അതെന്താടാ, ഇങ്ങനെ പാടിയാല്‍ കായല്‍ത്തിര ഇളകത്തില്ലേ എന്ന് ദാസേട്ടന്‍; പക്ഷെ ഞാന്‍ പറഞ്ഞ പോലെ ഇളകിയാല്‍ മതിയെന്ന് ഞാനും; വഴക്കിനെക്കുറിച്ച് ശരത്
Entertainment news
അതെന്താടാ, ഇങ്ങനെ പാടിയാല്‍ കായല്‍ത്തിര ഇളകത്തില്ലേ എന്ന് ദാസേട്ടന്‍; പക്ഷെ ഞാന്‍ പറഞ്ഞ പോലെ ഇളകിയാല്‍ മതിയെന്ന് ഞാനും; വഴക്കിനെക്കുറിച്ച് ശരത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 10th April 2022, 9:31 am

മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകരിലൊരാളാണ് ശരത്. ക്ലാസിക്കല്‍ സെമി ക്ലാസിക്കല്‍ ടച്ചുകളുള്ള പാട്ടുകളാണ് ശരത്തിന്റേതായി കൂടുതല്‍ മലയാള സിനിമയില്‍ വിജയങ്ങളായിട്ടുള്ളത്.

ശരത് സംവിധാനം ചെയ്തിട്ടുള്ള ഒരുപാട് ഗാനങ്ങള്‍ യേശുദാസ് പാടിയിട്ടുള്ളതാണ്.

യേശുദാസ് പലപ്പോഴും പാടുമ്പോള്‍ സംഗീത സംവിധായകരോട് സജഷന്‍സ് പറയാറുണ്ടെന്നും സംഗീത സംവിധായകര്‍ ജൂനിയറാണെങ്കില്‍ ഒരുപാട് ഇടപെടലുകള്‍ വരാറുണ്ടെന്നും കേട്ടിട്ടുണ്ടല്ലോ, അത്തരത്തിലുള്ള പ്രശ്‌നം നേരിടേണ്ടി വന്നിട്ടുണ്ടോ, എന്നായിരുന്നു അവതാരകന്റെ ചോദ്യം.

ഒരുപാട് അനുഭവങ്ങള്‍ അത്തരത്തിലുണ്ടായിട്ടുണ്ട് എന്നായിരുന്നു ഇതിന് ശരത്തിന്റെ മറുപടി. സിന്ദൂരരേഖ എന്ന സിനിമയിലെ രാവില്‍ വീണാനാദം എന്ന പാട്ട് യേശുദാസ് പാടുമ്പോഴുണ്ടായ ഒരു അനുഭവവും ശരത് ഇതിനൊപ്പം പങ്കുവെച്ചു.

” ഇഷ്ടംപോലെ അനുഭവങ്ങളുണ്ട്. ഒന്നും രണ്ടുമൊന്നുമല്ല. ഞാനാണെങ്കില്‍ ഇച്ചിരി മസില് പിടിച്ച് നില്‍ക്കുന്ന ആളാണ്. ദാസേട്ടനുമായി ഗുസ്തി പിടിച്ചാലും കുഴപ്പമില്ല, എനിക്ക് ഇത് വേണം എന്ന് പറഞ്ഞിട്ടുണ്ട്. ഭീകര വഴക്കൊക്കെ ഉണ്ടായിട്ടുണ്ട്.

പറ്റില്ല ദാസേട്ടാ, എനിക്ക് ഇത് വന്നേ പറ്റൂ, എന്ന് പറഞ്ഞിട്ടുണ്ട്. അടികൂടിയിട്ടുണ്ട്, ക്ഷണക്കത്ത് സിനിമ മുതല്‍.

ഞാന്‍ പറയും, ദാസേട്ടാ അവിടെ ഇരുന്ന് എന്റെ അച്ഛനും അമ്മക്കും വിളിക്കരുത്, അവര് തുമ്മി മരിക്കും, എന്ന്. എന്നിട്ട് ദാസേട്ടന്‍ ചിരിക്കുകയും ചെയ്യും.

ഒരു ഉദാഹരണത്തിന്, ‘സിന്ദൂരരേഖ’ സിനിമയിലെ പാടാന്‍ വന്നത് രാത്രി 12 മണിക്കായിരുന്നു. എന്നോട്, മോനേ യേശുദാസ് 12 മണിക്കൊന്നും ഈ അടുത്ത കാലത്ത് എങ്ങും പാടാന്‍ പോയിട്ടില്ല. നിനക്ക് വേണ്ടിയാണ് വന്നത്, എന്ന് എന്നോട് പറഞ്ഞിട്ടുമുണ്ട്.

രാവില്‍ വീണാനാദം എന്ന പാട്ട് പാടുമ്പോള്‍ ‘ആവണി മാസമായ് കായല്‍ത്തിരകളിളകിയാര്‍ത്തുപോയ്’ എന്ന വരി തള്ളിത്തള്ളി പാടേണ്ടതുണ്ട്. ദാസേട്ടന്‍ അത് ‘കായല്‍ത്തിരകള്‍ ഇളകിയാര്‍ത്തുപോയ്’ എന്ന് പാടി.

ഞാന്‍ പറഞ്ഞു, ദാസേട്ടാ അങ്ങനെയല്ല. അതെന്താടാ, ഇങ്ങനെ പാടിയാല്‍ കായല്‍ത്തിര ഇളകത്തില്ലേ, എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു, ഇങ്ങനെയും ഇളകുമായിരിക്കും പക്ഷെ എനിക്ക് ഞാന്‍ പറഞ്ഞത് പോലെ അങ്ങനെ ഇളകിയാല്‍ മതി എന്ന് (ചിരി).

അപ്പൊ ദാസേട്ടന്‍ ചിരിച്ച്, അച്ഛന് വിളിക്കാന്‍ മറന്നുപോയി ദാസേട്ടന്‍. എന്നിട്ട് അത് പാടിത്തന്നു.

ഇതുപോലുള്ള ഒരുപാട് അനുഭവങ്ങളുണ്ട്. ഇതിപ്പൊ നല്ല അനുഭവമാണ്. സീരിയസായ വേറെയുണ്ട്. ക്ഷണക്കത്ത് സിനിമയുടെ സമയത്ത് വഴക്കുണ്ടാക്കി ഇറങ്ങിപ്പോയിട്ടൊക്കെയുണ്ട്.

ഞാന്‍ അങ്ങനെ ആരെയും വേദനിപ്പിക്കുന്ന രീതിയില്‍ സംസാരിക്കുന്ന ആളല്ല. കുറച്ച് സമയം കൊണ്ട്, പെട്ടെന്ന് പാട്ടുകാരെക്കൊണ്ട് പാടിക്കുന്ന ആളാണ് ഞാന്‍. ചിത്രച്ചേച്ചിയുടെ അടുത്ത് ചോദിച്ചാല്‍ മതി.

ഒരു മൂന്ന് മിനിട്ട് പാട്ട് ആണെങ്കിലും ഒരു മിനിട്ട് കൊണ്ട് ചേച്ചിയെ പാടിച്ച് വിടുന്ന ആളാണ് ഞാന്‍. ദാസേട്ടന് പിന്നെ ചുമ്മാ ഞാനുമായി അടി കൂടുന്നത് ഒരു സന്തോഷം,” ശരത് പറഞ്ഞു.

സിബി മലയില്‍ സംവിധാനം ചെയ്ത സിന്ദൂരരേഖ 1995ലായിരുന്നു റിലീസ് ചെയ്തത്. സുരേഷ് ഗോപി, ശോഭന, ദിലീപ് എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളായെത്തിയത്.

Content Highlight: Music director Sharreth shares an experience of argument with KJ Yesudas