മുസ്‌ലീങ്ങള്‍ക്കും സംഗീതമുണ്ട്
Opinion
മുസ്‌ലീങ്ങള്‍ക്കും സംഗീതമുണ്ട്
ജഹാംഗീര്‍ ആമിന റസാഖ്
Monday, 9th July 2018, 5:21 pm

ജനസമൂഹത്തെ ആഴത്തില്‍ സ്വാധീനിക്കുന്ന ശക്തമായ ഉപകരണമാണ് കല. മനുഷ്യ ജീവിതത്തെ ആപാദചൂഢം ഗ്രസിച്ച ഒരു വ്യവസ്ഥക്ക് കലയെക്കുറിച്ച് പറയാതിരിക്കാന്‍ കഴിയില്ല. ഇസ്ലാമും വിശുദ്ധ ഖുര്‍ആനും മുസ്ലിം സമൂഹത്തിന്റെ ആവിഷ്‌കാരങ്ങളിലും മുസ്ലിം ലോകത്ത് വികാസം പ്രാപിച്ച എല്ലാ കലകളിലും പ്രചോദനമായി വര്‍ത്തിച്ചിട്ടുണ്ട് എന്നത് ചരിത്ര രേഖകളാണ്.

മുസ്ലിം സമൂഹം ആവിഷ്‌കരിച്ച കലാമാതൃകകളില്‍ അത്രമേല്‍ ഖുര്‍ആനിന്റെ സ്വാധീനം പ്രകടമാണ്. സംഗീതം, കൊത്തുപണികള്‍, നിര്‍മാണങ്ങള്‍, കാലിഗ്രഫി, അലങ്കാര കലകള്‍ തുടങ്ങിയവയിലെല്ലാം ഇത് ദര്‍ശിക്കാവുന്നതാണ്. ഇസ്ലാം കലകളെ ജീവസ്സുറ്റതാക്കുന്നത് അതിന്റെ ദൈവികമായ പ്രചോദനങ്ങളിലൂടെയാണ്.

കേവലാവിഷ്‌കാരങ്ങളില്‍ മാത്രമല്ല പ്രകൃതിയില്‍ അന്തര്‍ലീനമായ ദൈവിക ഇടപെടലുകളിലേക്കുള്ള അന്വേഷണവും ആസ്വാദനവും വളരെ പ്രധാനമായി കാണുന്നു. കലയില്‍ ഈ ദൈവികമായ പ്രചോദനത്തെ സന്നിവേശിപ്പിക്കുമ്പോഴാണ് ആവിഷ്‌കാരങ്ങളില്‍ ജീവാത്മക ചൈതന്യം തുടിച്ചുനില്‍ക്കുന്നത്. അതേസമയം കലകളും വിനോദങ്ങളും കീഴടക്കാനും അടിമപ്പെടുത്താനും ഉപയോഗിക്കാമെന്നും ആധിപത്യമുള്ളവന്റെ ആവിഷ്‌കാരങ്ങളാണ് ലോകത്തിന്റെ കലകളും വിനോദങ്ങളുമായി മാറുകയെന്നും മലിക്ബിന്നബി നിരീക്ഷിച്ചിട്ടുണ്ട്. അതുകൊണ്ട്തന്നെ കലകള്‍ കേവല വിനോദമല്ല രാഷ്ട്രീയ അടയാളം കൂടിയാണ്.

“മനസ്സിനെ ചികിത്സിക്കാനും അതിനോട് വിനയം കാണിക്കാനും സത്യത്തിലേക്ക് നയിക്കാനുമുള്ള അറിവ് നേടിയവര്‍ തീര്‍ച്ചയായും വിനോദങ്ങളും കലകളും കളികളും മനസ്സിന് ആനന്ദമുണ്ടാക്കുന്നതിനുള്ള ഗുണകരമായ ചികിത്സയാണെന്ന് വ്യക്തമായും മനസ്സിലാക്കിയിരിക്കുന്നുവെന്നാണ് ഇമാം ഗസാലി അഭിപ്രായപ്പെടുന്നത്.

യഥാര്‍ത്ഥത്തില്‍ ശബ്ദത്തെക്കുറിച്ച് ഇസ്ലാമിന്റെ വീക്ഷണം അത് മൗലികമായി അനുവദനീയമാണെന്നതാണ്. കാരണം ഇത്തരം “ആദാത്തു”കളില്‍ പെടുന്ന കാര്യങ്ങളുടെയെല്ലാം മൗലികത അവ അനുവദനീയമാണ് എന്നതാണ്. അവ ഹറാമാണെന്നതിനാണ് തെളിവ് വേണ്ടതെന്നര്‍ത്ഥം.

സുന്ദരവും പ്രിയങ്കരവും ആസ്വാദ്യജനകവുമായ ശബ്ദമുള്ളവരെ സംഗീതത്തോടുപമിക്കുക എന്നത് പണ്ടുമുതലേ ഇസ്ലാമിക ആഖ്യായികകളില്‍ ഉണ്ടായിരുന്നു. അത് ഖുര്‍ആന്‍ പാരായണമെന്ന ഇബാദത്താണെങ്കിലും. കര്‍ണാനന്ദകരമായ ശബ്ദമാധുര്യത്തോടെ ഖുര്‍ആന്‍ പാരായണം ചെയ്തിരുന്ന മഹാനായിരുന്നു അബൂ മൂസല്‍ അശ്അരി. അദ്ദേഹത്തിന്റെ പാരായണത്തിലാകൃഷ്ടനായി പ്രവാചകന്‍ മുഹമ്മദ് ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു: “”ദാവൂദ് കുടുംബത്തിന് നല്‍കപ്പെട്ട പുല്ലാങ്കുഴലില്‍നിന്ന് താങ്കള്‍ക്കും പ്രദാനം ചെയ്യപ്പെട്ടിരിക്കുന്നത്”” (ബുഖാരി, മുസ്ലിം). പുല്ലാങ്കുഴലില്‍ നിന്നുയരുന്ന സംഗീതത്തോട് ഖുര്‍ആന്‍ പാരായണം പോലുള്ള ആരാധനയെ ഉപമിക്കുമ്പോള്‍ ആ സംഗീതം ഇസ്ലാം ഹറാമാക്കിയ ഒന്നാകുക വയ്യ. കാരണം “മോശമായ ഉപമകള്‍ നമുക്ക് ചേര്‍ന്നതല്ല”(ബുഖാരി: 2479) എന്ന് സാക്ഷാല്‍ പ്രവാചകന്‍ പറഞ്ഞിരിക്കേ വിശേഷിച്ചും.

അബൂമൂസവിന്റെ ശബ്ദമാധുര്യത്തെക്കുറിച്ച് മഹാനായ താബിഇ അബൂ ഉസ്മാന്‍ പറയുന്നത് നോക്കൂ: “”അബൂമൂസയുടെ ശബ്ദത്തെക്കാള്‍ ആനന്ദമുള്ള പുല്ലാങ്കുഴലോ തംബുരുവോ, വീണയോ രാഗമോ ഞാന്‍ ശ്രവിച്ചിട്ടില്ല. അദ്ദേഹം ഞങ്ങള്‍ക്ക് ഇമാമായി നമസ്‌കരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ശബ്ദമാധുരി കാരണം അല്‍ ബഖറ (ഖുര്‍ആനിലെ ഏറ്റവും ദീര്‍ഘമായ അദ്ധ്യായം) ചെയ്തിരുന്നെങ്കില്‍ എന്ന് ഞങ്ങള്‍ ആഗ്രഹിച്ചുപോകും”” (ഫദാഇലുല്‍ ഖുര്‍ആന്‍: 163).

വീണ, തംബുരു, പുല്ലാങ്കുഴല്‍ തുടങ്ങി പല രാഗങ്ങളും ഞാന്‍ കേട്ടിട്ടുണ്ടെങ്കിലും അബൂമൂസയുടെ ഖുര്‍ആന്‍ പാരായണത്തെക്കാള്‍ ഇമ്പമാര്‍ന്ന മറ്റൊന്നും താന്‍ കേട്ടിട്ടില്ല എന്നാണദ്ദേഹം പറയുന്നത്.

മെഹ്ദി ഹസ്സന്‍

പ്രമാണങ്ങള്‍ പരിശോധിച്ചാല്‍ ഇസ്ലാമില്‍ സംഗീതത്തിന്റെ വിധി മൗലികമായി അനുവദനീയത എന്നതാണെന്നാണ് ബോധ്യമാവുക. ഇബാദത്തുകളില്‍നിന്ന് വ്യത്യസ്തമായി ആദാത്തു(പതിവ് സമ്പ്രദായങ്ങള്‍)കളുടെ ഗണത്തിലേ സംഗീതത്തെ ഉള്‍പ്പെടുത്താനാകൂ. ആദാത്തുകളുടെ മൗലികത അനുവദനീയത എന്നതാണ്. അവ നിഷിദ്ധമാണെന്നതിന് തെളിവ് ഉണ്ടാകുവോളം പ്രസ്തുത വിധിയില്‍ മാറ്റമില്ല. ഇവിടെ പഠിക്കാന്‍ ശ്രമിച്ചിടത്തോളം സംഗീതം ഹറാമാണെന്ന് വിധിയെഴുതാന്‍ പാകത്തില്‍ ഇസ്ലാമില്‍ വ്യക്തവും സ്വഹീഹായതുമായ പ്രമാണങ്ങളൊന്നും കാണാന്‍ കഴിഞ്ഞിട്ടില്ല.

എന്നാല്‍ സംഗീതം അനുവദനീയമാണെന്ന് പ്രാമാണികമായിത്തന്നെ തെളിയിക്കാന്‍ കഴിയും. പ്രവാചകന്‍ മുഹമ്മദിന്റെ കാലഘട്ടത്തില്‍, അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ വെച്ച് പോലും വാദ്യ ഉപകരണങ്ങളോടെ പാട്ടും സംഗീതവുമാലപിച്ചതായി നിരവധി ഹദീസുകള്‍ കാണാന്‍ കഴിയും. ഉദാഹരണത്തിന്: ആയിശ നിവേദനം ചെയ്യുന്നു: മിനാ ദിവസങ്ങളില്‍ തിരുമേനി തന്റെ അരികില്‍ വന്ന് താമസിച്ചു. രണ്ടു പെണ്‍കുട്ടികള്‍ ആ സമയത്ത് തന്റെയടുത്ത് ദഫ്ഫ് മുട്ടി പാട്ടുപാടിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു.

പ്രവാചകന്‍ മുഹമ്മദാവട്ടെ, വസ്ത്രം കൊണ്ട് തന്നെ മുഖം മറച്ചിരുന്നു. അവരോട് എന്തെങ്കിലും ആജ്ഞാപിക്കുകയോ വിലക്കുകയോ ചെയ്തില്ല. അന്നേരം അബൂബക്ര് കടന്നുവരികയും അവരെ വിലക്കുകയും ചെയ്തു. ഉടനെ തന്റെ മുഖത്തുനിന്ന് തുണി മാറ്റിക്കൊണ്ട് മുഹമ്മദ് പറഞ്ഞു: “”അവരെ വിട്ടേക്കൂ അബൂബക്കര്‍. കാരണം ഇത് ആഘോഷ ദിവസമാണ്”” (അഹ്മദ്, നസാഈ, ഇബ്നു ഹമ്പല്‍). മറ്റൊരു രിവായത്തില്‍ നബിയുടെ സന്നിധിയില്‍ പിശാചിന്റെ തംബുരുവോ എന്ന് ചോദിച്ചുകൊണ്ട് അബൂബക്കര്‍ തടഞ്ഞെന്നും അപ്പോള്‍ തിരുമേനി അദ്ദേഹത്തിന്റെ നേരെ തിരിഞ്ഞ് അവരെ വിട്ടേക്കൂ എന്ന് പറഞ്ഞു എന്നും കാണാം.

ബുറൈദഃ അല്‍ അസ്ലമി പറയുന്നു: പ്രവാചകന്‍ മുഹമ്മദ് ഒരു യുദ്ധത്തിന് പോയി തിരിച്ചുവന്നപ്പോള്‍ ഒരു നീഗ്രോ അടിമയായ പെണ്‍കുട്ടി വന്നു പറഞ്ഞു: “”അല്ലാഹുവിന്റെ റസൂലേ, അല്ലാഹു താങ്കളെ സുരക്ഷിതനായി തിരിച്ചെത്തിച്ചാല്‍ താങ്കളുടെ അടുത്തുവന്നു കൊണ്ട് ദ്ഫ്ഫുമുട്ടി പാട്ടുപാടുമെന്ന് ഞാന്‍ നേര്‍ച്ച നേര്‍ന്നിട്ടുണ്ടായിരുന്നു.”” അപ്പോള്‍ മുഹമ്മദ് നബി അവളോട് പറഞ്ഞു: “”നേര്‍ച്ചയാക്കിയിട്ടുണ്ടെങ്കില്‍ അങ്ങനെ ചെയ്തുകൊള്ളൂ. ഇല്ലെങ്കില്‍ വേണ്ട.”” അങ്ങനെയവള്‍ ദഫ്ഫ് കൊട്ടി പാടാന്‍ തുടങ്ങി (തിര്‍മുദി).

അറബി ഭാഷയില്‍ “മആസിഫ്” എന്നതില്‍ ദഫ്ഫും പെടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. വാദ്യോപകരണങ്ങള്‍ എന്നാണതിന്റെ അര്‍ത്ഥം. അപ്പോള്‍ വാദ്യമേളത്തോടെ പാട്ടു പാടാമെന്നും അത് കുറ്റകരമല്ലെന്നും ഈ സംഭവം വ്യക്തമാക്കുന്നു. കാരണം കുറ്റം ചെയ്യാനായി നേര്‍ച്ചയാക്കിയിട്ടുണ്ടെങ്കില്‍ ആ നേര്‍ച്ച പാലിക്കരുതെന്ന് പ്രവാചകന്‍ മുഹമ്മദ് പറഞ്ഞിട്ടുണ്ട് (മുവത്വ, ബുഖാരി, മുസ്ലിം). വാദ്യോപകരണങ്ങളുപയോഗിച്ച് ഗാനമാലപിക്കല്‍ തെറ്റായ കാര്യമായിരുന്നുവെങ്കില്‍ മുഹമ്മദ് നബി അത് അനുവദിക്കുമായിരുന്നില്ല എന്നും ഇസ്ലാമിക വേദം പറയുന്നു.

ഇസ്ലാമിലെ കല, സംഗീതം.

ഇസ്ലാമിലെ കലയേയും സാഹിത്യത്തേയും കുറിച്ചുള്ള ചര്‍ച്ച തസ്വവ്വുഫിനെ പരാമര്‍ശിക്കാതെ പൂര്‍ണമാകില്ല. കലാ സൗന്ദര്യത്തെ ആത്മ സൗന്ദര്യത്തിന്റെ പ്രതിഫലനമായാണ് ഇമാം ഗസ്സാലി വിലയിരുത്തിയത്. ഇബ്‌നു അറബി വിന്റെയും, മൗലാനാ റൂമിയുടേയും ആത്മാവിഷ്‌കാരങ്ങള്‍ ഇസ്ലാമിക കലാ സാഹിത്യത്തെ സമ്പന്നമാക്കി. പ്രതിഭകള്‍ക്ക് ഹിദായത്തിന്റെ വെളിച്ചം ലഭിക്കുമ്പോള്‍ ആവിഷ്‌കാരത്തിന്റെ ദിശമാറുകയും, മാറ്റു കൂടുകയും ചെയ്യുന്നതിനു ഹസ്സാനു ബ്‌നു സാബിത്ത്‌വിനെ പോലുള്ള കവി ശ്രേഷ്ടരായ സ്വഹാബികളുടെ ജീവിതം മുതല്‍ മലയാളിയുടെ പ്രിയ കവയിത്രിയായ കമലാസുരയ്യയുടെ ജീവിതം വരെ സാക്ഷിയാണ്.

കേവല യുക്തിയുടെ തിമിരം ബാധിച്ച ആത്മീയതയുടെ അകകണ്ണ് അന്ധമായിപ്പോയ ഒരു ജനത ഇസ്ലാമിലെ കലയെ വളരെ വികലമായി ചിത്രീകരിച്ചു. അത് കൊണ്ടു തന്നെയാണ് ഇസ്ലാമികാവിഷ്‌കാരങ്ങളെ അതിന്റെ തനിമയിലൂടെ വീണ്ടെടുക്കാന്‍ ഉദ്ദേശിക്കാത്തവര്‍ക്ക് ഇബ്‌നു അറബിവിനെയും, ഇമാം ഗസ്സാലിവിനെയും, കഅ്ബുല്‍ അഹ്ബാര്‍വിനെയുമെല്ലാം മാറ്റി നിര്‍ത്തി ഏതാനും സിനിമാ സംവിധായകര്‍ക്കും, കഥാകൃത്തുകള്‍ക്കും മറ്റും കലാസാഹിത്യത്തിന്റെ കൈവശാവകാശം കൈമാറിയത്.

അസാധാരണമായ സാഹിത്യബോധമുള്ള കവിതകള്‍ നിറഞ്ഞുനിന്നിരുന്ന അറേബ്യ. അവിടെ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളില്‍നിന്നും അനാചാരങ്ങളില്‍നിന്നും ജനങ്ങളെ മുക്തരാക്കിയ വിമോചകന്‍ നബിക്ക് മാര്‍ഗദര്‍ശനമായി നല്‍കിയത് ലോക സാഹിത്യങ്ങളെ വെല്ലുവിളിക്കുന്ന ദൈവിക ഗ്രന്ഥം (ഖുര്‍ആന്‍).

അവിടെയും ഒടുവില്‍ സത്യം തന്നെ വിജയിച്ചു. ഒരു ജനതയെ മാറ്റത്തിന് വിധേയമാക്കാന്‍ പര്യാപ്തമാണ് കല. അത് സാംസ്‌കാരിക വിമലീകരണത്തിന് സാധ്യമാണ്. വിവേകം തുളുമ്പുന്ന കാവ്യങ്ങളുണ്ട്, മാസ്മരികത സൃഷ്ടിക്കുന്ന പ്രഭാഷകരുണ്ട്. ഖുര്‍ആന്‍ നിരുത്സാഹപ്പെടുത്തിയത് അധാര്‍മിക കലാസൃഷ്ടികളെയാണ്. കല ഒരിക്കലും ഉപദ്രവകാരിയാവുന്നില്ല. മറിച്ച്, അതിന്റെ ഉപയോഗമനുസരിച്ചാണ് ഉപദ്രവവും നിരുപദ്രവവുമാകുന്നത്.

ഗുലാം അലി

ഇസ്ലാം കലയെ പ്രോത്സാഹിപ്പിക്കുന്നതായും അതിന്റെ വളര്‍ച്ചക്ക് മുന്‍കൈയെടുക്കുന്നതായും നമുക്ക് കാണാം. ദൈവിക ഗ്രന്ഥത്തിന്റെ പാരായണം സംഗീതത്തിന്റെ പുതിയൊരു ശാഖക്ക് രൂപം നല്‍കി. സംഗീതോപകരണങ്ങളുടെ അകമ്പടികളില്ലാതെ ആ ഗദ്യത്തിന് നല്‍കുന്ന സ്വരമാധുര്യത്തെ മറികടക്കാന്‍ ഇതര ഭാഷകളിലെ താളാത്മകമായ കവിതക്ക് സാധിക്കാതെ വരുന്നു.

ഖുര്‍ആനികാക്ഷരങ്ങള്‍കൊണ്ട് അതിമനോഹരമായ ചിത്രങ്ങള്‍ നിര്‍മിച്ച് ലോക ചരിത്രകാരന്മാരുടെ ശ്രദ്ധയാകര്‍ഷിച്ച കലിഗ്രഫി കലയും വിശുദ്ധിയും ലയിക്കുന്ന ഇസ്ലാമിക സ്വത്വമുള്ള ചിത്രകലയാണ്. ഇസ്ലാമിന് സാര്‍വത്രിക സ്വഭാവമുള്ളതുകൊണ്ട് അറബികളല്ലാത്തവര്‍ക്കും ഖുര്‍ആന്‍ പഠിക്കേണ്ടി വരും. അതുകൊണ്ടാണ് ഖുര്‍ആന്‍ പരിഭാഷകളുടെ ഒരു ശാഖ തന്നെ ഉണ്ടായത്. പ്രവാചക കാലം മുതല്‍ക്കേ ഇത് തുടങ്ങി. പ്രവാചക ശിഷ്യനായ സല്‍മാനുല്‍ ഫാരിസി ഖര്‍ആന്റെ ഒരു ഭാഗം പാരിസിലേക്ക് വിവര്‍ത്തനം ചെയ്തിരുന്നു. ആ പ്രക്രിയ ഇന്നും തുടരുന്നു.

പള്ളികളുടെ നിര്‍മ്മാണമാകട്ടെ വാസ്തു ശില്‍പത്തിന്റെയും അലങ്കാരങ്ങളുടെയും വളര്‍ച്ചക്കും കാരണമായി. ഇതിന്റെയൊന്നും പരിധിയില്‍ വരാത്ത നിരവധി മേഖലകളുണ്ട്. കളിപ്പാവ നിര്‍മ്മാണം, ചിത്രവേലകള്‍ ഇവ രണ്ടും പ്രവാചകന്‍ വ്യക്തമായിത്തന്നെ അനുവദിച്ചിട്ടുള്ളതാണ്. ആള്‍രൂപത്തിന്റെ ചിത്രണത്തിലും മറ്റും ഏര്‍പ്പെടുത്തിയ നിയന്ത്രണം മുസ്ലിംകള്‍ക്കിടയില്‍ പൊതുവില്‍ കലയെ ഒരിക്കലും തളര്‍ത്തിയിരുന്നില്ലെന്നതിന് ചരിത്രം സാക്ഷിയാണ്.

ഈ നിയന്ത്രണത്തിന്റെ സാമൂഹിക വശം വ്യക്തിയോടോ മറ്റു ജന്തുജാലങ്ങളോടോ ഉള്ള അന്ധമായ സ്നേഹം അതിനെ പൂജിക്കലായി തരംതാഴുന്ന അവസ്ഥയിലേക്ക് മാറാതിരിക്കുക എന്നതാണ്. കലാകാരന്മാരെയും സഹൃദയരെയും സംസ്‌കരിക്കുകയും നന്മയിലേക്ക് പ്രചോദിപ്പിക്കുകയും ചെയ്യുന്ന കലകളെ ഇസ്ലാം അനുവദിക്കുകയും മറ്റുള്ളവ നിരോധിക്കുകയും ചെയ്യുന്നു.

ലക്ഷ്യബോധമില്ലാത്ത എഴുത്തുകാരന്‍ മൂല്യബോധമില്ലാത്ത രചന നടത്തുമെങ്കിലും അനീതിക്കെതിരെയുള്ള എല്ലാ കലാസൃഷ്ടിയും ഗുണം സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. “രക്തസാക്ഷിയുടെ രക്തത്തേക്കാള്‍ പരിശുദ്ധമാണ് പണ്ഡിതന്റെ തൂലികത്തുമ്പിലെ മഷി” എന്ന പ്രവാചക വചനം കലയുടെ പ്രാധാന്യത്തെ ധ്വനിപ്പിക്കുന്നുണ്ട്. ഇസ്ലാമിലെ ബാങ്ക് വിളി, ഖുര്‍ആന്‍ പാരായണം ഇതെല്ലാം ശാസ്ത്രീയ സംഗീതത്തേക്കാള്‍ മികച്ചു നില്‍ക്കുന്നതാണ്. അതിന്റെ ചുവടു പിടിച്ചാണ് ബൈത്ത്, മാല, മൗലിദ് പാരായണങ്ങളിലെ ഇമ്പമാര്‍ന്ന ഇശലുകള്‍ ഉണ്ടായത്. അതുപോലെ മാപ്പിളപ്പാട്ടുകളും. മാപ്പിളപ്പാട്ടുകള്‍ മുഹ്യിദ്ദീന്‍ മാലയില്‍ നിന്ന് ആരംഭിച്ചു എന്നാണ് പറയപ്പെടുന്നത്. ഇസ്ലാമില്‍ ധാരാളം പണ്ഡിതന്മാരായ കവികള്‍ ഉണ്ടായിരുന്നു. മുസ്ലിം ഗായകരും, അവരില്‍ തന്നെ ഗസല്‍, ഖയാല്‍, സൂഫി സംഗീതം എന്നിവയില്‍ മികച്ചു നിന്നവരും നിരവധി.

സംഗീതത്തിന്റെ ഉറവിടം എവിടെയാണ്?

പക്ഷികളുടെ ശബ്ദവും, അരുവിയുടെ കളകളാരവവും, കാറ്റിന്റെ മൂളലും, കടലിന്റെയും മഴയുടെയും ശബ്ദവുമൊക്കെയല്ലേ സംഗീതത്തിന്റെ ഉറവിടം? ആ ശബ്ദങ്ങള്‍ രാഗതാളാത്മകമായി ഒന്നിച്ച് ഒരു സ്ഥലത്ത് സൃഷ്ടിക്കാന്‍, ദൈവം മനുഷ്യനു കൊടുത്ത ബുദ്ധി ഉപയോഗിച്ച് അവന്‍ നിര്‍മ്മിച്ചവയാണ് സംഗീതോപകരണങ്ങള്‍. സഹജീവികള്‍ക്ക് ഗുണമല്ലാതെ ഒരുദോഷവും ചെയ്യാത്ത ഈ സംഗീതവും ഉപകരണങ്ങളും എങ്ങനെ “ഹറാമാ”കും?

വിനോദത്തിനു മാത്രമല്ല, ദൈവസ്തുതിയില്‍ ഏകാഗ്രത കൈവരിക്കുന്നതിനും ദൈവീകതയില്‍ താദാത്മ്യം പ്രാപിക്കുന്നതിനും സംഗീതം എന്ന മാധ്യമത്തിനുള്ള പ്രാധാന്യം മാനവ-സംസ്‌കാര-ഉല്പത്തിമുതല്‍ നിലനില്കുന്നുവെന്നു ചരിത്രം പറയുന്നു.

ഇസ്ലാം മതം പ്രകൃതിയിലും സയന്‍സിലും അധിഷ്ഠിതമായ മതമാണെന്നാണ് ഉത്‌ബോധിപ്പിക്കുന്നത്.

അലി അക്ബര്‍ ഖാന്‍

കല, പ്രത്യേകിച്ചു സംഗീതം മനുഷ്യന്റെ (മൃഗങ്ങളുടെപോലും) മാനസിക ശാരീരിക ആരോഗ്യത്തിന് അനുകൂലമായി എത്രമാത്രം സ്വാധീനിക്കുന്നുവെന്നു സയന്‍സ് തെളിയിച്ചിട്ടുണ്ട്. മനസ്സിന്റെ സമ്മര്‍ദ്ദം കുറയ്ക്കാനും ഊര്‍ജം വീണ്ടെടുക്കാനും സംഗീതത്തിനുള്ള കഴിവും തെളിയിക്കപ്പെട്ടതാണ്. ഏതു കഠിന ഹൃദയരേയും തരളിതരാക്കുവാന്‍ ശുദ്ധ സംഗീതത്തിനു കഴിയും. ആ സംഗീതം എങ്ങനെ “ഹറാമാ”കും?

ശുദ്ധ വായുവും ശുദ്ധ ജലവും പോലെതന്നെയാണ് ശുദ്ധ സംഗീതവും. ഇവയിലേതിലും മായം കലര്‍ന്നാല്‍ അവ വിഷതുല്യമാണ്, നിഷിദ്ധമാണ്, എന്നതില്‍ ഒരു സംശയവുമില്ല.സംഗീതം “ഹറാമാ”ണെന്നു പറയുന്നവര്‍ കേട്ട സംഗീതം മായം കലര്‍ന്നതായിരിക്കാം, റോക്ക് സംഗീതമായിരിക്കാം; സഭ്യമായിരിക്കില്ല. മാത്രവുമല്ലാ, ഒരുപക്ഷെ അവര്‍ ശുദ്ധ സംഗീതം കേട്ടിട്ടും ഉണ്ടായിരിക്കില്ല!

സഭ്യമല്ലാത്ത ഗാനങ്ങള്‍ ഇസ്ലാം മാത്രമല്ല, മറ്റേതൊരു മതവും, ഒരു സംസ്‌കാരവും, ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല.

മനഃശ്ശാസ്ത്രപരമായ സമീപനം:

ലോകമെമ്പാടുമുള്ള മറ്റു മതപണ്ഡിതര്‍ മനഃശ്ശാസ്ത്രപരമായി അവരുടെ അനുയായികളെ പ്രബോധനം നടത്തുമ്പോള്‍ പല മുസ്ലിം പണ്ഡിതര്‍ക്കും അങ്ങനെ ഒരു സമീപനമില്ലാ എന്ന വ്യസനകരമായ കാര്യവും ഇവിടെ സൂചിപ്പിച്ചുകൊള്ളട്ടെ!

സംഗീതാത്മകമായി ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് കേള്‍ക്കാന്‍ എന്തു രസമാണ്; അതു മനസ്സിലാകാത്ത ഭാഷയിലാണെന്ന ഒരു സങ്കടം മാത്രമേയുള്ളു. മനസ്സിലാകുന്ന ഭാഷയിലാണെങ്കില്‍ സംഗീതാത്മകമായ പാരായണം ശരിക്കും ഹൃദയത്തില്‍ തട്ടുമായിരുന്നു.

നാം ജീവിക്കുന്നത് ഹിന്ദു ക്രിസ്ത്യന്‍ മുസ്ലിം മതക്കാര്‍ ഇടകലര്‍ന്നു പാര്‍ക്കുന്ന സ്ഥലത്താണ്. ഹിന്ദു/ക്രിസ്ത്യന്‍ ആരാധനാലയങ്ങളില്‍ നിന്നൊഴുകി വരുന്ന പ്രാര്‍ത്ഥനാ ഗാനങ്ങള്‍ അതിന്റെ മാസ്മരിക സംഗീതത്തിലും അതിലുള്‍ക്കൊള്ളുന്ന മലയാള വാക്കുകളിലും കേള്‍ക്കുമ്പോള്‍ അതില്‍ അലിഞ്ഞു ചേരാത്ത ഒരു മനുഷ്യഹൃദയവും ഉണ്ടാവില്ല. അന്തരീക്ഷം താനേ ഭക്തിനിര്‍ഭരമാകും.

അതുപോലെയുള്ള കുറെ ഭക്തിഗാനങ്ങള്‍ തനതു ഭാഷയില്‍ മുസ്ലിം പള്ളികളില്‍ നിന്നു കേട്ടിരുന്നെങ്കില്‍ എന്നു ഞാന്‍ പലപ്പോഴും കൊതിച്ചുപോകാറുണ്ട്!

“ആയിരം കാതം അകലെയാണെങ്കിലും മായാതെ മക്കാ മനസ്സില്‍ നില്‍പ്പൂ……….” എന്നു തുടങ്ങുന്ന മുസ്‌ലിം ഭക്തിഗാനം കേട്ടാല്‍ അതിലലിഞ്ഞു ചേരാത്ത, ഭക്തി നിരതരാകാത്ത, മനുഷ്യരുണ്ടാകുമോ? മുസ്‌ലിങ്ങളുണ്ടാകുമോ?

ഖുര്‍ആന്‍ സൂക്തം 7:31-32 ല്‍ അല്ലാഹു പറഞ്ഞതിന്റെ ചുരുക്കം കൂടി കേള്‍ക്കുക :

“……… ആദം സന്തതികളേ, മതത്തിന്റെ പേരില്‍ ആചരിച്ചു വരുന്ന അപരിഷ്‌കൃത സമ്പ്രദായങ്ങളും മര്യാദയ്ക്കു വിരുദ്ധമായ നടപടികളും വെടിയുക……….. ഈ ലോകത്ത് നിങ്ങള്‍ക്കു വേണ്ടി ഞാന്‍ സൃഷ്ടിച്ച എല്ലാ ആഹാരങ്ങളും അലങ്കാരങ്ങളും ഐഹിക ജീവിതത്തില്‍ നിങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. മിതത്വം കൈവിടാതെ അതു നിങ്ങള്‍ ആസ്വദിച്ചുകൊള്ളുക..”

ഇതില്‍ കൂടുതല്‍ സ്പഷ്ടമായി എങ്ങനെയാണ് അല്ലാഹു മനുഷ്യനോടു പറയേണ്ടത്?

സിനിമ, സംഗീതം, ഇസ്ലാം.

സിനിമ എന്ന കലാരൂപം സാങ്കേതികവിദ്യയുടെ പുരോഗതിയുടെ ഫലമായി രൂപപ്പെട്ടതാണ്. അത് അനേകം കലകളുടെ മൂര്‍ത്തമായ സമന്വയവുമാണ്. സംഗീതം, അഭിനയം, നൃത്തം, ക്യാമറ, വസ്ത്രാലങ്കാരം…. തുടങ്ങി ലോകത്തുള്ള മിക്കവാറും എല്ലാ കലാരൂപങ്ങളും സിനിമയില്‍ സംഗമിക്കുന്നുണ്ട്.

സിനിമ എന്ന കല കഴിഞ്ഞ നൂറു കൊല്ലം കൊണ്ട് ലോകത്തിലെ ഏറ്റ്വും മഹത്തരമായ ഒരു കലാരൂപമായി മാറിക്കഴിഞ്ഞു. ലോകത്തിന്റെ പല ഭാഗത്തുമായി പല ഭാഷകളിലായി പുറത്തുവന്ന ആയിരക്കണക്കിന് സിനിമകള്‍ ലോകത്തിന്റെ രാഷ്ട്രീയത്തെയും, മനുഷ്യരുടേയും, ഇതര ജീവികളുടെയും ജീവിതത്തെയും, അതിജീവനത്തെയും, പ്രകൃതിയെയും, പരിസ്ഥിതിയെയും , ഭരണകൂടങ്ങളെയും പോലും നിര്‍ണ്ണായകമായി സ്വാധീനിക്കുന്നുണ്ട്.

ഇസ്‌ലാമില്‍ എവിടെയും സിനിമയെ നിരോധിച്ചിട്ടില്ല. അത്തരം ഖുര്‍ആന്‍ സൂക്തങ്ങളോ, ഹദീസുകളോ കാണുവാന്‍ കഴിയില്ല. ആ നിലയ്ക്ക് സിനിമ ഇസ്‌ലാമില്‍ ഹറാമല്ല. എന്നാല്‍ ഇസ്‌ലാമില്‍ ഹറാമാക്കപ്പെട്ട കാര്യങ്ങള്‍ സിനിമയ്ക്ക് പുറത്തും ഹറാം തന്നെയാണ്. അതായത് ചലച്ചിത്രങ്ങള്‍ അവ നിര്‍മ്മിക്കപ്പെടുന്ന സമൂഹങ്ങളുടെ സാംസ്‌ക്കാരിക പ്രതിഫലനമാണ്.

അതുപോലെ തന്നെ അവ തിരിച്ചും സമൂഹത്തില്‍ സ്വാധീനം ചെലുത്തുന്നു. ചലച്ചിത്രങ്ങളെ പ്രധാനപ്പെട്ട ഒരു കലാരൂപമായും ജനപ്രിയ വിനോദോപാധിയായും കണക്കാക്കപ്പെടുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും ആശയങ്ങളുടെയും ആദര്‍ശങ്ങളുടെയും വ്യാപനത്തിനും ഇവ ഉപയോഗിക്കുന്നു. ചലച്ചിത്രങ്ങളുടെ ദൃശ്യഭാഷ അവയ്ക്ക് ഒരു സാര്‍വ്വലോക വിനിമയശക്തി നല്‍കുന്നു. ചില ചലച്ചിത്രങ്ങള്‍ സംഭാഷണങ്ങള്‍ മറ്റ് ഭാഷകളിലേക്കു തര്‍ജ്ജമ ചെയ്തു അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തമായിട്ടുണ്ട്.

ചലച്ചിത്രങ്ങള്‍ക്ക് മുന്‍പും, അല്‍പ്പം കൂടി വ്യക്തമായി പറഞ്ഞാല്‍ ഇസ്ലാമിക പ്രത്യയശാസ്ത്രം രൂപപ്പെടുന്നതിന്, അല്ലെങ്കില്‍ പ്രവാചകന്‍ മുഹമ്മദ് നബി ജനിക്കുന്നതിനു മുന്‍പ് പോലും, സമാനമായ കലാരൂപങ്ങള്‍ ഉണ്ടായിരുന്നു. പ്രാചീന ഗ്രീസിലും, അറേബ്യന്‍സംസ്‌കാരങ്ങളില്‍ പോലും. ചലച്ചിത്രങ്ങള്‍ക്ക് ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പേ നിലവില്‍ ഉണ്ടായിരുന്ന നാടകങ്ങള്‍ക്കും നൃത്ത രൂപങ്ങള്‍ക്കും ചലച്ചിത്രങ്ങള്‍ക്ക് സമാനമായ കഥ, തിരക്കഥ, വസ്ത്രാലങ്കാരം, സംഗീതം, നിര്‍മ്മാണം, സംവിധാനം, അഭിനേതാക്കള്‍ , കാണികള്‍ തുടങ്ങിയവ നിലവില്‍ ഉണ്ടായിരുന്നു. ആയതിനാല്‍ തന്നെ ഇസ്‌ലാമിക പ്രത്യയശാസ്ത്രം വിവക്ഷിക്കുന്ന ഹറാം, ഹാലാല്‍ സങ്കല്‍പ്പങ്ങള്‍ക്ക് അപ്പുറത്ത് സിനിമയ്ക്ക് മാത്രമായി ഇസ്‌ലാമില്‍ യാതൊരു വിലക്കുകളുമില്ല എന്നതാണ് വസ്തുത.

ആധുനിക ഇസ്ലാമിക പണ്ഡിതന്‍മാരില്‍ സിനിമയെ സംബന്ധിച്ച അഭിപ്രായപ്രകടനത്തില്‍ ഇസ്ലാമിക ലോകത്തെ വേറിട്ട ശബ്ദമാണ് മുഹമ്മദുല്‍ ഗസ്സാലിയുടേത്. ഒരു പക്ഷേ ഈ രംഗത്ത് ഇത്തരമൊരു അഭിപ്രായം പ്രകടിപ്പിച്ച ആദ്യവ്യക്തി ഇദ്ദേഹമായിരിക്കും. യാഥാസ്ഥിതികരായ പണ്ഡിതന്‍മാരും സലഫിപണ്ഡിതന്‍മാരുമൊക്കെ തികച്ചും പ്രതിലോമകരമായ രീതിയില്‍ മാത്രം സിനിമ എന്ന മാധ്യമത്തെ കണ്ടപ്പോള്‍ അതിനെ തീര്‍ത്തും ധനാത്മകമായി സമീപിക്കുകയായിരുന്നു ശൈഖ് മുഹമ്മദുല്‍ ഗസ്സാലി.

“മിഅതു സുആലിന്‍ അനില്‍ ഇസ്ലാം” (ഇസ്‌ലാമിനെ കുറിച്ചുള്ള നൂറ് ചോദ്യങ്ങള്‍) എന്ന തന്റെ കൃതിയില്‍ സിനിമയെ കുറിച്ച് അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ അടിസ്ഥാനപരമായി അനുവദനീയമാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. സിനിമ എന്ന മാധ്യമത്തെ ഖണ്ഡിതമായി നിരാകരിക്കുന്ന പ്രമാണങ്ങള്‍ ഇല്ലെന്നതാണ് അതിന് കാരണം. എന്നാല്‍ സിനിമയും നാടകവും പോലുള്ള കലാസ്വാദന-പ്രക്ഷേപണരീതികള്‍ ഹറാമാണെന്ന് തീര്‍പ്പുകല്‍പിക്കാന്‍ പലരും വെമ്പല്‍ കൊള്ളുകയാണ്. ഇതു പ്രവാചകചര്യക്ക് നിരക്കുന്നതല്ല. രണ്ട് കാര്യങ്ങളില്‍ എളുപ്പമുള്ളതിനെയാണ് അവിടുന്ന് തെരഞ്ഞെടുത്തിരുന്നത്;അവ ചെയ്യുന്നതില്‍ കുറ്റമില്ലെങ്കില്‍. ഇനി അതില്‍ തിന്‍മയുണ്ടെങ്കില്‍ തിരുമേനിയായിരിക്കും ആദ്യം അതില്‍ നിന്ന് അകന്നുനില്‍ക്കുക.

ആധുനിക നാഗരികതയുടെ ആസ്വാദനമാധ്യമമാണ് സംഗീതം. സംഗീതം ഇസ്ലാമില്‍ ഹറാമാണെന്ന കാഴ്ചപ്പാട് മുഹമ്മദുല്‍ ഗസ്സാലിക്കില്ല. നല്ല അര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന, നിഷിദ്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്ന യാതൊന്നും ഇല്ലാത്ത സംഗീതം ഹലാലാണെന്നാണ് അദ്ദേഹത്തിന്റെ വീക്ഷണം.

അദ്ദേഹം പറയുന്നു. “വൃത്തികേടുകളും അശ്ലീലതയും പരത്തുന്ന ഗാനങ്ങളെയാണ് ഇസ്ലാം വിലക്കുന്നുള്ളൂ. പാട്ടിനെ നിരുപാധികം വിലക്കുന്നതായ ഒരു ഹദീസും വന്നിട്ടില്ല. തിരുമേനി തന്നെയും ഒരിക്കല്‍ അബൂമൂസല്‍ അശ്അരിയെ അദ്ദേഹത്തിന്റെ സംഗീത സാന്ദ്രമായ ഖുര്‍ആന്‍ പാരായണം കേട്ട് പ്രശംസിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ശ്രവണമധുരമായ ഖുര്‍ആന്‍ പാരായണം കേട്ടപ്പോഴാണ് തിരുമേനി അദ്ദേഹത്തിന്റെ സ്വരമാധുരിയെ പ്രശംസിച്ചത്.

“ദാവൂദ് നബിയുടെ കുടുംബത്തിനു കിട്ടിയതു പോലുള്ള സംഗീതോപകരണം നിനക്കും ലഭിച്ചിട്ടുണ്ടല്ലോ” എന്നായിരുന്നു തിരുമേനിയുടെ പ്രശംസ. ഹദീസില്‍ മിസ്മാര്‍ എന്ന പദത്തിനര്‍ത്ഥം കാറ്റു മൂലം പ്രവര്‍ത്തിക്കുന്ന ഇന്നത്തെ ബ്യൂഗിളിന്റേതു പോലുള്ള ഒരു സംഗീത ഉപകരണമെന്നാണ്. അബൂ മുസല്‍ അശ്അരിയുടെ ഒരു നന്‍മയെ എടുത്തുപറയുകയാണ് തിരുമേനി. ആ സംഗീത ഉപകരണം മോശമോ ഇസ്ലാം വിലക്കിയതോ ആയിരുന്നുവെങ്കില്‍ അബൂ മൂസല്‍ അശ്അരിയുടെ ശബ്ദത്തെ തിരുമേനി ഒരിക്കലും അതിനോടുപമിക്കുമായിരുന്നില്ല.

മാത്രമല്ല ആധുനിക ലോകത്തിന്റെ രാഷ്ട്രീയവും, സാമൂഹികവുമായ ജീവിതം സംവേദിക്കപ്പെടുന്ന ഒരു മാധ്യമം എന്ന നിലയില്‍ മുസ്‌ലീങ്ങള്‍ക്ക് മാത്രമായി സിനിമയെ മാറ്റി നിര്‍ത്തുവാന്‍ സാധിക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഈ അവസരത്തില്‍ യുക്തിവാദിയായിരുന്ന വയലാര്‍ രാമവര്‍മ്മയായിരുന്നു മലയാളത്തിലെ ഏറ്റവും മികച്ച ഭക്തിഗാനങ്ങള്‍ എഴുതിയിരുന്നതെന്നും, ഹമാസ് പോലുള്ള ചെറുത്തുനില്‍പ് പ്രസ്ഥാനങ്ങള്‍ ഇസ്ലാമിക മര്യാദകള്‍ പാലിച്ചുകൊണ്ട് സംഗീതത്തെ തങ്ങളുടെ ചെറുത്തുനില്‍പ്പിന്റെ മികച്ച ആയുധമാക്കി മാറ്റാമെന്ന് കാണിച്ചു തരുന്നുണ്ടെന്നും വിസ്മരിച്ചുകൂടാ.

കൂട്ടത്തില്‍ “മുസ്‌ലീങ്ങള്‍ക്കെന്തു സംഗീതം” എന്ന സംഘപരിവാര്‍ ചോദ്യങ്ങളെ നേരിടുമ്പോള്‍ പ്രിയ ഫേസ്ബുക്ക് സുഹൃത്ത് ശ്രീചിത്തിരന്‍ കുറിച്ചത് പോലെ ” അക്ബര്‍ ചക്രവര്‍ത്തിയും താന്‍സെനും മുതല്‍ അമീര്‍ ഖുസ്രുവും ഫയസും അടങ്ങുന്ന പാട്ടെഴുത്തിന്റെയും ആലാപനത്തിന്റെയും ദീര്‍ഘദീര്‍ഘ പാരമ്പര്യവും മെഹ്ദി ഹസനും അക്തരീ സാഹിബയും ഗുലാം അലിയും ഫത്തേ അലി ഖാനും അലി അക്ബര്‍ ഖാനും തുടങ്ങി ഒറ്റയടിക്ക് പട്ടികപ്പെടുത്താവുന്ന നൂറുകണക്കിന് ഗായകരും അനേകമനേകം ഖരാനകളിലൂടെ വികസിച്ചു വന്ന പേര്‍ഷ്യയിലും അഫ്ഗാനിലും നിന്ന് പാക്കിസ്ഥാനിലും ബംഗ്ലാദേശിലും ഇന്ത്യയിലും പടര്‍ന്ന വിശാല സംഗീതധാരയും സൂഫിപാരമ്പര്യത്തിന്റെ വിപുല പ്രപഞ്ചവും തലത് മഹ്മൂദും മുഹമ്മദ് റാഫിയും മുതല്‍ കോഴിക്കോട് അബ്ദുള്‍ ഖാദര്‍ വരെയടങ്ങുന്ന ചലച്ചിത്രസംഗീത ലോകവും കലാമണ്ഡലം ഹൈദരാലി മുതല്‍ എ ആര്‍ റഹ്മാനടക്കമുള്ള എത്രയോ പ്രതിഭകളും” കൂടി വിശ്വാസം കൊണ്ടോ, ജന്മംകൊണ്ടോ മുസ്‌ലീങ്ങള്‍ ആയിരുന്നുവെന്നും വിസ്മരിക്കരുത്; യാഥാസ്ഥിക മുസ്‌ലീം പൗരോഹിത്യ വിഡ്ഢികളും, കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്ന ഹൈന്ദവ ഫാഷിസ്റ്റുകളും..