അയോധ്യ: പുനപ്പരിശോധന ഹരജിയുടെ കാര്യത്തില്‍ മുസ്‌ലീം വ്യക്തി നിയമ ബോര്‍ഡിന്റെ തീരുമാനം ഇന്ന്; വിവിധ മുസ്‌ലീം സംഘടനകളുമായി ചര്‍ച്ച
Ayodhya Verdict
അയോധ്യ: പുനപ്പരിശോധന ഹരജിയുടെ കാര്യത്തില്‍ മുസ്‌ലീം വ്യക്തി നിയമ ബോര്‍ഡിന്റെ തീരുമാനം ഇന്ന്; വിവിധ മുസ്‌ലീം സംഘടനകളുമായി ചര്‍ച്ച
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th November 2019, 8:47 am

ന്യൂദല്‍ഹി: അയോധ്യ കേസിലെ സുപ്രീംകോടതി വിധിക്കെതിരെ പുനപ്പരിശോധനാ ഹരജി നല്‍കണോ എന്ന കാര്യത്തില്‍ അഖിലേന്ത്യ മുസ്‌ലീം വ്യക്തി നിയമ ബോര്‍ഡിന്റെ തീരുമാനം ഇന്ന്. ഇതിന്റെ മുന്നോടിയായി വിവിധ മുസ്‌ലീം സംഘടനകളുമായി ചര്‍ച്ച നടത്തും.

അഖിലേന്ത്യ മുസ്‌ലീം വ്യക്തി നിയമ ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാന വലി റഹ്മാനി, സെക്രട്ടറി സഫര്‍യാബ് ജിലാനി എന്നിവരുമായാണ് മുസ്‌ലിം സംഘടനകള്‍ ചര്‍ച്ച നടത്തുക.

സുപ്രീംകോടതി വിധി എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് മനസ്സിലായിട്ടില്ലെന്നും അതിനാല്‍ പുനപ്പരിശോധന ആവശ്യമുണ്ടെന്നും ജിലാനി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അഞ്ചേക്കര്‍ സ്ഥലം പള്ളി പണിയാന്‍ ഏറ്റെടുക്കണോയെന്ന കാര്യത്തിലും ലക്നൗവില്‍ നടക്കുന്ന യോഗം നിലപാട് വ്യക്തമാക്കും. എക്സിക്യൂട്ടീവ് അംഗങ്ങള്‍ക്ക് പുറമെ നിയമ വിദഗ്ധരും കേസിലെ കക്ഷികളും യോഗത്തില്‍ പങ്കെടുക്കും.

അയോധ്യ കേസില്‍ മുസ്‌ലീം വ്യക്തി നിയമബോര്‍ഡ് കക്ഷി അല്ലാത്തതിനാല്‍ കേസില്‍ കക്ഷികളായവര്‍ മുഖേന പുനപ്പരിശോധന ഹരജി നല്‍കുന്നതിനെ കുറിച്ചാണ് ആലോചന നടക്കുന്നത്. പുനഃപരിശോധന ഹരജി നല്‍കാന്‍ തീരുമാനിച്ചാല്‍ ഭൂമി സ്വീകരിക്കുന്നത് മാറ്റിവച്ചേക്കും.

അതേസമയം, പുനപ്പരിശോധന ഹരജി നല്‍കില്ലെന്ന് സുന്നി വഖഫ് ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. വിധിയെ ചോദ്യം ചെയ്യാനില്ലെന്ന് കേസിലെ പ്രധാന കക്ഷിക്കാരിലൊരാലായ ഇക്ബാല്‍ അന്‍സാരിയും വ്യക്തമാക്കിയിട്ടുണ്ട്.

മസ്ജിദ് നിര്‍മ്മിക്കുവാന്‍ വേണ്ടി അനുവദിച്ച അഞ്ചേക്കര്‍ ഭൂമി കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്ത 67 ഏക്കറിനുള്ളില്‍ തന്നെ വേണമെന്നും അങ്ങനയല്ലെങ്കില്‍ അനുവദിച്ച അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കുകയില്ലെന്നും അന്‍സാരി പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തര്‍ക്കഭൂമി ഉപാധികളോടെ ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കണമെന്നും മുസ്‌ലീങ്ങള്‍ക്ക് ആരാധനയ്ക്ക് പകരം ഭൂമി നല്‍കുമെന്നുമായിരുന്നു സുപ്രീംകോടതി വിധി. കേന്ദ്രസര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ സുന്നി വഖഫ് ബോര്‍ഡിന് അഞ്ച് ഏക്കര്‍ ഭൂമി നല്‍കണമെന്നും കോടതി പറഞ്ഞിരുന്നു.