|

ആരോഗ്യ ഏജൻസികളിലേക്ക് കൈകടത്തി മസ്‌ക്; ആശങ്കയറിയിച്ച് യു.എസ് ആരോ​ഗ്യരം​ഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂപീകരിച്ച, ഇലോൺ മസ്കിന്റെ നേതൃത്വത്തിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി(ഡോഗ്)ആരോഗ്യ ഏജൻസികളിലെ സെൻസിറ്റീവ് സിസ്റ്റങ്ങളിലേക്ക് ആക്‌സസ് നേടിയതിൽ ആശങ്കയറിയിച്ച് യു.എസ് ആരോഗ്യരംഗം. അത് പുതിയ രോഗങ്ങൾ പൊട്ടിപ്പുറപ്പെടുന്നതിന് കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.

പക്ഷിപ്പനി പോലുള്ള സെൻസിറ്റീവ് രോഗങ്ങളുടെ ഡാറ്റ കൈകാര്യം ചെയ്യുന്ന പൊതുജനാരോഗ്യ ഏജൻസികളെ ഇത് സാരമായി ബാധിക്കാൻ സാധ്യതയുണ്ട്. ആരോഗ്യ സംരക്ഷണത്തിനായുള്ള പെയ്‌മെന്റുകളും കരാറുകളും കൈകാര്യം ചെയ്യുന്ന സിസ്റ്റങ്ങളിലേക്കുള്ള ആക്‌സസും ഡോഗ് ആവശ്യപ്പെടുന്നുണ്ട്.

ഫണ്ടുകൾ മരവിപ്പിക്കാനും ജീവനക്കാരുടെ സസ്‌പെൻഷനുകൾ പിൻവലിക്കാനും നിരവധി കോടതി ഉത്തരവുകൾ ഉണ്ടായിരുന്നിട്ടും, സർക്കാർ ചെലവുകൾ കുറക്കാനുള്ള ട്രംപിന്റെ ശ്രമത്തിനിടയിലാണ് ഡോഗിന് പ്രവേശനത്തിനുള്ള അനുമതി നൽകുന്നത്.

പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം എല്ലാ പ്രൊബേഷണറി ജീവനക്കാരെയും പിരിച്ചുവിടാനുള്ള പദ്ധതി പ്രഖ്യാപിച്ചതിനെത്തുടർന്ന് ആയിരക്കണക്കിന് ആളുകളെ ഫെഡറൽ ഹെൽത്ത് ഏജൻസികളിൽ നിന്ന് പിരിച്ചുവിട്ടു. ഈ നീക്കം അമേരിക്കൻ ആരോഗ്യ സംവിധാനത്തിന് കാര്യമായ ദോഷം വരുത്തുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മെഡികെയർ പോലുള്ള അംഗീകൃത പെയ്‌മെന്റുകൾ നിർത്തലാക്കുന്നത് കടുത്ത നടപടിയാണെന്ന് ജീവനക്കാർ പറയുന്നു. തുടർച്ചയായ പ്രക്ഷോഭങ്ങളെയും ആരോഗ്യ സംരക്ഷണ സംവിധാനത്തിനുണ്ടാകാവുന്ന ദോഷങ്ങളെയും കുറിച്ച് ആരോഗ്യ ഏജൻസി ജീവനക്കാർ ആശങ്കയിലാണ്.

യു.എസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസിലെ ഏജൻസിയുടെ മുൻ ചീഫ് ഇൻഫർമേഷൻ ഓഫീസറായ സ്കോട്ട് കോറി, ട്രംപിന്റെ നീക്കം വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ് നൽകി.

ട്രഷറി വകുപ്പിന്റെ സെൻസിറ്റീവ് സംവിധാനങ്ങളിലേക്ക് ഡോഗ് പ്രവേശനം നേടിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് സ്വകാര്യതയെക്കുറിച്ചുള്ള ആശങ്ക ഉയർത്തുന്നു. ഡാറ്റ അനുചിതമായി ഉപയോഗിക്കാൻ സാധ്യതയുള്ളതായി പല ആരോ​ഗ്യ വി​ദ​ഗ്ധരും ഭയപ്പെടുന്നുണ്ട്. ആരോഗ്യസംരക്ഷണ സംവിധാനങ്ങളിൽ കൃത്രിമം കാണിക്കാൻ ഇത് സർക്കാരിനെ അനുവദിച്ചേക്കാമെന്ന് ഒരു ജീവനക്കാരൻ ആശങ്ക പ്രകടിപ്പിച്ചു.

മാത്രമല്ല, ഡാറ്റാ സിസ്റ്റങ്ങൾ തെറ്റായി കൈകാര്യം ചെയ്യുന്നത് ആളുകളുടെ സ്വകാര്യതയെ അപകടപ്പെടുത്തുകയും തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതിന് കരണാമാവുകയും ചെയ്യും.

പക്ഷിപ്പനി പോലുള്ള ആരോഗ്യ പ്രതിസന്ധികൾ നിലനിൽക്കുന്ന സമയത്ത് ട്രംപിന്റെയും മസ്കിന്റെയും പുതിയ നീക്കം ആരോ​ഗ്യരം​ഗത്ത് മുഴുവൻ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

Content Highlight: Musk’s takeover of US health agencies raises pandemic threat, experts warn

Latest Stories

Video Stories