| Thursday, 7th April 2022, 3:22 pm

സോപ്പും കൂടി ചേര്‍ത്ത പാട്ടാണ് ഇത്; പാടെടാ, എന്ന് പറഞ്ഞാല്‍ ബിന്‍ ലാദന്‍ പോലും പാടും; തന്റെ ഗാനത്തെക്കുറിച്ച് സംഗീത സംവിധായകന്‍ ശരത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് ശരത്. ശ്രീരാഗമോ തേടുന്നു നീ… പോലുള്ള നിരവധി ഗാനങ്ങളിലൂടെ അദ്ദേഹം മലയാള സംഗീതാസ്വാദകരുടെ മനസില്‍ ഇടംപിടിച്ചിട്ടുണ്ട്.

2008ല്‍ രഞ്ജിത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ തിരക്കഥ എന്ന സിനിമയിലെ ‘പാലപ്പൂവിതളില്‍’ എന്ന ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത് ശരതായിരുന്നു.

ക്ലാസിക്കല്‍ ടച്ചുള്ള പാട്ടുകള്‍ ഒക്കെ ചെയ്ത ശേഷം ഇത്തരത്തില്‍ ലൈറ്റ് ആയ ഒരു സോങ് ചെയ്തതിന്റെ അനുഭവം പറയുകയാണ് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ശരത്.

‘പാലപ്പൂവിതളില്‍’ എന്ന ഗാനം ആര്‍ക്കും ഈസിയായി പാടാവുന്ന പാട്ടാണെന്നും ഒരു കോംപ്ലിക്കേഷനും അതിലില്ല എന്നുമാണ് ശരത് പറയുന്നത്.

”ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഒരു പാട്ടാണത്. ഈസിയായ ഒരു പാട്ട്. സോപ്പും കൂടി ചേര്‍ത്തുള്ള ഒരു പാട്ടാണത്, ഈസിയായി ബാത്ത്‌റൂമില്‍ കേറിയങ്ങ് പാടാം (ചിരി).

ആ ഒരു സിറ്റുവേഷന്‍ ഡിമാന്‍ഡ് ചെയ്യുന്നത് അങ്ങനെ ഒരു പാട്ടാണ്. പഴയ സെറ്റപ്പിലുള്ള പാട്ടാണ്. കേട്ടാല്‍ തന്നെ മനസിലാകും.

ആര്‍ക്കും ഈസിയായിട്ട് പാടാം. അതിനകത്ത് യാതൊരു വിധ കണ്‍ഫ്യൂഷനുമില്ല. സിംപിള്‍. ആര്‍ക്കും പാടാം. പാടെടാ, എന്ന് പറഞ്ഞാല്‍ ബിന്‍ ലാദന്‍ പോലും പാടും,” ശരത് പറഞ്ഞു.

പ്രിയാമണിയും അനൂപ് മേനോനുമായിരുന്നു ‘പാലപ്പൂവിതളില്‍’ എന്ന ഈ പാട്ടില്‍ അഭിനയിച്ചത്. പൃഥ്വിരാജ്, സംവൃത സുനില്‍, നന്ദു എന്നിവരായിരുന്നു തിരക്കഥ എന്ന സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: Music director Sharreth about the song in Thirakkatha movie Palappoovithalil

We use cookies to give you the best possible experience. Learn more