| Sunday, 15th August 2021, 6:06 pm

പൃഥ്വിരാജ് അയച്ച ഈ മെസേജില്‍ നിന്നാണ് കുരുതിയിലെ 'വേട്ടമൃഗം' എന്ന പാട്ടുണ്ടായത്; വാട്‌സ്ആപ്പ് സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് ജേക്ക്‌സ് ബിജോയി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത കുരുതി എന്ന ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ചിത്രത്തിലെ ആശയങ്ങളും അഭിനയവും മറ്റു ഘടകങ്ങളുമെല്ലാം ചര്‍ച്ചയാകുന്ന കൂട്ടത്തില്‍ ചിത്രത്തിലെ പാട്ടുകളെ കുറിച്ചും പ്രേക്ഷകര്‍ സംസാരിക്കുന്നുണ്ട്.

ജേക്ക്‌സ് ബിജോയിയാണ് ചിത്രത്തിന് വേണ്ടി പാട്ടുകളൊരുക്കിയിരുന്നത്. കുരുതിയിലെ വേട്ടമൃഗം എന്ന ഗാനം പിറന്നതിന് പിന്നാലെ കഥ പറയുകയാണ് ജേക്ക്‌സ് ഇപ്പോള്‍.

‘കുരുതി എന്ന സിനിമയ്ക്ക് വേണ്ടി മനു എന്നെ കാണാന്‍ വന്നപ്പോള്‍ രണ്ട് ഗാനം നമുക്ക് വേണമെന്ന് പറഞ്ഞു. അതിലെ രണ്ടാമത്തേത് സിനിമയിലെ ഫൈനല്‍ ആക്റ്റിന് വരുന്നതിന് മുന്‍പ് ആയതുകൊണ്ട് അഡ്രിനാലിന്‍ റഷ് വേണ്ട ഒരു സോങ്ങ് ആയിരിക്കണമെന്ന് മനു പറഞ്ഞിരുന്നു.

ഞാന്‍ ഒരു ട്യൂണ്‍ മനുവിന് അയച്ചു കൊടുത്തു. നമുക്ക് ഒന്ന് നോക്കാം എന്ന് ആയിരുന്നു മനുവിന്റെ മറുപടി. കൂടെ വേറെ ഒരു ട്യൂണ്‍ നോക്കുന്നോ എന്ന ഒരു അഭിപ്രായം കൂടെ പങ്കുവെച്ചു. എന്നിട്ട് നമുക്ക് പൃഥ്വിക്ക് കൂടെ അയച്ച് കൊടുക്കാം എന്ന് പറഞ്ഞു. കാരണം പൃഥ്വി പ്രൊഡ്യൂസര്‍ ആണല്ലോ. അങ്ങനെ ഞങ്ങള്‍ പൃഥ്വിക്ക് കൂടെ ട്രാക്ക് അയച്ച് കൊടുത്തു.

പൃഥ്വി അത് കേട്ടിട്ട് പറഞ്ഞത് നമുക്ക് വേറെ ഒരു മൂഡ് പിടിക്കാം അതിന് മുന്‍പ് ഞാന്‍ ഇതിന്റെ ഒരു ഉപമ പറയട്ടെ എന്ന് പറഞ്ഞ് എനിക്ക് ഒരു ചെറിയ ടെക്സ്റ്റ് അയച്ച് തന്നു. അതില്‍നിന്നാണ് വേട്ടമൃഗം എന്ന പാട്ട് ഉണ്ടായത്,’ ജേക്ക്‌സ് പറയുന്നു.

പാട്ടിന്റെ മൂഡ് എന്തായിരിക്കണമെന്നതിനെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞ കാര്യങ്ങളാണ് ജേക്ക്‌സ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. പൃഥ്വി അയച്ച വാട്‌സ്ആപ്പ് മെസേജിന്റെ സ്‌ക്രീന്‍ഷോട്ടാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്.

അയച്ചുതന്നെ ട്യൂണ്‍ മികച്ചതാണെങ്കിലും നിരാശയുടെയും ദേഷ്യത്തിന്റെയും ഒരംശം കൂടി അതില്‍ കടന്നുവരണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ് പൃഥ്വിരാജ് പറയുന്നത്.

‘ഒരു കലമാനെ സിംഹം വേട്ടായാടുന്നത് സ്ലോ മോഷനില്‍ ആലോചിച്ചുനോക്കൂ. അനിവാര്യമായത് എന്താണെന്നും അത് സംഭവിക്കുമെന്നും നിങ്ങള്‍ക്കറിയാം. പക്ഷെ എന്നാലും, ആ മാനിന് ഓടിരക്ഷപ്പെട്ട് മറഞ്ഞിരിക്കാന്‍ പറ്റുന്ന ഒരു കാട് കിട്ടുമെന്നോ അല്ലെങ്കില്‍ സിംഹം വീണുപോകുമെന്നോ നിങ്ങള്‍ പ്രതീക്ഷിക്കില്ലേ. ആ കലമാനിന് മുന്നില്‍ ഒരു പ്ലാനുമില്ല. ഓടണമെന്ന് മാത്രമേ അതിനറിയുകയുള്ളു. എത്രത്തോളം വേഗത്തില്‍ പറ്റുമോ അത്രത്തോളം വേഗത്തില്‍ ഓടുക.

സിംഹം വളരെ ആത്മവിശ്വാസത്തോടെയാണ് ആ കലമാനെ പിന്തുടരുന്നത്. കാരണം, ആ കലമാനെയൊക്കെ തോല്‍പ്പിക്കാന്‍ പാകത്തിലാണ് തന്നെ സൃഷ്ടിച്ചിട്ടുള്ളതെന്ന് അതിന് അറിയാം. അങ്ങനെ തന്നെ ചെയ്യുമെന്നും സിംഹത്തിനറിയാം. ഈ കഥയില്‍ വേദനയും നിരാശയും ചേര്‍ത്തുനിര്‍ത്തി നോക്കൂ,’ ഇതാണ് പൃഥ്വിരാജ് ജേക്ക്‌സിനയച്ച മെസേജില്‍ പറയുന്നത്.

പൃഥ്വിരാജ് പറഞ്ഞ ഈ വിവരണമാണ് വേട്ടമൃഗമെന്ന പാട്ടുണ്ടായതെന്ന് ജേക്ക്‌സ് പറയുന്നു. ആഗസ്റ്റ് 11ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത കുരുതി സംവിധാനം ചെയ്തിരിക്കുന്നത് മനു വാര്യരാണ്. അനിഷ് പിള്ളയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

പൃഥ്വിരാജ്, മാമുക്കോയ, റോഷന്‍ മാത്യു, ശ്രിന്ദ, മുരളി ഗോപി, മണികണ്ഠന്‍, നസ്ലന്‍ ഗഫൂര്‍, സാഗര്‍ സൂര്യ, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

അഭിനന്ദ് രാമാനുജമാണ് ക്യാമറ. എഡിറ്റിങ്ങ് അഖിലേഷ് മോഹനും സംഗീതം ജേക്ക്‌സ് ബിജോയിയുമാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറില്‍ സുപ്രിയ മേനോനാണ് കുരുതി നിര്‍മ്മിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Musician Jakes Bejoy shares Prithviraj’s text message about a song in Kuruthi

We use cookies to give you the best possible experience. Learn more