| Friday, 8th April 2022, 9:32 am

അങ്ങനെ ചോദിക്കുന്നത് എന്റെ മാനേജര്‍മാര്‍ക്ക് ഇഷ്ടമല്ല, എന്തിനാ സാറിനെ അങ്ങനെ വിളിക്കുന്നതെന്ന് ചോദിച്ച് പെട്രോള്‍ പമ്പിലൊക്കെ വഴക്കുണ്ടാക്കിയിട്ടുണ്ട്: ശരത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ മികച്ച സംഗീത സംവിധായകരിലൊരാളാണ് ശരത്. തന്റെ ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയതിനൊപ്പം തന്നെ സംഗീത റിയാലിറ്റി ഷോകളിലൂടെ ജഡ്ജായി വന്നും ശരത് ജനപ്രീതി നേടിയിട്ടുണ്ട്.

ഇദ്ദേഹത്തിന്റെ റിയാലിറ്റി ഷോകളിലെ ജഡ്ജ്‌മെന്റും മറ്റ് കമന്റുകളും ട്രോളുകളായും മീമുകളായും പ്രത്യക്ഷപ്പെടാറുണ്ട്.

അതിലൊന്നാണ് ‘സംഗതി’ കമന്റ്. ‘പാട്ടില്‍ സംഗതി പോരാ’ എന്ന ട്രോളുകളിലൂടെയാണ് ഇത് അധികവും വരാറുള്ളത്.

തന്റെ പേരിനൊപ്പം വാര്‍ത്തകളില്‍ വരാറുള്ള ഈ ‘സംഗതി’യെക്കുറിച്ച് മനസുതുറക്കുകയാണ് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ശരത്.

ടെലിവിഷന്‍ പ്രേക്ഷകരോട് ‘സംഗതി’ എന്ന് പറയുകയാണെങ്കില്‍ ആദ്യം ഓര്‍മ വരുന്ന പേര് സംഗീത സംവിധായകന്‍ ശരതിന്റെ പേരാണല്ലോ അതെങ്ങനെയാണ് സംഭവിച്ചത് എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

”അതാണ് ഞാനും ആലോചിക്കുന്നത്. ഈ സംഗതി എന്നുള്ള കാര്യം പണ്ട് ജാംബവാന്റെ കാലത്ത് മുതല്‍ പറയുന്നതാണ്. ഇതെങ്ങനെ എന്റെ തലയില്‍ വന്ന് വീണു എന്നറിഞ്ഞൂടാ.

സംഗതി, എന്ന് പറയുന്നതിന്റെ ടോണിലും അതിന്റെ അര്‍ത്ഥം മാറ്റാം. ‘സംഗതിയൊക്കെ എങ്ങനുണ്ട്’ എന്ന് ചോദിച്ചാല്‍ അതിന് വേറെ അര്‍ത്ഥവും വരാം. ഈ സംഗതിയൊന്നുമല്ല. അത് മഹാ വൃത്തികേടാണ്.

പലരും എന്നെ ഇപ്പോഴും കാണുമ്പോഴും ‘സംഗതി സാര്‍ അല്ലേ’ എന്ന് ചോദിക്കും. എന്റെ മാനേജര്‍മാര്‍ക്ക് അത് ഇഷ്ടമല്ല. എനിക്ക് അവര്‍ എന്ത് ചോദിച്ചാലും പ്രശ്‌നമില്ല. അവര്‍ക്ക് അങ്ങനെയാണ് റിലേറ്റ് ചെയ്യാന്‍ തോന്നുന്നത് എങ്കില്‍ അങ്ങനെ ചെയ്‌തോട്ടെ.

മാനേജര്‍മാര്, അതെന്തിനാ സാറിനെ അങ്ങനെ വിളിക്കുന്നത് എന്ന് ചോദിച്ച് പെട്രോള്‍ പമ്പിലൊക്കെ വഴക്കുണ്ടാക്കിയിട്ടുണ്ട്.

മറ്റുള്ളവര്‍ പറയുന്നതില്‍ നിന്നും എന്തെങ്കിലും വ്യാത്യാസം ഞാന്‍ പറയുന്നതില്‍ ഉണ്ടോ, എന്തുകൊണ്ടാണ് ഇങ്ങനെ ‘സംഗതി’ എന്ന് വിളിക്കുന്നത് എന്ന് ഇപ്പോഴും മനസിലായിട്ടില്ല, ഞാന്‍ റിസര്‍ച്ച് നടത്തിക്കൊണ്ടിരിക്കുകയാണ് (ചിരി),” ശരത് പറഞ്ഞു.

Content Highlight: Music director Sharreth on calling him ‘Sangathi’

We use cookies to give you the best possible experience. Learn more