വാഷിങ്ടണ്‍: യു.എസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് തകര്‍ക്കാനുള്ള ഇലോണ്‍ മസ്‌ക്കിന്റെ നീക്കം ഭരണഘടന ലംഘനമാണെന്ന് ഫെഡറല്‍ ജഡ്ജി. യു.എസ് എയ്ഡ് വെട്ടിക്കുറയ്ക്കരുതെന്നും ഫെഡറല്‍ ജഡ്ജി മസ്‌ക്കിനോട് ആവശ്യപ്പെട്ടു.
യു.എസ് എയ്ഡിലെ എല്ലാ ജീവനക്കാരെയും തിരിച്ചെടുക്കണമെന്നും അഡ്മിനിസ്‌ട്രേറ്റീവ് ലീവില്‍ പ്രവേശിച്ചവരെയടക്കം തിരിച്ച് ജോലിയില്‍ പ്രവേശിപ്പിക്കാനും കോടതി ഉത്തരവില്‍ പറയുന്നു. ഇവരുടെയെല്ലാം ഇമെയില്‍, കമ്പ്യൂട്ടര്‍ ആക്‌സസ് പുനസ്ഥാപിക്കണമെന്നും ട്രംപ് ഭരണകൂടത്തോട് ജഡ്ജി ആവശ്യപ്പെട്ടു.
മസ്‌ക്കിനെതിരായ കാര്യക്ഷമതാ വകുപ്പുകളുമായി ബന്ധപ്പെട്ട കേസുകളില്‍, മസ്‌ക്ക് ട്രംപിന്റെ ഉപദേഷ്ടാവ് മാത്രമാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ട്രംപ് ഭരണകൂടത്തിന്റെ ആ നിലപാട് മസ്‌ക്കിനെതിരാണെന്നും ജഡ്ജി പറഞ്ഞു.
മസ്‌ക്കിന്റെ പൊതു പ്രസ്താവനകളും സോഷ്യല്‍ മീഡിയ പോസ്റ്റുകളും അദ്ദേഹത്തിന് കാര്യക്ഷമത വകുപ്പിന് മേല്‍ വലിയ രീതിയിലുള്ള നിയന്ത്രണമുണ്ടെന്ന് തെളിയിക്കുന്നുവെന്നും നിയമപരമായി ആവശ്യമായ ചില പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാന്‍ യു.എസ് എയ്ഡിന് ഇനി കഴിയില്ലെന്നും ജഡ്ജി പറഞ്ഞു.
നേരത്തെ കൂട്ടപ്പിരിച്ചുവിടലിന്റെ ഭാഗമായി തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികളെയെല്ലാം തിരിച്ചെടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ഫെഡറല്‍ ജഡ്ജി ആവശ്യപ്പെട്ടിരുന്നു. വിവിധ ഏജന്‍സികളില്‍ നിന്നായി പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കണമെന്ന് ഫെഡറല്‍ ജഡ്ജി ട്രംപ് ഭരണകൂടത്തിന് നിര്‍ദേശം നല്‍കുകയായിരുന്നു.
യു.എസ് ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഡിഫന്‍സ്, ഡിപ്പാര്‍ട്‌മെന്റ് ഓഫ് വെറ്ററന്‍സ് അഫയേഴ്‌സ്, ഡിപ്പാര്‍ട്മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് എനര്‍ജി, ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഇന്റീരിയര്‍, ട്രഷറി ഡിപ്പാര്‍ട്‌മെന്റ് എന്നിവയിലെ പ്രൊബേഷണറി ജീവനക്കാര്‍ക്ക് വിധി ബാധകമാവുമെന്നും കോടതി വ്യക്തമാക്കുകയായിരുന്നു.
തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ ആ ഏജന്‍സികള്‍ക്ക് അധികാരമില്ലാതിരുന്നിട്ടും അനുചിതമായ തീരുമാനമെടുത്തുവെന്നും കൃത്യമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെയാണ് പിരിച്ചുവിട്ടതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
യൂണിയനുകള്‍, വാഷിങ്ടണിലെ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ തുടങ്ങിയവര്‍ നല്‍കിയ കേസില്‍ വിധി വരുന്നതുവരെ, പിരിച്ചുവിട്ട തൊഴിലാളികളെ പുനസ്ഥാപിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
Content Highlight: Musk’s attempt to disrupt US aid violates the Constitution: Federal judge