|

നാസയിലും മസ്‌കിന്റെ അഴിച്ചുപണി; ചീഫ് സയന്റിസ്റ്റിനെയടക്കം 22 പേരെ പുറത്താക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

നാസ: ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള യു.എസിലെ ചെലവ് ചുരുക്കല്‍ പദ്ധതി അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയിലേക്കും. ഇതിന്റെ ഭാഗമായി നാസയുടെ മൂന്ന് ഓഫീസുകള്‍ അടച്ചുപൂട്ടാനും ചീഫ് സയന്റിസ്റ്റ് കാതറിന്‍ കാല്‍വിനെയടക്കം 22 പേരെ പിരിച്ച് വിടാനും ട്രംപ് ഭരണകൂടം ഉത്തരവിട്ടു.

യു.എസില്‍ ശാസ്ത്ര ഗവേഷണത്തിന് നല്‍കിയിരുന്ന ഊന്നല്‍ കുറയ്ക്കുന്നതിനാണ് ഈ നടപടികളെന്നും റിപ്പോര്‍ട്ടുകളുണ്ട്. വരും ദിവസങ്ങളില്‍ പ്രൈമറി ലെവലിലെ പിരിച്ചുവിടലുകള്‍ക്ക് പുറമെ കൂടുതല്‍ രാജികള്‍ ഉണ്ടാവുമെന്ന് നാസ വക്താവിനെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.

പുനഃസംഘടനയുടെ ഭാഗമായാണ് കാല്‍വിന്‍ നേതൃത്വം നല്‍കിയിരുന്ന ചീഫ് സയന്റിസ്റ്റിന്റെ ഓഫീസ് അടച്ചുപൂട്ടാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചത്. നാസയ്ക്ക് കീഴിലെ നിരവധി പ്രൊജക്റ്റുകള്‍ അവസാനിപ്പിക്കാനും പദ്ധതിയുണ്ട്.

പ്രശസ്ത കാലാവസ്ഥാ ശാസ്ത്രജ്ഞയായ കാതറിന്‍ കാല്‍വിന്‍, ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ റിപ്പോര്‍ട്ടുകളില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ചൈനയില്‍ നടന്ന ഒരു പ്രധാന ക്ലൈമറ്റ് സയന്‍സ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതില്‍ നിന്ന് അവരെയും മറ്റ് യു.എസ് പ്രതിനിധികളെയും ഭരണകൂടം വിലക്കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍ പാലിക്കുന്നതിനായും ഏജന്‍സി ഘട്ടം ഘട്ടമായി’റെഡക്ഷന്‍ ഇന്‍ ഫോഴ്സ്’ (ആര്‍.ഐ.എഫ്) നടപ്പിലാക്കുകയാണെന്ന് നാസ വക്താവ് ചെറില്‍ വാര്‍ണര്‍ പറഞ്ഞു. മാര്‍ച്ച് പത്തോടെ ചില ജീവനക്കാര്‍ക്ക് ആര്‍.ഐ.എഫിന്റെ ഭാഗമായുള്ള സന്ദേശം ലഭിച്ചിരുന്നു. മറ്റ് ചില ജീവനക്കാര്‍ക്ക് യോഗ്യതയുടെ അടിസ്ഥാനത്തില്‍ വോളണ്ടറി റിട്ടയര്‍മെന്റ് തെരഞ്ഞെടുക്കാമെന്നും അല്ലെങ്കില്‍ ആര്‍.ഐ.എഫിലൂടെ കടന്നുപോകാമെന്നും വാര്‍ണര്‍ പറഞ്ഞു.

ചീഫ് സയന്റിസ്റ്റിന്റെ ഓഫീസിന് പുറമെ ഓഫീസ് ഓഫ് ടെക്‌നോളജി, പോളിസി, സ്ട്രാറ്റജി എന്നിവയും ഡൈവേഴ്‌സിറ്റി, ഇക്വിറ്റി, ഇന്‍ക്ലൂഷന്‍, ആക്‌സസിബിലിറ്റി ബ്രാഞ്ചുകളും അടച്ചുപൂട്ടിയിട്ടുണ്ട്.

ഫെബ്രുവരിയില്‍ നാസ ഏകദേശം 1,000 പ്രൊബേഷണറി ജീവനക്കാരെ പിരിച്ചുവിടാന്‍ തയ്യാറെടുത്തിരുന്നു. എന്നാല്‍ പിന്നീട് പിരിച്ചുവിടലുകള്‍ നിര്‍ത്തിവയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവ് ലഭിച്ചെങ്കിലും കാരണം വ്യക്തമാക്കിയിരുന്നില്ല.

അടുത്തിടെ നടന്ന സ്റ്റേറ്റ് ഓഫ് ദി യൂണിയന്‍ പ്രസംഗത്തില്‍, ബഹിരാകാശ പര്യവേഷണത്തോടുള്ള തന്റെ പ്രതിബദ്ധത ട്രംപ് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. യു.എസ് ചൊവ്വയിലും അതിനപ്പുറവും അമേരിക്കന്‍ പതാക സ്ഥാപിക്കുമെന്നും ട്രംപ് പ്രഖ്യാപിക്കുകയുണ്ടായി.

കാലാവസ്ഥാ ഗവേഷണം, ഭൂമിയെ നിരീക്ഷിക്കുന്ന ഉപഗ്രഹങ്ങളുടെ മേല്‍നോട്ടം, ഫീല്‍ഡ് പഠനങ്ങള്‍, നൂതന കാലാവസ്ഥാ മോഡലുകളുടെ വികസനം, ഗവേഷകര്‍ക്കും പൊതുജനങ്ങള്‍ക്കും ഓപ്പണ്‍ സോഴ്സ് ഡാറ്റ വിതരണം എന്നിവയില്‍ സുപ്രധാന പങ്ക് വഹിച്ച അമേരിക്കയുടെ ബഹിരാകാശ ഏജന്‍സിയാണ് നാസ.

Content Highlight: Musk’s shakeup at NASA too; 22 people including the chief scientist fired

Latest Stories