| Sunday, 15th July 2018, 8:31 pm

ശിരോവസ്ത്രം ധരിച്ചെത്തിയ കുട്ടികളെ അമേരിക്കയില്‍ നീന്തല്‍ക്കുളത്തില്‍ നിന്നും പുറത്താക്കി: വര്‍ഗ്ഗീയ വിവേചനമെന്ന് പരിശീലക

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡെലാവേര്‍: ശിരോവസ്ത്രം ധരിച്ചെത്തിയ കുട്ടികളെ പൊതു നീന്തല്‍ക്കുളത്തില്‍ ഇറങ്ങാനനുവദിക്കാതെ പുറത്താക്കിയതായി പരാതി. അമേരിക്കയിലെ ഡെലാവേറിലാണ് മുസ്‌ലിം മതവിശ്വാസികളായ കുട്ടികളെയും പരിശീലകയെയും പൂളിലിറങ്ങാന്‍ അനുവദിക്കാഞ്ഞത്.

നാലു വര്‍ഷമായി വിദ്യര്‍ത്ഥികളെ പരിശീലിപ്പിക്കാനായി ഫോസ്റ്റര്‍ ബ്രൗണ്‍ നീന്തല്‍ക്കുളത്തില്‍ കൊണ്ടു വരാറുണ്ടെന്നും ആദ്യമായാണ് ഇത്തരമൊരു മോശം അനുഭവം നേരിടുന്നതെന്നും പരിശീലക തഹ്‌സിയാന്‍ ഇസ്മാഈല്‍ പറയുന്നു. വേനല്‍ക്കാല അറബിക് എന്റിച്ച്‌മെന്റ് കോഴ്‌സ് നടത്തുകയാണ് തഹ്‌സിയാന്‍.

പൂളില്‍ പരിശീലിക്കാനെത്തിയ കുട്ടികള്‍ ഷോര്‍ട്‌സും മേലുടുപ്പും ഹിജാബും ധരിച്ചിരുന്നുവെന്ന് തഹ്‌സിയാന്‍ പറയുന്നു. കുട്ടികളെ കണ്ടയുടനെ മാനേജരെത്തി കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നത് പൂള്‍ നിയമങ്ങള്‍ക്കെതിരാണെന്ന് അറിയിക്കുകയായിരുന്നു. ഈ നിയമം ഇന്നേവരെ ആരിലും നിര്‍ബന്ധിച്ച് അടിച്ചേല്‍പ്പിച്ചതായി അറിവില്ലെന്ന് പരിശീലക ആരോപിക്കുന്നു.


Also Read: നിക്കാഹ് ഹലാലാ ഖുര്‍ആന്‍ അനുശാസനം;ചോദ്യം ചെയ്യാനാവില്ല: മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്


താനും തന്റെ വിദ്യാര്‍ത്ഥികളും വര്‍ഗ്ഗീയ വിവേചനത്തിനും മതവിദ്വേഷത്തിനും ഇരയായിരിക്കുകയാണെന്നും തഹ്‌സിയാന്‍ മാധ്യമങ്ങളോടു പറഞ്ഞു. “കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിച്ച മറ്റു കുട്ടികള്‍ അവിടെയുള്ളപ്പോള്‍ എന്റെ കുട്ടികളോടു മാത്രം ഈ വിവേചനം കാണിച്ചതിന്റെ കാര്യമെന്താണ്?” അവര്‍ ചോദിക്കുന്നു. പൂള്‍ മാനേജര്‍ പൊലീസുദ്യോഗസ്ഥരെ വിളിച്ചു വരുത്തുകയും തങ്ങളെ നിര്‍ബന്ധിച്ച് പറഞ്ഞയയ്ക്കുകയുമായിരുന്നുവെന്നും തഹ്‌സിയാന്‍ പറയുന്നു.

കോട്ടണ്‍ വസ്ത്രങ്ങള്‍ നനഞ്ഞാല്‍ ഭാരമേറുന്നതായതിനാലും പൂളിലെ ശുചീകരണസംവിധാനത്തിന് കോട്ടം വരുത്തുന്നതായതിനാലും അനുവദിക്കാറില്ലെന്നായിരുന്നു മേയറുടെ ഓഫീസ് നല്‍കിയ വിശദീകരണം. പ്രതിഷേധങ്ങള്‍ കനത്തതോടെ നിലപാടു തിരുത്തി ക്ഷമാപണവുമായി മേയര്‍ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.


Also Read: വന്യമൃഗങ്ങളെ കൊന്ന് വനംവകുപ്പ് ഇറച്ചിയാക്കി വില്‍ക്കണമെന്ന് പി.സി ജോര്‍ജ്ജ്


മതപരമായ വസ്ത്രധാരണത്തിന്റെ പേരില്‍ കുട്ടികളെ പൂളില്‍ നിന്നും പുറത്താക്കിയത് തെറ്റായിപ്പോയെന്നും പൂര്‍ണ ഉത്തരവാദിത്തം തങ്ങളുടേതാണെന്നും മേയറുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കുട്ടികളോട് മാപ്പപേക്ഷിക്കുന്നതായും അപര്യാപ്തമായ പൂള്‍ നിയമങ്ങളെ ആശ്രയിക്കാന്‍ പാടില്ലായിരുന്നുവെന്നും പ്രസ്താവനയില്‍ പരാമര്‍ശമുണ്ട്.

We use cookies to give you the best possible experience. Learn more