ന്യൂയോര്‍ക്ക്: ഓസ്ട്രേലിയന്‍ സര്‍ക്കാരിനെ ഫാസിസ്റ്റ് എന്ന് വിശേഷിപ്പിച്ച് ടെസ്‌ല, സ്പേസ് എക്സ് സി.ഇ.ഒ എലോണ്‍ മസ്‌ക്. സമൂഹ മാധ്യമങ്ങളില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന പ്ലാറ്റ്‌ഫോമുകൾക്ക് പിഴ ചുമത്താനുള്ള ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ തീരുമാനത്തില്‍ അതൃപ്തി അറിയിച്ചുകൊണ്ടായിരുന്നു മസ്‌കിന്റെ പ്രതികരണം.
സോഷ്യല്‍ മീഡിയയിൽ ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങള്‍, കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍, കൊലപാതകങ്ങളുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് പ്ലാറ്റ്‌ഫോമുകൾക്ക് പിഴ ചുമത്താന്‍ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച്, തെറ്റായ പ്രചരണം നടത്തുന്നവരെ തടയുന്നതില്‍ പരാജയപ്പെട്ട പ്ലാറ്റ്‌ഫോമുകൾക്ക് അവരുടെ വാര്‍ഷിക വരുമാനത്തിന്റെ അഞ്ച് ശതമാനം പിഴയായി ചുമത്താം. ഇതിനെ തുടര്‍ന്നാണ് ഓസ്ട്രേലിയയിലെ മധ്യ-ഇടതുപക്ഷ ലേബര്‍ പാര്‍ട്ടി നയിക്കുന്ന സര്‍ക്കാരിനെ മസ്‌ക് ഫാസിസ്റ്റ് ഭരണകൂടമെന്ന് വിളിച്ചത്.
പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കുന്നതായി മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി വ്യാഴാഴ്ച ഓസ്ട്രേലിയ നിയമത്തിന് അംഗീകാരം നല്‍കിയിരുന്നു. നേരത്തെ മാധ്യമ പ്രവര്‍ത്തകര്‍- സ്ഥാപനങ്ങള്‍, പൗരാവകാശ പ്രവര്‍ത്തകര്‍, അഭിഭാഷകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവരുമായി നടത്തിയ കൂടിയാലോചനയ്ക്ക് ശേഷം ഈ കരട് നിയമം റദ്ദാക്കിയിരുന്നു. എന്നാല്‍ പിന്നീട് കമ്മ്യൂണിക്കേഷന്‍സ് മന്ത്രി മിഷേല്‍ റോളണ്ട് നിയമം അംഗീകരിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.
സമൂഹ മാധ്യമങ്ങളിലെ പ്രചരണം ജനാധിപത്യത്തിന് ഭീഷണിയാണെന്നും ഈ പ്രശ്‌നം രൂക്ഷമാകാന്‍ അനുവദിക്കുകയില്ലെന്നും മിഷേല്‍ റോളണ്ട് പറയുകയുണ്ടായി. തുടര്‍ന്ന് ഓസ്ട്രേലിയന്‍ നിയമത്തെ സംബന്ധിച്ചുള്ള ഒരു പോസ്റ്റിനോട് മസ്‌ക് എക്സില്‍ ഒറ്റവാക്കില്‍ പ്രതികരിക്കുകയായിരുന്നു.
ഇതിനുപിന്നാലെ മസ്‌കിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഓസ്ട്രേലിയന്‍ മന്ത്രിയായ ബില്‍ ഷോര്‍ട്ടര്‍ മസ്‌കിന്റെ പ്രതികരണത്തില്‍ പൊരുത്തക്കേട് ഉണ്ടെന്ന് ചൂണ്ടിക്കാട്ടി. മസ്‌കിന്റെ നീക്കങ്ങള്‍ മുഴുവന്‍ വാണിജ്യ താത്പര്യങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
ഓസ്ട്രേലിയയുടെ അസിസ്റ്റന്റ് ട്രഷറര്‍ സ്റ്റീഫന്‍ ജോണ്‍സും മാസ്‌കിനെ വിമര്‍ശിച്ചുകൊണ്ട് പ്രതികരിച്ചു. തങ്ങളുടെ തീരുമാനവും അംഗീകാരം നല്‍കിയ നിയമവും ദേശീയ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയമാണെന്ന് സ്റ്റീഫന്‍ പറഞ്ഞു.
ഇതിനുമുമ്പും അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഓസ്ട്രേലിയയും മസ്‌കും രണ്ട് ധ്രുവങ്ങളിലൂടെ തന്നെയാണ് സഞ്ചരിച്ചിരുന്നത്.
Content Highlight: Musk says Australia government is a ‘fascist’ rulers