| Tuesday, 14th September 2021, 4:19 pm

ആ പാട്ടിന്റെ കമ്പോസിങ് തുടങ്ങുന്ന ദിവസമാണ് ഒമ്പതാം ക്ലാസുമുതല്‍ ഞാന്‍ പ്രണയിച്ചവള്‍ മറ്റൊരാളെ വിവാഹം ചെയ്‌തെന്ന് അറിഞ്ഞത്; ശരത് പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ പ്രിയപ്പെട്ട സംഗീതസംവിധായകനാണ് ശരത്. ഒട്ടനവധി ജനപ്രിയ ഗാനങ്ങള്‍ക്ക് സംഗീത നല്‍കിയ ശരത്തിന്റെ ആദ്യ സിനിമ ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത ക്ഷണക്കത്തായിരുന്നു.

എന്നാല്‍ ആദ്യ സിനിമയ്ക്ക് ശേഷം വലിയ അവസരങ്ങളൊന്നും ശരത്തിനെ തേടിയെത്തിയിരുന്നില്ല. രണ്ട് വര്‍ഷത്തിനിപ്പുറം ടി.കെ രാജീവ് കുമാര്‍ തന്നെ സംവിധാനം ചെയ്ത ‘ഒറ്റയാള്‍ പട്ടാളം’ എന്ന ചിത്രത്തിലെ ഹിറ്റ് ഗാനങ്ങളിലൂടെയാണ് മലയാള സിനിമാ സംഗീതരംഗത്ത് ശരത് ചുവടുറപ്പിക്കുന്നത്.

ഒറ്റയാള്‍ പട്ടാളം എന്ന ചിത്രത്തിലെ ഗാനങ്ങള്‍ പിറന്നതിനെ കുറിച്ചും അന്ന് താന്‍ അനുഭവിച്ച ചില വിഷമങ്ങളെ കുറിച്ചും പറയുകയാണ് ശരത്. ഒമ്പതാം ക്ലാസുമുതല്‍ താന്‍ ആത്മാര്‍ത്ഥണായി പ്രണയിച്ച പെണ്‍കുട്ടി മറ്റൊരാളെ വിവാഹം ചെയ്‌തെന്ന് അറിഞ്ഞ ദിവസമായിരുന്നു പാട്ടിന്റെ കമ്പോസിങ് തീരുമാനിച്ചതെന്നും ആ ഒരു മാനസികാവസ്ഥയില്‍ പിറന്നതാണ് ‘മായാമഞ്ചലില്‍ ഇതുവഴിയെ പോകും തിങ്കളേ’ എന്ന ഗാനമെന്നും ശരത് പറയുന്നു. ഫ്‌ളവേഴ്‌സ് ചാനല്‍ അവതരിപ്പിച്ച ശരത് സന്ധ്യ എന്ന പരിപാടിയിലായിരുന്നു തന്റെ അന്നത്തെ ഓര്‍മ്മകള്‍ ശരത് പങ്കുവെച്ചത്.

”സിനിമയിലേക്കുള്ള എന്റെ ക്ഷണക്കത്തായിരുന്നു ക്ഷണക്കത്ത് എന്ന സിനിമ. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ക്ഷണക്കത്ത് കൊടുത്തിട്ട് കല്യാണം നടക്കാതായിപ്പോയ ഒരു അവസ്ഥയായിരുന്നു. കാരണം പിന്നീട് എന്നെ തേടി പടങ്ങളൊന്നും വന്നില്ല. ഒന്ന് രണ്ട് വര്‍ഷം കഴിഞ്ഞിട്ടാണ് ഒരു പടം വന്നത്. അതും രാജീവേട്ടന്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു. ഒറ്റയാള്‍ പട്ടാളം.

ആ സമയത്ത് തന്നെ ഒരു സംഭവവുമുണ്ടായി. ഞാന്‍ ഒമ്പതാം ക്ലാസ് മുതല്‍ ഒരു കുട്ടിയെ ആത്മാര്‍ത്ഥമായി പ്രണയിക്കുന്നുണ്ടായിരുന്നു. അഞ്ചാറ് കൊല്ലം ഞാന്‍ പ്രണയിച്ചു. എന്റെ ആദ്യപ്രണയം എന്ന് വേണമെങ്കില്‍ പറയാം. കമ്പോസിങ് തുടങ്ങുന്ന ആ ദിവസമാണ് ഞാന്‍ അറിയുന്നത് അവള്‍ വേറെ കല്യാണം കഴിച്ചുപോയെന്ന്.

അങ്ങനെ ഞങ്ങള്‍ രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും രക്ഷപ്പെട്ടതിന്റെ സന്തോഷവും (ചിരി) പിന്നെ ഇത്രയും നാള്‍ പ്രണയിച്ചു നടന്നു എന്നതിന്റെ വിഷമവും എന്റെ മനസില്‍ കാര്യമായിട്ട് ഉണ്ടായിരുന്നു. ഈയൊരു അവസ്ഥയില്‍ എനിക്കിപ്പോള്‍ പാട്ട് ചെയ്യാന്‍ പറ്റില്ലെന്ന് ഞാന്‍ രാജീവേട്ടനോട് പറഞ്ഞു.

അങ്ങനെ അദ്ദേഹം രണ്ട് ദിവസം എന്നെ ഫ്രീയായിട്ട് വിട്ട ശേഷമാണ് കമ്പോസിങ് തുടങ്ങുന്നത്. അങ്ങനെ എനിക്ക് ഈ കുട്ടിയുടെ അടുത്തുള്ള ദേഷ്യം മുഴുവന്‍ ഈ മ്യൂസിക്കിലേക്ക് കൊണ്ടുവന്നതാണ് ‘മായാമഞ്ചലില്‍ ഇതുവഴിയെ പോകും തിങ്കളേ’ എന്ന ഗാനം,” ശരത് പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Music Director Sharreth Share story behind the song of mayamanjalil

We use cookies to give you the best possible experience. Learn more