| Saturday, 25th September 2021, 10:31 am

സംഗീതം പഠിക്കാതെ ഏറ്റവും കൂടുതല്‍ പാട്ട് പാടി ഗിന്നസ് റെക്കോഡ്, ഒറ്റദിവസം 17 ഗാനങ്ങള്‍; എസ്.പി.ബി എന്ന സംഗീതവിസ്മയം

ജിതിന്‍ ടി പി

സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാത്ത ഒരാള്‍ പാട്ടുകാരനാകുന്നതില്‍ അതിശയമില്ല. എന്നാല്‍ ഏറ്റവും കൂടുതല്‍ പാട്ട് പാടിയതിന്റെ ഗിന്നസ് റെക്കോഡ് കൈവശമുള്ള ഒരു ഗായകന്‍ സംഗീതം പഠിച്ചിട്ടില്ലാ എന്നത് അത്ഭുതം തന്നെയാണ്. പതിനൊന്ന് ഭാഷകളിലായി 39000 പാട്ടുകള്‍ പാടിയ ഒരു ഗായകന്‍ എന്നത് ഏറെ അതിശയകരമാണ്.

ഒരു ദിവസം 17 പാട്ടുകള്‍ വരെ പാടി റെക്കാര്‍ഡ് ചെയ്ത് ചരിത്രം സൃഷ്ടിക്കുന്നത് അത്ഭുതം തന്നെയാണ്. ആറ് ദേശീയ അവാര്‍ഡുകള്‍ വാങ്ങിക്കൂട്ടി രാജ്യത്തെ മികച്ച ഗായകരിലൊരാളായി തുടരുക എന്നത് അത്ഭുതമാണ്.. സംഗീത അത്ഭുതത്തിന്റെ പേരാണ് ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം എന്ന എസ്.പി.ബി.

ശങ്കരാഭരണത്തിലെ ശങ്കരാ എന്നൊരറ്റ ഗാനം മതി ആ അത്ഭുതത്തിന്റെ മാറ്റ് കൂട്ടാന്‍. മുന്‍പ് പാടിയ പാട്ടുകള്‍ എത്ര തവണ സ്റ്റേജില്‍ പാടുമ്പോഴും അതിനെ മികച്ചതാക്കി മാറ്റാന്‍ ശ്രമിക്കുന്നു എന്നതാണ് എസ്.പി.ബിയെ എന്നും വ്യത്യസ്തനാക്കുന്നത്.

ഇന്ത്യയിലും ഇന്ത്യയ്ക്കു പുറത്തും ഇത്രയധികം ഗാനമേളകള്‍ നടത്തിയ വേറൊരു ഗായകനുണ്ടാവില്ല. യേശുദാസിനെപ്പോലെ നാലു പതിറ്റാണ്ടുകള്‍ സിനിമാരംഗത്തെ മുടിചൂടാമന്നനായി നില്‍ക്കാന്‍ എസ്.പി.ബാലസുബ്രഹ്മണ്യത്തിനു കഴിഞ്ഞുവെന്നത് ചെറിയ കാര്യമല്ല.

പ്രത്യേകിച്ച് തന്റെ ശബ്ദം കാത്തുസൂക്ഷിക്കുന്നതിനായി മറ്റ് സംഗീതജ്ഞര്‍ പാലിച്ചപോന്ന ചിട്ടകളൊന്നും അദ്ദേഹം പുലര്‍ത്തിയിരുന്നില്ല. ആഹാരത്തിലുള്ള പഥ്യം, തണുത്ത ആഹാരം ഒഴിവാക്കാന്‍ ഇതൊന്നും നോക്കാതെയായിരുന്നു എസ്.പി.ബിയുടെ ജീവിതരീതി.


”തൊഴില്‍ എനിക്കു ദൈവം പോലെയാണ്. എന്നുവെച്ച് ജീവിതം എനിക്കു പ്രധാനമാണ്. ജീവിതത്തില്‍ സാധാരണ മനുഷ്യരെപ്പോലെയാണ്. ഈ തൊഴിലും ജീവിതവും കൊണ്ട് ഞാന്‍ പൂര്‍ണസംതൃപ്തനാണ്. ഞാനിങ്ങനെ ചെയ്യുന്നതുകൊണ്ട് മറ്റു ഗായകരും ഇങ്ങനെ വേണമെന്ന അഭിപ്രായം എനിക്കില്ല. അവര്‍ ശബ്ദം സൂക്ഷിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതുതന്നെ. അതില്‍ എന്നെ ഒരിക്കലും മാതൃകയാക്കണ്ട. എന്റേത് ഒരു പ്രത്യേകസൃഷ്ടിയാണെന്നു മാത്രം വിചാരിച്ചാല്‍ മതി’, എന്നായിരുന്നു ഇതിനെക്കുറിച്ച് എസ്.പി.ബി ഒരിക്കല്‍ പറഞ്ഞത്.ഇതുകൊണ്ടെക്കെയാണ് എസ്.പി.ബി എന്ന മൂന്നക്ഷരം അത്ഭുതമാകുന്നത്.

പാട്ടില്‍ വിസ്മയം തീര്‍ത്ത ആ അപൂര്‍വ്വ ജന്മം തിരിച്ചുവന്ന് അത്ഭുതം കാണിക്കുമെന്ന പ്രതീക്ഷയിലായിരുന്നു സംഗീതപ്രേമികള്‍. എന്നാല്‍ എല്ലാ പ്രതീക്ഷകളേയും അസ്ഥാനത്താക്കി താരാപഥങ്ങളിലേക്ക് എസ്.പി.ബി മാഞ്ഞു. തന്റെ പാട്ടുകള്‍ ബാക്കിയാക്കി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: musical genius SP Balasubramaniam, the first death anniversary of his death

ജിതിന്‍ ടി പി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

Latest Stories

We use cookies to give you the best possible experience. Learn more