തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിതരണത്തിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി നടപടിയ്‌ക്കെതിരെ മുസ്‌ലീം ലീഗ് അപ്പീല്‍ നല്‍കും. ഇ.ടി മുഹമ്മദ് ബഷീറാണ് ഇക്കാര്യം അറിയിച്ചത്.
വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെടുമെന്നും സര്‍ക്കാരും അപ്പീല്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
സച്ചാര്‍ കമ്മിറ്റി ശുപാര്‍ശയിലാണ് ആനുകൂല്യങ്ങള്‍ നല്‍കുന്നത്. ഇതില്‍ 100 ശതമാനവും മുസ്‌ലീങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
80 ശതമാനം മുസ്‌ലീം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്ന അനുപാതത്തിലായിരുന്നു ഇതുവരെ ക്ഷേമ പദ്ധതികള്‍. ഈ അനുപാതമാണ് ഇപ്പോള്‍ റദ്ദ് ചെയ്തിരിക്കുന്നത്.
ഇപ്പോഴത്തെ ജനസംഖ്യാ അനുസരിച്ച് ഈ അനുപാതം പുനര്‍ നിശ്ചയിക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. നിലവിലെ അനുപാതം 2015 ലാണ് നിലവില്‍ വന്നത്. ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.
ന്യൂനപക്ഷ ക്ഷേമ പദ്ധതികളെക്കുറിച്ച് വിവാദങ്ങള്‍ വ്യാപകമായിക്കൊണ്ടിരിക്കവേയാണ് വിധി. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് അനുപാതം നിലവില്‍ വന്നത്. ക്ഷേമപദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ അത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് തുല്യമായ രീതിയില്‍ നടപ്പിലാക്കണം. ഏറ്റവും പുതിയ ജനസംഖ്യാ കണക്കനുസരിച്ച് വേണം പുതിയ അനുപാതം ഉണ്ടാക്കാന്‍.
ഇപ്പോള്‍ 18 ശതമാനം ക്രിസ്ത്യാനികളും 27 ശതമാനം മുസ്‌ലീം വിഭാഗക്കാരുമാണ്. പുതിയ ഉത്തരവ് നിലവില്‍ വരികയാണെങ്കില്‍ 60:40 എന്ന അനുപാതത്തിലേക്ക് വരും. എന്നാല്‍ ക്രൈസ്തവ വിഭാഗത്തിലെ പിന്നോക്ക വിഭാഗക്കാരെ മാത്രമാണ് പരിഗണിക്കുന്നതെങ്കില്‍ നിലവിലെ അനുപാതം തന്നെ തുടരേണ്ടി വരും.
നിലവിലെ അനുപാതം ക്രിസ്ത്യന്‍ സമൂഹത്തിനിടയില്‍ വലിയ അതൃപ്തി ഉണ്ടാക്കിയിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ക്രൈസ്തവ വിഭാഗങ്ങള്‍ വലിയ വിമര്‍ശനം ഉന്നയിച്ചിരുന്നു.