| Friday, 3rd February 2017, 1:03 pm

ഇ.അഹമ്മദിന്റെ മരണം മറച്ചുവെച്ച സംഭവത്തില്‍ മോദി മറുപടി പറഞ്ഞേ തീരൂ: മുസ്‌ലീം ലീഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുസ്‌ലീം ലീഗ് ദേശീയ പ്രസിഡന്റും മുന്‍ വിദേശകാര്യ സഹമന്ത്രിയും എം.പിയുമായ ഇ. അഹമ്മദിന്റെ മരണം മറച്ചുവെച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ മറുപടി പറയണമെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്.

ലീഗ് നേതാവിനോടുള്ള അനാദരം എന്നതിനപ്പുറം മുതിര്‍ന്ന നേതാവിനോട് കാട്ടിയ അനാദരം അത്യന്തം ഗൗരവത്തോടെയാണ് പാര്‍ട്ടി കാണുന്നത്. വിഷയത്തില്‍ പ്രധാനമന്ത്രി മറുപടി പറഞ്ഞേ തീരുവെന്നും മജീദ് പറഞ്ഞു.

ഇ അഹമ്മദിന്റെ മരണം മറച്ചുവെച്ച ആര്‍.എം.എല്‍. ആശുപത്രി അധികൃതരുടെ നടപടി സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയില്‍ നല്‍കിയ അടിയന്തര പ്രമേയത്തിന് നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചിരുന്നു.  ഇതില്‍ പ്രതിഷേധിച്ച് സഭയുടെ നടുത്തളത്തിലിറങ്ങി അംഗങ്ങള്‍ ബഹളം വെക്കുകയും സഭാ നടപടികള്‍ നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു.

ആര്‍എംഎല്‍ ആശുപത്രി അധികൃതര്‍ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്നും കുടുംബാംഗങ്ങളെപ്പോലും കാണിക്കാന്‍ കൂട്ടാക്കിയില്ലെന്നും ഇക്കാര്യം സഭയില്‍ ചര്‍ച്ച ചെയ്യണമെന്നുമായിരുന്നു ആവശ്യം.


അഹമ്മദിനും കുടുംബത്തിനും ആശുപത്രിയില്‍ നേരിടേണ്ടിവന്ന സാഹചര്യം ജനങ്ങളോട് വിശദീകരിക്കാന്‍ കേന്ദ്രം തയ്യാറാകണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയും സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

ബജറ്റ് അവതരണം മുടങ്ങരുതെന്നു കരുതി ഇ. അഹമ്മദിന്റെ മരണവിവരം കേന്ദ്രസര്‍ക്കാര്‍ മറച്ചുവെക്കുകയായിരുന്നുവെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.

ബജറ്റ് അവതരണ തലേന്ന് പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ് ആശുപത്രിയിലായപ്പോള്‍ അഹമ്മദിനെ വെന്റിലേറ്ററിലാക്ക് മാറ്റുകയും ബന്ധുക്കളെപോലും കാണാന്‍ അനുവദിക്കാത്തതും വിവാദമായിരുന്നു. സംഭവം ദുരൂഹമാണെന്നും അന്വേഷിക്കണമെന്നും വിവിധ പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുമ്പോള്‍ തന്നെ മരണം സംഭവിച്ചിരുന്നുവെന്നും ഇക്കാര്യം മനപ്പൂര്‍വം മറച്ചുവെച്ചതാണെന്നുമാണ് ആരോപണം.

We use cookies to give you the best possible experience. Learn more