ന്യൂയോര്‍ക്ക്: ഹിജാബ് ധരിച്ചെത്തിയതിന്റെ പേരില്‍ അമേരിക്കന്‍ വംശജയായ യുവതിയെ ബാങ്കില്‍ നിന്ന് പുറത്താക്കി. സൗണ്ട് ക്രെഡിറ്റ് യൂണിയന്റെ വാഷിംഗ്ടണ്‍ ശാഖയിലെത്തിയപ്പോഴാണ് ജമീല മുഹമ്മദ് എന്ന യുവതിയ്ക്ക് ദുരനുഭവം നേരിടേണ്ടി വന്നത്.
ഹിജാബ് മാറ്റിയില്ലെങ്കില്‍ പൊലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് ബാങ്ക് ജീവനക്കാര്‍ ജമീലയെ പുറത്താക്കിയത്. കാറുമായി ബന്ധപ്പെട്ട പണമിടപാട് നടത്താനായാണ് ഇവര്‍ ബാങ്കിലെത്തിയത്.
സംഭവം താന്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചിട്ടുണ്ടെന്നും ഇത് കറ തീര്‍ന്ന വിവേചനമാണെന്നും ജമീല പറഞ്ഞു. വെള്ളിയാഴ്ചയായതിനാലാണ് താന്‍ സ്വെറ്ററിനൊപ്പം ഹിജാബ് ധരിച്ചതെന്നും അവര്‍ പറഞ്ഞു.
തൊപ്പികളും, തലമൂടുന്ന വസ്ത്രങ്ങളും സണ്‍ഗ്ലാസുകളും ധരിക്കാന്‍ പാടില്ല എന്ന ബാങ്കിനുള്ളിലെ ബോര്‍ഡ് കാണിച്ചുകൊണ്ടാണ് ജീവനക്കാര്‍ ഹിജാബ് മാറ്റാനായി ജമീലയോട് ആവശ്യപ്പെട്ടത്. കാറില്‍ പോയി സ്‌കാര്‍ഫ് മാറ്റിയെങ്കിലും ഹിജാബ് മാറ്റാതെയാണ് ജമീല തിരിച്ച് വന്നത്. തുടര്‍ന്നാണ് ഇവരെ പുറത്താക്കയത്.
ബാങ്കിനുള്ളിലുണ്ടായിരുന്ന രണ്ട് പുരുഷന്മാര്‍ തൊപ്പി ധരിച്ച് നില്‍ക്കുന്നത് ജമീല മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ട്. ഇവരോട് ബാങ്ക് ജീവനക്കാര്‍ തടസമൊന്നും പറഞ്ഞില്ലെന്നും ഇവര്‍ പറയുന്നു.