|

പോരാട്ടത്തിന് ഞാന്‍ ഒരുക്കമാണ്, സ്ഥലം നിങ്ങള്‍ കുറിച്ചോളൂവെന്ന് മദുറോ; തയ്യാറെന്ന് മസ്‌ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദുറോയുടെ വെല്ലുവിളി സ്വീകരിച്ച് എക്‌സ് ഉടമ ഇലോണ്‍ മസ്‌ക്. മദുറോ വലിയ മനുഷ്യനാണെന്നും എങ്ങനെ പോരാടാമെന്ന് നന്നായി അറിയുമെന്നും അതിനാല്‍ ഇതൊരു യഥാര്‍ഥ പോരാട്ടമായിരിക്കുമെന്നുമായിരിക്കും മറുപടിയായി മസ്‌ക് കുറിച്ചത്.

നിങ്ങള്‍ പോരാടാന്‍ തയാറാണോ? എങ്കില്‍ തയാറെടുക്കൂ. തുറന്ന പോരാട്ടത്തിന് ഞാന്‍ തയാറാണ്. മസ്‌ക് നിങ്ങളെ ഞാന്‍ ഒട്ടും ഭയക്കുന്നില്ല. നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത്, ഒരു പോരാട്ടത്തിന് ഞാന്‍ ഒരുക്കമാണ്.’ എന്നായിരുന്നു മദുറോ പറഞ്ഞത്. ഇതിന് പിന്നാലെയാണ് പോരാടാന്‍ ഒരുക്കമാണെന്ന് പറഞ്ഞ് മസ്‌ക് രംഗത്തെത്തിയത്.

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മദൂറോ വിജയിച്ചതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് മസ്‌ക് രംഗത്തെത്തിയത്.
മദുരോ വെനിസ്വേലയെ നാശത്തിലേക്ക് തള്ളിവിടുകയാണെന്നും മസ്‌ക് കുറ്റപ്പെടുത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് വിഷയത്തില്‍ വിമര്‍ശനവുമായി മദുരോ രംഗത്തെത്തിയത്. തെക്കേ അമേരിക്കയുടെ സമാധാനവും സ്ഥിരതയും തകര്‍ക്കാന്‍ മസ്‌ക് ശ്രമിക്കുന്നതായി നിക്കോളാസ് മദുറോ പറഞ്ഞു. തന്റെ ഏറ്റവും പുതിയ ശത്രുവായി മസ്‌ക് മാറിയെന്നും മദുരോ പറഞ്ഞിരുന്നു.

ഒരു പോരാട്ടത്തിന് ഒരുക്കമാണോ എന്ന മദുരോയുടെ ചോദ്യത്തെ ഏറ്റെടുത്ത് മസ്‌കും രംഗത്തെത്തി. ഈ പോരാട്ടത്തില്‍ ഞാന്‍ വിജയിച്ചാല്‍, വെനസ്വേലയുടെ ഏകാധിപതിയായ അദ്ദേഹം രാജിവെക്കും. ഇനി അദ്ദേഹമാണ് വിജയിക്കുന്നതെങ്കില്‍ അദ്ദേഹത്തിന് എന്റെ വക ചൊവ്വയിലേക്ക് ഒരു ഫ്രീ ടിക്കറ്റ് നല്‍കും,’ എന്നായിരുന്നു മസ്‌ക് പറഞ്ഞത്.

വെനസ്വേലയിലെ നാഷണല്‍ ഇലക്ടറല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പിലെ വിജയിയായി കഴിഞ്ഞ ദിവസമാണ് മദുരോയെ പ്രഖ്യാപിച്ചത്. 80% ബാലറ്റുകള്‍ എണ്ണിയപ്പോള്‍ അദ്ദേഹത്തിന്റെ പ്രധാന എതിരാളിയായ എഡ്മുണ്ടോ ഗോണ്‍സാലെസിന് 44% വോട്ടാണ് ലഭിച്ചത്. 51 ശതമാനം വോട്ട് നേടി മദുരോ അധികാരത്തിലെത്തി.

പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ മരണത്തെത്തുടര്‍ന്ന് 2013-ലാണ് മദുരോ ആദ്യമായി അധികാരമേറ്റെടുക്കുന്നത്. തുടര്‍ച്ചയായി മൂന്നാം തവണയും മദുരോ അധികാരത്തിലെത്തിയിരിക്കുകയാണ്. അടുത്ത ആറ് വര്‍ഷത്തേക്ക് മദുരോ രാജ്യം ഭരിക്കും. എല്ലാ തെരഞ്ഞെടുപ്പിലും പ്രതിപക്ഷ വഞ്ചന ആരോപിക്കാറുണ്ടെന്നും എന്നാല്‍ തന്റേത് സ്ഥിരതയുള്ള സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

‘സാമൂഹിക മാധ്യമങ്ങളിലെ ചില വിര്‍ച്വല്‍ യാഥാര്‍ത്ഥ്യങ്ങളെ ഇപ്പോള്‍ നിയന്ത്രിക്കുന്നത് നമ്മുടെ പുതിയ ശത്രുവായ ഇലോണ്‍ മസ്‌കാണ്. അദ്ദേഹമാണ് ഈ സംസാരം തുടങ്ങിവെച്ചത്. നിങ്ങള്‍ പോരാടാന്‍ തയാറാണോ? എങ്കില്‍ തയാറെടുക്കൂ. തുറന്ന പോരാട്ടത്തിന് ഞാന്‍ തയാറാണ്. മസ്‌ക് നിങ്ങളെ ഞാന്‍ ഒട്ടും ഭയക്കുന്നില്ല’ എന്നായിരുന്നു മദുറോ പറഞ്ഞത്.

Content Highlight: Musk accepts Venezuelan president’s offer to fight