവര്‍ പറഞ്ഞു.
രാജ്യത്ത് ഒരിടത്തും മറ്റു പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാതെയാണ് ബി.എസ്.പി മത്സരിച്ചത്. ഉത്തര്‍പ്രദേശിലും ഇക്കുറി സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യത്തിനില്ലാതെ ബി.എസ്.പി ഒറ്റക്കായിരുന്നു മത്സരിച്ചത്.
മത്സരിച്ച ഭൂരിപക്ഷം മണ്ഡലങ്ങളിലും പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് എത്തുകയായിരുന്നു. ഒരിടത്തുപോലും കര കയറാനായില്ലെന്നത് ഈ തെരഞ്ഞെടുപ്പില്‍ ബി.എസ്.പി നേരിട്ട ഏറ്റവും വലിയ തിരിച്ചടിയായിരുന്നു.
‘ഭാവിയില്‍ ഈ തെരഞ്ഞെടുപ്പിനെപ്പോലെ വലിയ നഷ്ടം ഉണ്ടാകാതിരിക്കാന്‍ പാര്‍ട്ടി മുസ്‌ലിങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥിത്വം ഗൗരവമായ ആലോചനകള്‍ക്ക് ശേഷം മാത്രമായിരിക്കും അവസരം നല്‍കുക,’ മായാവതി പറഞ്ഞു.
ഭൂരിപക്ഷം ദളിതരും ബഹുജന്‍ സമാജ് പാര്‍ട്ടിക്ക് അനുകൂലമായി വോട്ട് ചെയ്തിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജാതവ സമുദായം പാര്‍ട്ടിക്ക് അനുകൂലമായി വോട്ട് ചെയ്‌തെന്നും അവര്‍ പറഞ്ഞു. ഉത്തര്‍പ്രദേശിലെ ലോക്സഭാ ഫലങ്ങളെ പാര്‍ട്ടി എല്ലാ തലത്തിലും വിശകലനം ചെയ്യുമെന്നും ബഹുജന്‍ പ്രസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ക്കനുസൃതമായി നടപടികള്‍ സ്വീകരിക്കുമെന്നും മായാവതി പറഞ്ഞു.
2019ല്‍ സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി പൊതുതെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ 10 സീറ്റുകള്‍ ബി.എസ്.പി നേടിയിരുന്നു. ഇപ്രാവശ്യം നേരിട്ട തിരിച്ചടികളെ പാര്‍ട്ടി ശക്തമായി തന്നെ വിലയിരുത്തുമെന്നും മായാവതി പറഞ്ഞു.
Content Highlight: Muslim community failed to understand us’: Mayawati on BSP’s dismal performance in Lok Sabha polls