| Tuesday, 18th June 2019, 8:26 am

മുഹമ്മദ് മുര്‍സിയെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് മുസ്‌ലിം ബ്രദര്‍ഹുഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: മുഹമ്മദ് മുര്‍സിയുടെ മരണം ആസൂത്രിതമായ കൊലപാതകമാണെന്ന് അദ്ദേഹത്തിന്റെ സംഘടനയായ മുസ്‌ലിം ബ്രദര്‍ഹുഡ്. ഈജിപ്ത് അധികൃതര്‍ മുര്‍സിയെ സാവധാനം ഘട്ടം ഘട്ടമായാണ്  കൊലപ്പെടുത്തിയതെന്ന് ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ സംഘടനയായ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പൊളിറ്റിക്കല്‍ പാര്‍ട്ടി പുറത്തു വിട്ട പ്രസ്താവനയില്‍ പറഞ്ഞു.

‘വിചാരണ സമയത്ത് ചില്ല് കൂടിനുള്ളിലാണ് മുര്‍സിയെ നിര്‍ത്തിയിരുന്നത്. അദ്ദേഹം പറയുന്നത് എന്താണെന്നോ സംഭവിക്കുന്നത് എന്താണെന്നോ മറ്റുള്ളവര്‍ക്ക് മനസിലാക്കാന്‍ സാധിച്ചിരുന്നില്ല. ഒരു വര്‍ഷത്തിനടുത്തായി അദ്ദേഹത്തിന് സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല. കൃത്യമായി മരുന്ന് പോലും ലഭിച്ചിരുന്നില്ലെന്ന് അദ്ദേഹം പരാതി പറഞ്ഞിരുന്നു. ഘട്ടം ഘട്ടമായി ഈജിപ്ത് മുര്‍സിയെ കൊലപ്പെടുത്തുകയായിരുന്നു.’ ബ്രദര്‍ഹുഡ് നേതാവായ മുഹമ്മദ് സുഡാന്‍ ലണ്ടനില്‍ പറഞ്ഞു.

ഈജിപ്തിലും ലോകവ്യാപകമായി ഈജിപ്ഷ്യന്‍ എംബസികള്‍ക്ക് മുന്നിലും മുര്‍സിയ്ക്ക് വേണ്ടി നമസ്‌ക്കരിക്കാന്‍ ബ്രദര്‍ഹുഡ് ആഹ്വാനം ചെയ്തിട്ടുണ്ട്.

ഇന്നലെ പലസ്തീനിയന്‍ ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ ഹമാസുമായി ബന്ധപ്പെട്ട് ചാരപ്രവൃത്തി നടത്തിയെന്ന കേസിലെ വിചാരണയ്ക്കായി ഹാജരാക്കിയപ്പോഴാണ് കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. ഈജിപ്ഷ്യന്‍ ഔദ്യോഗിക വാര്‍ത്താ ചാനലാണ് മുര്‍സി അന്തരിച്ച വാര്‍ത്ത പുറത്തുവിട്ടിരുന്നത്.

We use cookies to give you the best possible experience. Learn more