| Sunday, 6th August 2023, 5:32 pm

ട്വീറ്റിന്റെ പേരില്‍ തൊഴിലുടമ അന്യായമായി പെരുമാറുന്നവരെ സഹായിക്കാന്‍ മസ്‌ക്; നിയമനടപടിക്കുള്ള തുക നല്‍കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: എക്‌സില്‍ (ട്വിറ്റര്‍) പോസ്റ്റ് പങ്കുവെക്കുകയും ഏതെങ്കിലും പോസ്റ്റിന് ലൈക്ക് ചെയ്യുന്നതിന്റെ പേരിലും തൊഴിലുടമ അന്യായമായി പെരുമാറുന്ന തൊഴിലാളികളെ സഹായിക്കുമെന്ന് ഇലോണ്‍ മസ്‌ക്. അത്തരം തൊഴിലാളികള്‍ക്ക് ഉടമകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ആവശ്യമായ തുക മസ്‌ക് വഹിക്കുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. തുകയ്ക്ക് ഒരു പരിധിയും നിശ്ചയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഈ പ്ലാറ്റ്‌ഫോമില്‍ പോസ്റ്റുകള്‍ പങ്കുവെക്കുകയോ, മറ്റ് പോസ്റ്റുകള്‍ക്ക് ലൈക്ക് ചെയ്തതിന്റെയോ പേരില്‍ തൊഴിലുടമയില്‍ നിന്ന് അന്യായമായ പെരുമാറ്റമുണ്ടാകുകയാണെങ്കില്‍ നിങ്ങള്‍ക്ക് നിയമനടപടി സ്വീകരിക്കാനുള്ള തുക ഞങ്ങള്‍ തരും,’ അദ്ദേഹം പറഞ്ഞു.

എന്നാല്‍ തുകയ്ക്ക് വേണ്ടി എങ്ങനെ സമീപിക്കണമെന്ന് മസ്‌ക് സൂചിപ്പിച്ചിട്ടില്ല. സെലിബ്രേറ്റികളടക്കമുള്ള ആളുകള്‍ എക്‌സില്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ തൊഴിലുടമകളുമായുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

17 വര്‍ഷത്തിന് ശേഷം ജൂലൈയിലാണ് മസ്‌ക് ട്വിറ്ററിന്റെ പേര് എക്‌സ് എന്നും ഐക്കോണിക് ലോഗോ ആയ ലാറി ബേര്‍ഡിനെ മാറ്റി പുതിയ ലോഗോ പുനസ്ഥാപിക്കുകയും ചെയ്തത്.

അതേസമയം പരസ്യവരുമാനത്തില്‍ കുറവ് വന്നത് കാരണം സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്നും മസ്‌ക് പറഞ്ഞിരുന്നു.

2022 ഒക്ടോബറില്‍ 44 ബില്യണ്‍ ഡോളറിന് ട്വിറ്റര്‍ വാങ്ങിയത് മുതല്‍ വിദ്വേഷ പ്രസംഗം, മുമ്പ് നിരോധിച്ച തീവ്ര വലതുപക്ഷ അക്കൗണ്ടുകള്‍ തിരിച്ചെടുക്കല്‍ തുടങ്ങിയ കാരണങ്ങളാല്‍ പരസ്യ വരുമാനം കുറയുകയായിരുന്നുവെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

എക്‌സ് പ്ലാറ്റ്‌ഫോമില്‍ വിദ്വേഷ പ്രസംഗം വര്‍ധിച്ചു വരുന്നുവെന്ന് സെന്റര്‍ ഫോര്‍ ഡിജിറ്റല്‍ ഹേറ്റ് എന്ന് പറയുന്ന സംഘടനയും അറിയിച്ചിരുന്നു. എന്നാല്‍ സംഘടനയെ എതിര്‍ത്ത മസ്‌ക് അവര്‍ക്കെതിരെ കേസും കൊടുത്തു.

അതേസമയം എക്‌സിന്റെ പ്രതിമാസ ഉപയോക്താക്കളുടെ എണ്ണം 540 മില്യനായെന്ന് കഴിഞ്ഞ മാസം മസ്‌ക് അറിയിച്ചിരുന്നു.

CONTENT HIGHLIGHTS: Musk to help employer mistreats over tweet; Legal fees will be paid

We use cookies to give you the best possible experience. Learn more