| Saturday, 23rd July 2022, 9:44 pm

സംഗീതത്തിനായി ജീവിതം ഉഴിഞ്ഞുവെച്ചവര്‍ക്ക് ഇത് അപമാനം; നഞ്ചിയമ്മയുടെ അവാര്‍ഡ് നേട്ടത്തില്‍ സംഗീതജ്ഞന്‍ ലിനു ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മികച്ച ഗായികക്കുള്ള ദേശീയ പുരസ്‌കാരം നഞ്ചിയമ്മക്ക് നല്‍കിയതില്‍ പരാതിയുമായി സംഗീതജ്ഞന്‍ ലിനുലാല്‍. സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവര്‍ക്ക് നഞ്ചിയമ്മക്ക് അവാര്‍ഡ് നല്‍കിയത് അപമാനമായി തോന്നിയെന്ന് ലിനു ലാല്‍ പറഞ്ഞു. ഫേസ്ബുക്കില്‍ വീഡിയോയിലൂടെയായിരുന്നു ലിനു ലാലിന്റെ പ്രതികരണം.

മൂന്നും നാലും വയസ് മുതല്‍ സംഗീതം അഭ്യസിച്ച് അവരുടെ ജീവിതം സംഗീതത്തിനു വേണ്ടി മാത്രം മാറ്റിവെക്കുന്ന ഒരുപാട് പേരുണ്ട്. അവര്‍ തണുത്തതും എരിവുള്ളതും കഴിക്കില്ല, തണുപ്പുള്ള സ്ഥലത്തുപോകില്ല അങ്ങനെയൊക്കെയുള്ളവര്‍. പട്ടിണികിടന്നാലും മ്യൂസിക് അല്ലാതെ മറ്റൊന്നുമില്ലെന്ന് ചിന്തിക്കുന്നവര്‍. അങ്ങനെ ഒരുപാട് ആളുകളുണ്ട്. അങ്ങനെയുള്ള ഒരുപാട് പേരുള്ളപ്പോള്‍ നഞ്ചിയമ്മ പാടിയ ഈ പാട്ടിന് മികച്ച ഗായികയ്ക്കുള്ള നാഷണല്‍ അവാര്‍ഡ് കൊടുക്കുക എന്നുപറഞ്ഞാല്‍. പുതിയൊരു സോങ് കമ്പോസ് ചെയ്ത് നഞ്ചിയമ്മയെ സ്റ്റുഡിയോയിലേക്ക് വിളിച്ച് ആ പാട്ട് പാടിപ്പിക്കാമെന്നുവച്ചാല്‍ അത് സാധിക്കുമെന്ന് തോന്നുന്നില്ലെന്നും ലിനുലാല്‍ പറഞ്ഞു.

ഒരാഴ്ചയോ ഒരുമാസം കൊടുത്ത് പഠിച്ചിട്ടുവരാന്‍ പറഞ്ഞാല്‍ പോലും സാധാരണ ഒരു ഗാനം പാടാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. ദാസ് സാറൊക്കെ ഒരു ദിവസം എട്ടും പത്തും പാട്ടൊക്കെ പാടിയിട്ടുണ്ട്. അതുപോലെ ചിത്ര ചേച്ചി. മധുബാലകൃഷ്ണനൊക്കെ 15 മിനിറ്റ് നേരം കൊണ്ട് ഒരു പാട്ട് പാടിപ്പോകും. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനം 2020 ലെ ഏറ്റവും നല്ല പാട്ടായി തനിക്ക് തോന്നുന്നില്ലെന്നും ലിനു പറഞ്ഞു.

‘ഇന്ത്യയിലെ ഏറ്റവും നല്ല പാട്ടായിരുന്നോ അയ്യപ്പനും കോശിയിലെ നഞ്ചിയമ്മ പാടിയ പാട്ട്, അല്ലെങ്കില്‍ ഏറ്റവും നന്നായി പാടിയ പാട്ടായിരുന്നോ? എനിക്കതില്‍ സംശയമുണ്ട്. നഞ്ചിയമ്മയോട് എനിക്ക് യാതൊരു വിരോധവുമില്ല. അവരെ എനിക്ക് അധികം ഇഷ്ടമാണ്. ആ ഫോക് സോങ് അവര് നല്ല രസമായി പാടിയിട്ടുണ്ട്. ഞങ്ങളുള്ള ഒന്നു രണ്ടു വേദിയില്‍ ഈ അമ്മ വന്നിട്ടുണ്ട്. പിച്ച് ഇട്ടുകൊടുത്താല്‍ അതിനു അനുസരിച്ച് പാടാനൊന്നും കഴിയില്ല. അങ്ങനെയുള്ള ഒരാള്‍ക്കാണോ പുരസ്‌കാരം കൊടുക്കേണ്ടത്.

അയ്യപ്പനും കോശിയും സിനിമയിലെ ആ ഗാനം ആ അമ്മ നല്ല രസമായി പാടിയിട്ടുണ്ട്. അതുകൊണ്ടു ആ അമ്മയ്ക്ക് ഒരു സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം നല്‍കാമായിരുന്നു,’ ലിനു പറഞ്ഞു.

അതേസമയം, ഗായികമാരായ സിതാര കൃഷ്ണകുമാറും സുജാതയും മാത്രമായിരുന്നു പുരസ്‌കാര നേട്ടത്തില്‍ നഞ്ചിയമ്മക്ക് അഭനന്ദനവുമായി എത്തിയിരുന്നത്. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയിലെ കലക്കാത്ത എന്ന ഗാനത്തിനാണ് മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്‌കാരം ഗായിക നഞ്ചിയമ്മയെ തേടിയെത്തിയത്. കഴിഞ്ഞ സംസ്ഥാന അവാര്‍ഡ് വേളയില്‍ പ്രത്യേക ജൂറി അവാര്‍ഡും നഞ്ചിയമ്മക്കുണ്ടായിരുന്നു.

CONTENT HIGHLIGHTS:  Musician Linulal has complained about the National Award for Best Singer being given to Nanjiamma

We use cookies to give you the best possible experience. Learn more